
കാട്ടാക്കട: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. കാട്ടാക്കട മുതൽ നെയ്യാർഡാം വരെ കുണ്ടും കുഴിയും പൊടിയും നിറഞ്ഞ് യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിക്കുകയാണ് ഈ റോഡ്. കാലങ്ങൾ കഴിയുംതോറും റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രശ്നം ഉണ്ടാക്കുമ്പോൾ തട്ടിക്കൂട്ട് പണി നടത്തി നാട്ടുകാരുടെ കണ്ണിൽ പൊടിയിടും. അടുത്ത മഴയോടുകൂടി റോഡ് വീണ്ടും പഴയപടിയാകും. സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം വരുമെന്ന് മാത്രം. റോഡിന്റെ അറ്റകുറ്റപ്പണി എന്ന പേരിൽ കുഴികലിൽ പാറപ്പൊടിയും മെറ്റലും വിതറി അശാസ്ത്രിയമായ രീതിയിൽ കുഴിയടയ്ക്കൽ പണി നടത്തും. ഈ പാറയിൽ തട്ടി തെന്നി വീഴുന്ന യാത്രക്കാരുടെ എണ്ണത്തിൽ കുറവല്ല. കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നതിൽ ഏറെയും. ചൂണ്ടുപലക, മൈലോട്ടുമൂഴി മുതൽ പാട്ടകുളം, അരുവിക്കുഴി വരെ റോഡിന്റെ ശോചനീയാവസ്ഥ കാരണം വർഷങ്ങളായി നാട്ടുകാർ യാത്രാദുരിതം നേരിടു
കയാണ്.
കൊടും വളവുകളിൽ ചിന്നിചിതറിക്കിടക്കുന്ന മെറ്റലിലും പൊടിയിലും തെന്നിവീണ് ഇവിടെ അപകടങ്ങൾ പതിവാണ്. വലിയവാഹനങ്ങൾ പോകുമ്പോൾ ഈ പാറകൾ വഴിയാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ച് വീണ് അപകടം പറ്റുന്നതും പതിവാണ്. ഇവിടെ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ റോഡിന്റെ അവസ്ഥ അറിയാതെ അപകടത്തിൽ പെടുന്നവരും ഉണ്ട്. ഇതിൽ വിനോദ സഞ്ചാരികളും ഉൾപ്പെടും. അപകടത്തിൽപ്പെടുന്നവരെ ശുശ്രൂഷിക്കുക എന്നത് പ്രദേശവാസികലുടെ നിത്യ സേവനമായി മാറിയിട്ടുണ്ട്.
വർഷങ്ങൾക്ക് മുൻപ് കാട്ടാക്കട നെയ്യാർഡാം റോഡ് ആധുനിക നിലവാരത്തിൽ പണിതതാണ്. എന്നാൽ റോഡ്പണിക്ക് പിന്നാലെ കാളിപാറ കുടിവെള്ള പദ്ധതി പ്രകാരം നെയ്യാറ്റിൻകരയിലേക്ക് ശുദ്ധജലമെത്തിക്കാൻ റോഡിന്റെ മധ്യഭാഗത്തുകൂടി വലിയ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെ ഈ റോഡിന്റെ ശനിദശയും തുടങ്ങി. ആധുനിക നിലവാരത്തിൽ പണിത റോഡ് കുഴിച്ച് വലിയ പൈപ്പുകൾ സ്ഥാപിച്ച ശേഷം കുഴിയടയ്ക്കുകയോ ടാറിംഗ് നടത്തുകയോ ചെയ്യാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമായത്. വാട്ടർ അതോറിട്ടി ടാറിംഗിന് പണം കെട്ടി വച്ച ശേഷമാണ് പൈപ്പ്ലൈൻ സ്ഥാപിച്ചത്. എന്നാൽ റോഡിന്റെ പുനർ നിർമ്മാണത്തിന് പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ കാണിച്ച അനാസ്ഥയാണ് റോഡിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കിയത്.