തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പരിപാലന രംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടരുന്നതിനിടെ ആരോഗ്യ ഡയറക്ടറേറ്റ് കോടികൾ ചെലവിട്ടുവാങ്ങിയ അരഡസനോളം ആംബുലൻസുകൾ ഉപയോഗിക്കാതെ തുരുമ്പെടുത്തു നശിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ പോലും പൂർത്തിയാക്കാതെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പിലിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മീതെ മരച്ചില്ലകൾ ഒടിഞ്ഞുവീണിട്ടും ആരും തിരിഞ്ഞു നോക്കാനില്ല. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന 15 മുതൽ 20 ലക്ഷം രൂപ വരെ മുതൽമുടക്കി വാങ്ങിയ വാഹനങ്ങൾക്കാണ് ഈ ദുർഗതി. ഇതിൽ കെ എൽ 01 സി കെ 2608 രജിസ്‌ട്രേഷനുള്ള ഒരു വാഹനം മാത്രമാണ് രജിസ്റ്റർ ചെയ്തത്. മറ്റുളളവയുടെ താത്കാലിക രജിസ്ട്രേഷനും പുതുക്കിയിട്ടില്ല.
സംസ്ഥാനത്തെ വിവിധ പ്രാഥമിക, കമ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങൾക്കായി ആർദ്രം പദ്ധതി പ്രകാരം വാങ്ങിയതാണ് 15 പേർക്ക് വീതം ഇരിക്കാവുന്ന ആംബുലൻസുകൾ. മെഡിക്കൽ ക്യാമ്പുകളിൽ ആരോഗ്യവകുപ്പ് ജീവനക്കാരെ കൊണ്ട് പോകാനുദ്ദേശിച്ച് വാങ്ങിയ മറ്ര് ആംബുലൻസുകൾ മാസങ്ങൾക്ക് മുമ്പേ വിവിധ സെന്ററുകളിലേക്ക് കൊണ്ടുപോയി. ഷോറൂമിൽ നിന്നും നേരെ ആശുപത്രി വളപ്പിലെത്തിച്ച വാഹനങ്ങളുടെ പുത്തൻ ടയറുകൾ വരെ നശിച്ചു. ബാറ്ററികളും ഉപയോഗ ശൂന്യമായി. ഇലകളും ചില്ലകളും വീണ് നിറം മങ്ങിയ വാഹനങ്ങൾ ഉപയോഗിക്കാനാകാത്ത വിധത്തിലായിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ കനിവ് 108 ആംബുലൻസ് സർവീസിന് മതിയായ വാഹനങ്ങൾ ഇല്ലാതിരിക്കെയാണ് അധികൃതരുടെ അനാസ്ഥമൂലം പുതുപുത്തൻ ആംബുലൻസുകൾ നശിക്കുന്നത്. ഇതിനു മുമ്പും ഇതേ ആശുപത്രി വളപ്പിൽ നിരവധി 108 ആംബുലൻസുകൾ ഇത്തരത്തിൽ കൊണ്ടിട്ടിരുന്നു. രാഷ്ട്രീയ കക്ഷികളും നാട്ടുകാരും പ്രതിഷേധിച്ച ശേഷമാണ് വാഹനങ്ങൾ ഇവിടെ നിന്നും മാറ്റാൻ ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറായത്. കോടികൾ ചെലവിട്ട വാഹനങ്ങൾ ഉപയോഗിക്കാതെ ഒളിച്ചിട്ടിരിക്കുന്നതിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്നും ആരോപണമുയർന്നു കഴിഞ്ഞു.
''
മെഡിക്കൽ സർവീസസ് കോർപറേഷൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ ഇവിടെ സൂക്ഷിക്കാൻ അനുമതി നൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ഇവ തിരികെ കൊണ്ട് പോകാത്തത് എന്തുകൊണ്ടാണെന്നറിയില്ല.
ഡോ .വനജ, സൂപ്രണ്ട്,
നെഞ്ചുരോഗ ആശുപത്രി,
പുലയനാർകോട്ട
ഈ വാർത്തയുടെ വിശദാംശങ്ങൾ ഇന്ന് രാത്രി 9 മണിക്ക് കൗമുദി ടി.വി സംപ്രേക്ഷണം ചെയ്യുന്ന നേർക്കണ്ണ് വാർത്താധിഷ്ഠിത പരിപാടിയിൽ കാണാം.