തിരുവനന്തപുരം: തൃശൂരിൽ കഞ്ചാവ് കേസ് പ്രതി മലപ്പുറം സ്വദേശി രഞ്ജിത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ സർക്കാരിനും വകുപ്പിനുമെതിരെ പ്രചാരണം നടത്തുന്ന ജീവനക്കാരുടെ വാട്ട്സ് ആപ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ. രഞ്ജിത്ത് കൊല്ലപ്പെട്ട ദിവസം 'അവൻ ചാകേണ്ടവൻ തന്നെ' എന്ന തലക്കെട്ടിൽ തൃശൂരിലെ എക്സൈസ് ജീവനക്കാരുടെ വാട്ട്സ് അപ് കൂട്ടായ്മമായ 'സൗഹൃദ'ത്തിൽ നടന്ന പ്രചരണത്തിൽ എക്സൈസ് കമ്മിഷണർ റിപ്പോർട്ട് തേടിയിട്ടും സമൂഹ മാദ്ധ്യമങ്ങളിൽ ജീവനക്കാർ 'വിചാരണ' തുടരുന്ന സാഹചര്യത്തിലാണ് ഗ്രൂപ്പുകളും പോസ്റ്റുകളും നിരീക്ഷണത്തിലാക്കിയത്. അഡിഷണൽ എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ സൈബർ സഹായത്തോടെയാണ് നിരീക്ഷണം.
കൊല്ലപ്പെട്ട രഞ്ജിത്തിന്റെ ക്രിമിനൽ പശ്ചാത്തലം വിവരിച്ചും കേസിൽ പ്രതികളായ എക്സൈസ് ഉദ്യോഗസ്ഥരോട് സഹതാപവും ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു 'സൗഹൃദ'ത്തിലെ പോസ്റ്റ്. കസ്റ്റഡി മരണക്കേസിൽ സഹപ്രവർത്തകർ പിടിക്കപ്പെടുകയും കേസ് സി.ബി.ഐയ്ക്ക് വിടുകയും ചെയ്തതോടെ മറ്റ് ജില്ലകളിലെ ജീവനക്കാരുടെ ഗ്രൂപ്പുകളിലും പോസ്റ്റുകളുടെ പ്രളയമാണ്. 'തൃശൂരിൽ സംഭവിച്ചത് കണ്ടില്ലേ?', 'മഫ്തി ഡ്യൂട്ടിക്ക് പോകരുത്.' തുടങ്ങി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട അസംഖ്യം പോസ്റ്റുകളാണ് ഗ്രൂപ്പുകളിൽ പറക്കുന്നത്.
കസ്റ്റഡി മരണക്കേസിൽ സഹപ്രവർത്തകർ കുടുങ്ങിയതിന്റെ ആത്മരോഷവും പ്രതിഷേധവും കത്തുന്ന അഭിപ്രായ പ്രകടനങ്ങൾ പലതും സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളുടെ സീമകൾ ലംഘിച്ചുള്ളതാണ്. ഓരോ ജില്ലയിലും ബാച്ച് അടിസ്ഥാനത്തിലും രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ചും നിരവധി സമൂഹമാദ്ധ്യമ ഗ്രൂപ്പുകൾ ജീവനക്കാർക്കിടയിലുണ്ട്. തിരുവനന്തപുരത്ത് ക്യാപ്പിറ്റൽ, നവയുഗം, ടീം എക്സൈസ് തുടങ്ങി മൂന്ന് സജീവ ഗ്രൂപ്പുകളുണ്ട്.
സഹപ്രവർത്തകർ കൊലപാതകക്കുറ്റത്തിൽ പ്രതികളായതിന്റെ സങ്കടവും രോഷവും പ്രകടിപ്പിക്കുന്ന പോസ്റ്റുകളിൽ തൃശൂരിൽ സംഭവിച്ചത് കൃത്യനിർവഹണത്തിലെ ആത്മാർത്ഥത കൂടിയതിന്റെ പ്രതിഫലനമാണെന്ന സ്വയം വിമർശനവും ഗ്രൂപ്പുകൾ ഉന്നയിക്കുന്നുണ്ട്.
''
ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിന് എക്സൈസ് വകുപ്പുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ഡിപ്പാർട്ട്മെന്റിന്റെയും സർക്കാരിന്റെയും പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന സാഹചര്യങ്ങൾക്കിടയാക്കും. ഇതൊഴിവാക്കാൻ ജീവനക്കാരുടെ ഗ്രൂപ്പുകളിൽ വരുന്ന പോസ്റ്റുകൾ നിരീക്ഷണത്തിലാണ്. അഭിപ്രായ പ്രകടനങ്ങളിൽ അച്ചടക്ക ലംഘനമുണ്ടായാൽ അവർക്കെതിരെ നടപടിയുണ്ടാകും. ഡി.രാജീവ്, അഡി. കമ്മിഷണർ, എക്സൈസ്.