chapel-oak

ഫ്രാൻസിലെ നോർമാൻഡി മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ഓക്ക് മരം ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. ഇത് ഒരു ഓക്ക് മരം മാത്രമല്ല രണ്ട് ആരാധനാലയങ്ങളെ ഉൾക്കൊള്ളുന്ന കെട്ടിടം കൂടിയാണ്. 'ചാപ്പൽ ഓക്ക് ' എന്നാണ് ഈ മരം അറിയപ്പെടുന്നത്. 1,200 വർഷത്തോളം പഴക്കമുള്ളതാണ് ഈ ഓക്ക് മരം എന്ന് കരുതപ്പെടുന്നു. ഓക്ക് മരത്തിന്റെ നടുവിലെ പൊള്ളയായ ഭാഗത്താണ് ചാപ്പലുകൾ നിർമിച്ചിരിക്കുന്നത്.

ഭീമൻ തടിയോട് കൂടിയ ഓക്ക് മരത്തിന് ചുറ്റും പണിതിരിക്കുന്ന വളഞ്ഞ കോണിപ്പടികൾ വഴിയാണ് ചാപ്പലുകളുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നത്. പുരാതനമായ ചാപ്പൽഓക്കിന്റെ മിക്ക ഭാഗങ്ങളും ഇന്ന് നിർജീവമായിരിക്കുകയാണ്. പലകയും മറ്റ് സുരക്ഷാ സാമഗ്രികളുപുയോഗിച്ച് പ്രത്യേകം സംരക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ ഇവിടം. 49 അടി നീളമുള്ള ഓക്ക് മരത്തിന്റെ അടി ഭാഗത്തിന് മാത്രം 52 അടി വീതിയുണ്ട്.

ഏകദേശം 700 വർഷങ്ങൾക്ക് മുമ്പാണ് ചാപ്പൽഓക്കിന്റെ മദ്ധ്യഭാഗം പൊള്ളയായി രൂപപ്പെട്ടത്. മിന്നൽ ഏറ്റതിനെ തുടർന്ന് ഓക്കിൽ തീ ആളിപ്പടരുകയും ഇതിന്റെ ഫലമായി അത്രയും ഭാഗം പൊള്ളയാവുകയുമായിരുന്നു. ഈ സംഭവം ദൈവം സൃഷ്‌ടിച്ച അത്ഭുത പ്രവൃത്തിയായി കണക്കാക്കിയ ഗ്രാമീണർ ഓക്കിനുള്ളിൽ ചാപ്പലുകൾ പണിയാൻ തീരുമാനിക്കുകയായിരുന്നു. 1686ലാണ് ചാപ്പലുകൾ നിർമിക്കപ്പെട്ടത്. ആദ്യം കന്യാമറിയത്തിന്റെ ചാപ്പലും തൊട്ടു മുകളിലായി മറ്റൊന്നും നിർമിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത് ഈ പള്ളിയ്‌ക്ക് നേരെ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രമായ ഇവിടേക്ക് നിരവധി പേരാണ് പ്രതിവർഷം എത്തുന്നത്.