സാക്സഫോൺ ഒരു പാശ്ചാത്യ വാദ്യമാണ്. അതിന് കർണാട്ടിക് രീതിയിലേക്ക് പാകപ്പെടുത്തിയെടുത്ത വിദ്വാന്മാരിൽ പ്രമുഖനായിരുന്നു കദ്രി ഗോപാൽനാഥ്. കർണാടകത്തിലെ മംഗലാപുരത്തിനടുത്ത് കദ്രിയിൽ ക്ഷേത്രങ്ങളിൽ സാക്സഫോൺ വായന പതിവായിരുന്നു. കദ്രിയിൽ ഗോപാലകൃഷ്ണ അയ്യരുടെ കീഴിലാണ് ഗോപാൽനാഥ് സാക്സഫോൺ വായന അഭ്യസിച്ചത്. അങ്ങനെ അദ്ദേഹവും അവിടെ ക്ഷേത്രങ്ങളിൽ സാക്സഫോൺ വായിച്ചു തുടങ്ങി. ഇങ്ങനെ ക്ഷേത്രങ്ങളിൽ സാക്സഫോൺ കച്ചേരികളുമായി ഒതുങ്ങിക്കൂടിയിരുന്ന ഗോപാൽനാഥ്, പ്രശസ്ത കർണാടക സംഗീതജ്ഞനും മൃദംഗവിദ്വാനുമായ ടി.വി. ഗോപാലകൃഷ്ണനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. ടി.വി. ഗോപാലകൃഷ്ണൻ ഗോപാൽനാഥിന്റെ വായനയിൽ ആകൃഷ്ടനാവുകയും മദിരാശിയിൽ (ചെന്നൈ) കച്ചേരികളിൽ വായിപ്പിക്കുകയും ചെയ്തു.
കദ്രി ഗോപാൽനാഥിന്റെ സാക്സഫോൺ കച്ചേരികൾ അറിയപ്പെട്ട് തുടങ്ങുന്നത് അങ്ങനെയാണ്. അക്കാലത്ത് തന്നെ കേരളത്തിലും അദ്ദേഹത്തിന് ഒന്ന്, രണ്ട് വേദികളിൽ കച്ചേരികൾക്ക് അവസരം ലഭിച്ചു. കേരളത്തിൽ പ്രശസ്ത വയലിൻ വിദ്വാൻ കൂടിയായ എന്റെ അച്ഛൻ പ്രൊഫ.എം. സുബ്രഹ്മണ്യശർമ്മയാണ് ഗോപാൽനാഥിന്റെ സാക്സഫോൺ കച്ചേരികൾക്ക് അക്കാലത്ത് കൂടുതലും വായിച്ചിരുന്നത്. എൺപതുകളിലായിരുന്നു അത്. അച്ഛൻ മുൻകൈയെടുത്ത് തന്നെ കൂടുതൽ വേദികളും അദ്ദേഹത്തിന് ലഭ്യമാക്കുകയുണ്ടായി. വയലിനിൽ ഗായകശൈലി രൂപപ്പെടുത്തിയെടുത്ത അച്ഛൻ, സാക്സഫോൺ വായനയിലും ചില പൊടിക്കൈകൾ ഗോപാൽനാഥിന് പറഞ്ഞുകൊടുക്കുകയുണ്ടായി. ലഗാറ്റോ (വേഗത്തിലുള്ള സ്വരസഞ്ചാരങ്ങൾ) ശൈലി അദ്ദേഹം സ്വായത്തമാക്കുന്നത് അച്ഛനിലൂടെയാണ്. അങ്ങനെ സാക്സഫോൺ വായനയെ അദ്ദേഹം പുതിയ തലത്തിലേക്കെത്തിച്ചു.
പിന്നീട് തൊണ്ണൂറുകളൊക്കെ ആയപ്പോൾ ഞാനും അദ്ദേഹത്തിന്റെ നിരവധി കച്ചേരികൾക്ക് കേരളത്തിൽ വയലിനിൽ അകമ്പടി നൽകിയിട്ടുണ്ട്. ആകാശവാണിയിൽ മംഗലാപുരത്ത് ഞാൻ ജോലി ചെയ്തിരുന്ന കാലത്ത് എനിക്ക് അവിടെ താമസസൗകര്യമൊരുക്കുന്നതിലടക്കം വലിയ സഹായം ചെയ്തത് ഗോപാൽനാഥാണ്. പിൽക്കാലത്ത് അദ്ദേഹം മദിരാശിയിൽ സ്ഥിരം കച്ചേരികളുമായി സഞ്ചരിച്ച വേളയിൽ പ്രസിദ്ധ വയലിനിസ്റ്റ് കന്യാകുമാരി ആയിരുന്നു പക്കമേളത്തിൽ അകമ്പടി.
പാശ്ചാത്യവാദ്യമായ സാക്സഫോണിന് കർണാടകസംഗീതത്തിൽ മേൽവിലാസമുണ്ടാക്കിക്കൊടുത്തു എന്നതാണ് ഗോപാൽനാഥിന്റെ ചരിത്രപരമായ പ്രാധാന്യം. ഗായകശൈലിയിലുള്ള വാദനമാണ് അദ്ദേഹവും പിന്തുടർന്നത്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു ഗോപാൽനാഥ്. ആ വ്യക്തിത്വം പോലെ സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ കച്ചേരികളും. സദസിന് അതൊരിക്കലും മുഷിച്ചിലുണ്ടാക്കില്ല. വേദിയിൽ പക്കമേളക്കാർക്കും ഉപ പക്കമേളക്കാർക്കുമെല്ലാം വലിയ സ്വാതന്ത്ര്യമാണ് അദ്ദേഹം നൽകിപ്പോന്നിരുന്നത്. അവർക്കുമേൽ ഒരു നിയന്ത്രണം അടിച്ചേല്പിക്കാൻ അദ്ദേഹം ഒരിക്കലും മുതിർന്നിട്ടില്ല. അതുകൊണ്ടുതന്നെ നല്ലൊരു സംഗീതസദ്യ ആസ്വദിക്കാൻ വക നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ കച്ചേരിയും.
പിൽക്കാലത്ത് എ.ആർ. റഹ്മാന്റെ സംഗീതസംവിധാനത്തിൽ ഡ്യുയറ്റ് എന്ന സിനിമയ്ക്ക് വേണ്ടി സാക്സഫോൺ അദ്ദേഹം വായിച്ചത് കൂടുതൽ പ്രശസ്തിയും പ്രചാരവും അദ്ദേഹത്തിന് നേടിക്കൊടുത്തു. കദ്രിയുടെ ഒരു കച്ചേരി കേൾക്കാനിടയായതാണ് റഹ്മാനെ ആകർഷിച്ചത്. തന്റെ പാട്ടിന് വായിക്കാൻ അദ്ദേഹത്തെ റഹ്മാൻ ക്ഷണിക്കുകയായിരുന്നുവെന്ന് കദ്രി തന്നെ ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയതാണ്. മറ്റൊരു അപൂർവ ഭാഗ്യം കൂടി കദ്രി ഗോപാൽനാഥിനുണ്ടായിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റനോടൊത്ത് സാക്സഫോൺ ഡ്യുയറ്റ് അവതരിപ്പിക്കാനുള്ള ഭാഗ്യം. ബിൽ ക്ലിന്റൺ സാക്സഫോൺ വായിക്കുമായിരുന്നു. അമേരിക്കയിൽ ഒരു ടൂർ പ്രോഗ്രാമിനിടെ ക്ലിന്റനോടൊപ്പം വായിക്കാനുള്ള ക്ഷണം ഗോപാൽനാഥിനും ലഭിക്കുകയായിരുന്നു.
(പ്രമുഖ വയലിൻ വിദ്വാനാണ് ലേഖകൻ) ഫോൺ : 9447053977