post
വിദ്യാർത്ഥികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കൊണ്ടു വന്നപ്പോൾ

ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ കുളിക്കാനിറങ്ങി കാണാതായ പത്താം ക്ളാസ് വിദ്യാർത്ഥികളുടെ മൃതദേഹം വർക്കല പാപനാശം തിരുവമ്പാടി കടപ്പുറത്ത് കണ്ടെത്തി. വക്കം തൊപ്പിക്കവിളാകം മണക്കാട്ടുവിളാകം വീട്ടിൽ ബിഫു - ജയശ്രീ ദമ്പതികളുടെ മകൻ ദേവനാരായണൻ (15), വക്കം നിലയ്ക്കാമുക്ക് ആലിയിറക്കം വീട്ടിൽ സോമൻ - ബേബി ഗിരിജ ദമ്പതികളുടെ മകൻ ഹരിചന്ദ് (15) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുതലപ്പൊഴിയിലെ പെരുമാതുറ ബീച്ചിൽ കുളിക്കുന്നതിനിടയിൽ കാണാതായത്.

ഇന്നലെ രാവിലെ 10ന് കക്കവാരാൻ എത്തിയവരാണ് വർക്കല കടൽത്തീരത്തിന് സമീപം മൃതദേഹങ്ങൾ കണ്ടത്. ദേവനാരായണന്റെ മൃതദേഹം പാറക്കെട്ടിലും ഹരിചന്ദിന്റെ മൃതദേഹം 50 മീറ്റർ മാറി വെള്ളത്തിലുമാണ് കണ്ടത്. വിവരം അറിഞ്ഞെത്തിയ കോസ്റ്റൽ പൊലീസ് മൃതദേഹങ്ങൾ മുതലപ്പൊഴിയിൽ എത്തിച്ച ശേഷം ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.

കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസിലെ വിദ്യാർത്ഥികളാണ് ഇരുവരും. സ്കൂൾ കലോത്സവ ദിവസമായ വ്യാഴാഴ്ച സ്കൂളിലെ മറ്റ് ആറുപേരുമായി ചേർന്ന് നാല് സൈക്കിളിലായി മുതലപ്പൊഴിയിൽ എത്തിയതായിരുന്നു. എല്ലാവരും കുളിക്കാൻ വെള്ളത്തിലിറങ്ങിയപ്പോൾ ദേവനാരായണനും ഹരിചന്ദും ഗോകുൽ എന്ന മറ്റൊരു വിദ്യാർത്ഥിയും കടലിലേക്ക് കൂടുതൽ നടന്നിറങ്ങി. ശക്തമായ അടിയൊഴുക്കിലും തിരയിലും പെട്ട് മൂവരും വെള്ളത്തിൽ മുങ്ങി. മറ്റുള്ളവരുടെ നിലവിളി കേട്ടെത്തിയ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും ചേർന്നാണ് ഗോകുലിനെ രക്ഷപ്പെടുത്തിയത്. മറൈൻ എൻഫോഴ്സ്മെന്റും ആറ്റിങ്ങൽ ഫയർഫോഴ്സും കോസ്റ്റൽ പൊലീസും മുതലപ്പൊഴി കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയെങ്കിലും രണ്ട് പേരെ കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്ക് തെരച്ചിലിനെ ബാധിച്ചു. വ്യാഴാഴ്ച രാത്രി അവസാനിപ്പിച്ച തെരച്ചിൽ ഇന്നലെ പുലർച്ചെ ആരംഭിച്ചപ്പോഴാണ് മൃതദേഹങ്ങൾ വർക്കലയിൽ കണ്ടെത്തിയെന്ന വിവരമെത്തിയത്. ഗോകുൽ ചികിത്സയിലാണ്.വൈകുന്നേരത്തോടെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഹരിചന്ദ് മാതാപിതാക്കളുടെ ഏക മകനാണ്. സൂര്യ നാരായണൻ ദേവനാരായണന്റെ സഹോദരനാണ്.