04

ശ്രീകാര്യം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകാര്യത്തെ സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന സമരം ഇന്നലെ ഉപരോധമായി മാറി. ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ വിദ്യാർത്ഥികൾ തടഞ്ഞുവച്ചതോടെ ഓഫീസ് പ്രവർത്തനം താറുമാറായി. ഇന്നലെ രാവിലെ 9 ഓടെ യൂണിവേഴ്സിറ്റിയിലെ പ്രധാന കവാടം ഉപരോധിച്ച വിദ്യാർത്ഥികൾ ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ കവാടത്തിന് മുന്നിൽ കുത്തിയിരുന്നു.

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്, ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ്, പാപ്പനംകോട് ശ്രീചിത്ര എൻജിനിയറിംഗ് കോളേജ്, മുട്ടത്തറ എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഉപരോധത്തിൽ പങ്കെടുത്തത്. ഡ്യൂട്ടി ലീവ് അനുവദിക്കുക, പി.ജി വിദ്യാർത്ഥികളുടെ അറ്റൻഡൻസ് 85 ശതമാനത്തിൽ നിന്നും 75 ശതമാനമായി കുറയ്ക്കുക, ഗ്രേസ് മാർക്ക് അനുവദിക്കുക, ക്ലസ്റ്റർ സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്തുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാത്തതിനെത്തുടർന്നാണ് അനിശ്ചിതകാല സമരമെന്ന് സമരസമിതി നേതാവ് ശ്യാംലാൽ പറഞ്ഞു.