ബി ടെക് പരീക്ഷയുടെ മൂല്യനിർണയത്തിലും ചോദ്യപേപ്പർ തയ്യാറാക്കലിലും ഗുരുതര വീഴ്ചകൾ വരുത്തിയ അദ്ധ്യാപകർക്കെതിരെ കർക്കശ നടപടി എടുത്ത സാങ്കേതിക സർവകലാശാലയുടെ മാതൃക സംസ്ഥാനത്തെ മറ്റു സർവകലാശാലകൾക്കും സ്വീകരിക്കാവുന്നതാണ്. അത്രയധികം ക്രമക്കേടുകളും നിരുത്തരവാദപരമായ കാര്യങ്ങളുമാണ് മൂല്യനിർണയത്തിൽ ഇപ്പോൾ നടക്കാറുള്ളത്.
കുട്ടികളുടെ ഭാവി നിർണയിക്കുന്ന ഉന്നത പരീക്ഷകളിൽ തെറ്റായ മൂല്യനിർണയം എത്രമാത്രം അപകടകരമാകുമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. അത്യധികം ശ്രദ്ധയോടും ഏകാഗ്രതയോടും കൂടി ചെയ്യേണ്ട ഒരു പ്രവൃത്തി അങ്ങേയറ്റം അലക്ഷ്യമായി ചെയ്ത് കുട്ടികളെ വഴിയാധാരമാക്കുന്ന അദ്ധ്യാപകരുടെ സംഖ്യ കൂടിവരികയാണ്. മൂല്യനിർണയത്തിന് ഏല്പിക്കുന്ന ഉത്തരക്കടലാസുകൾ തിരിച്ചുകൊടുക്കാതെ തോന്ന്യവാസം കാട്ടുന്നവർ അദ്ധ്യാപകരുടെ കൂട്ടത്തിലുണ്ട്. അലക്ഷ്യമായി ഉത്തരക്കടലാസ് നോക്കുക, തോന്നിയപടി മാർക്കിടുക, മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുക തുടങ്ങിയ കൃത്യവിലോപങ്ങൾ മൂല്യനിർണയവുമായി ബന്ധപ്പെട്ട് പതിവായി ഉയരുന്ന ആക്ഷേപങ്ങളാണ്. പരീക്ഷാഫലം വരുന്നതോടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ പെരുകാൻ പ്രധാന കാരണം ലക്കും ലഗാനുമില്ലാതെ നടക്കുന്ന മൂല്യനിർണയമാണ്. മൂല്യനിർണയത്തിന് അദ്ധ്യാപകരെ ഏല്പിച്ച ഉത്തരക്കടലാസ് മടക്കിക്കിട്ടാൻ പൊലീസ് സഹായം തേടിയ സംഭവം പോലും ഇവിടെ ഉണ്ടായിട്ടുണ്ട്. പ്രതിഫലത്തെച്ചൊല്ലിയുള്ള വിലപേശലിൽ പരീക്ഷാഫലവും വൈകിയിട്ടുണ്ട്. അദ്ധ്യാപനത്തോടൊപ്പം പരീക്ഷകളുടെ മൂല്യനിർണയവും ജോലിയുടെ ഭാഗമായിട്ടാണ് വയ്പ്. എന്നാൽ അദ്ധ്യാപകരുടെ കൈയും കാലും പിടിച്ചാണ് സർവകലാശാലകൾ ഈ പ്രവൃത്തി പൂർത്തിയാക്കുന്നത്.
ബി.ടെക് പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ കൊല്ലം യൂനുസ് എൻജിനിയറിംഗ് കോളേജിലെ ഒരു അദ്ധ്യാപകന് സാങ്കേതിക സർവകലാശാല ആജീവനാന്ത അദ്ധ്യാപന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കാൽ ലക്ഷം രൂപ പിഴയിടുകയും ചെയ്തു. തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജിലെ ഇരുപതു കുട്ടികളുടെ എട്ടാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ടാണ് ഈ അദ്ധ്യാപകനെതിരെ നടപടി ഉണ്ടായത്. ഉത്തരക്കടലാസ് ശരിയായി നോക്കുക പോലും ചെയ്യാതെയാണ് ഈ അദ്ധ്യാപകൻ മാർക്കിട്ടത്. എല്ലാ കുട്ടികളും തോൽവിയടയുകയും ചെയ്തു. കൂട്ടത്തോൽവി സർവകലാശാല പരിശോധിച്ചപ്പോഴാണ് രഹസ്യം പിടികിട്ടിയത്. മാർക്കുകൾ കൂട്ടിയെഴുതുന്നതിൽ പോലും തെറ്റുകൾ വന്നത് കണ്ടുപിടിച്ചു. പല ഉത്തരങ്ങൾക്കും മാർക്കു പോലും ഇട്ടിരുന്നില്ല. അലക്ഷ്യമായി ഉത്തരക്കടലാസുകൾ നോക്കുന്ന അദ്ധ്യാപകർക്കുള്ള ഒരു സന്ദേശം കൂടിയാണ് കൊല്ലത്തെ അദ്ധ്യാപകനെതിരെ സർവകലാശാല കൈക്കൊണ്ട നടപടി. ചോദ്യപേപ്പറിന്റെ സൂക്ഷ്മപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട ഒരു അദ്ധ്യാപിക പ്രസ്തുത ചോദ്യങ്ങൾ ചോർത്തിയതായും കണ്ടുപിടിക്കപ്പെട്ടിരുന്നു. അവരെ രണ്ടുവർഷത്തേക്കു പരീക്ഷാജോലികളിൽ നിന്ന് മാറ്റി നിറുത്തിയിരിക്കുകയാണ്. മൂല്യനിർണയത്തിന് ഹാജരാകാത്ത മുഴുവൻ അദ്ധ്യാപകർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് തീരുമാനം.
സാങ്കേതിക സർവകലാശാല മാത്രമല്ല ഇതര സർവകലാശാലകൾക്കും മൂല്യനിർണയവും ഫലപ്രഖ്യാപനവും പലപ്പോഴും വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. അദ്ധ്യാപകരുടെ നിസഹകരണവും ചുമതലാബോധമില്ലായ്മയും ഫലപ്രഖ്യാപനത്തെ അട്ടിമറിക്കുന്നതു പതിവാണ്. ഉപരിപഠനത്തിന് അന്യദിക്കുകളിൽ പോകേണ്ട നൂറുകണക്കിനു കുട്ടികളെ ഇതു ബാധിക്കാറുണ്ട്. പരീക്ഷാ കലണ്ടറുകൾ ഉണ്ടെങ്കിലും പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും അതിനനുസരിച്ചാകില്ല. എല്ലാം ഒന്നു ക്രമപ്പെടുത്താൻ തീവ്രശ്രമം നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. കുട്ടികളുടെ ഭാവിയെക്കുറിച്ച് അദ്ധ്യാപകർക്കും ഉത്കണ്ഠയുണ്ടെങ്കിലേ മൂല്യനിർണയം പരാതിക്കിടനൽകാത്ത വിധം നടക്കുകയുള്ളൂ. കുട്ടികളുടെ ഉത്തരക്കടലാസ് വച്ച് വിലപേശുന്നവരും എഴുതിയതെന്തെന്നു പോലും നോക്കാതെ വാരിവലിച്ചു മാർക്കിടുന്നവരുമൊക്കെ വിശുദ്ധമായ ആ തൊഴിലിനു തന്നെ കൊള്ളാത്തവരാണ്.