കഴിഞ്ഞ വർഷമുണ്ടായ കടുത്ത പ്രളയത്തിൽ ഗുരുതരമായ തകർച്ച നേരിട്ട കുട്ടനാടിനെ കരകയറ്റാൻ സംസ്ഥാന ആസൂത്രണ ബോർഡിന്റെ പദ്ധതി നിർദ്ദേശം. 2447.66 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. കുട്ടനാടിന്റെ പാരിസ്ഥിതിക പുന:സ്ഥാപനത്തിനും പുനർനിർമാണത്തിനുമായി പാക്കേജ് തയ്യാറാക്കാൻ സർക്കാർ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണ ബോർഡ് പദ്ധതി തയ്യാറാക്കിയത്.
കാർഷിക വളർച്ചയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുക, വേമ്പനാട് കായൽ വ്യവസ്ഥ സംരക്ഷിക്കുക, പ്രദേശവാസികളുടെ സുരക്ഷിത ജീവിതം ഉറപ്പാക്കുക, വിവിധ വിഭാഗങ്ങൾക്കിടയിലെ വിയോജിപ്പുകൾ പരിഹരിക്കുക എന്നിവ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ചുരുക്കത്തിൽ ഉത്പാദനക്ഷമത, ലാഭക്ഷമത, പരിസ്ഥിതി സംരക്ഷണം, ഭൗതികസുരക്ഷ, പരസ്പര സഹകരണം എന്നിവയായിരിക്കണം കുട്ടനാട് വികസനത്തിന്റെ കാതൽ. ഈ ലക്ഷ്യങ്ങൾ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, ജലവിഭവത്തിന്റെ ശാസ്ത്രീയ ആസൂത്രണം, വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾ, ജനാധിപത്യശാക്തീകരണം എന്നിവയിലൂടെ നേടാനാവുമെന്ന് ആസൂത്രണ ബോർഡ് നിർദ്ദേശിക്കുന്നു.
മൂന്നായി തരം തിരിക്കും
കുട്ടനാട്ടിലെ ജലവ്യവസ്ഥയെ മൂന്നായി തിരിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യം. അഞ്ച് നദികളുടെ താഴ്ഭാഗത്തുള്ള പ്രദേശങ്ങൾ, കുട്ടനാട്ടിലെ ചെറുതും വലുതുമായ കൈവഴികൾ, പാടശേഖരങ്ങളോടു ചേർന്നുള്ള തോടുകൾ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കിന്റെ അടിസ്ഥാനത്തിൽ പാടശേഖരങ്ങളെ ക്ലസ്റ്ററുകളായി തിരിക്കും.
ഈ മേഖലയിലെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിക്കേണ്ടതുണ്ട്. നെതർലാൻഡ്സ് പോലെയുള്ള രാജ്യങ്ങളെ മാതൃകയാക്കി 'നദിക്കൊരിടം' പദ്ധതി നടപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി 'പമ്പയ്ക്കൊരിടം" എന്ന പദ്ധതി നടപ്പാക്കാനാണ് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നത്. വേമ്പനാട് കായലിന്റെ വിസ്തൃതി കുറയാതെ സൂക്ഷിക്കുന്നതിന് 'വേമ്പനാടിനൊരിടം' പദ്ധതിയും നടപ്പിലാക്കേണ്ടതുണ്ട്. പാടശേഖരങ്ങളിൽ നിന്ന് വെള്ളം പുറത്തേക്കു ഒഴുകുന്നതിനുള്ള സംവിധാനവും വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാൻ ബണ്ടുകളും ശാസ്ത്രീയമായി നിർമ്മിക്കണം. തോടുകളിലെ ചെളിയും മാലിന്യവും നീക്കംചെയ്യേണ്ടതും വശങ്ങൾ ബലപ്പെടുത്തേണ്ടതും അശാസ്ത്രീയമായി നിർമ്മിച്ച റോഡുകളും പാലങ്ങളും കണ്ടെത്തി ശാസ്ത്രീയമായി പുനർനിർമ്മിക്കേണ്ടതും സ്വതന്ത്രമായ നീരൊഴുക്കിന് അനിവാര്യമാണ്.
പാടശേഖരങ്ങളിലെ വെള്ളം ഒഴുക്കിക്കളയുന്നതിന് ഉപയോഗിക്കുന്ന 'പെട്ടിയും പറയും" എന്ന പരമ്പരാഗത രീതി മാറ്റി എല്ലായിടത്തും യന്ത്രങ്ങൾ ഏർപ്പെടുത്തണം. സംയോജിത കൃഷി വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും വേണം. നാളികേര കൃഷിയും പുരയിട കൃഷിയും അതിന അനുബന്ധമായി മറ്റ് വരുമാനവും തൊഴിലും സൃഷ്ടിക്കുന്ന പരിപാടികളും ഏകോപിപ്പിച്ച് കൊണ്ടുപോകണം.
മൃഗപരിപാലനം, താറാവ് വളർത്തൽ പ്രോത്സാഹനം എന്നിവയ്ക്കും ഊന്നൽ നല്കിയിട്ടുണ്ട്. പുനർനിർമ്മാണ പദ്ധതിയിൽ മത്സ്യമേഖലയ്ക്ക് മുന്തിയ പരിഗണനയുണ്ടാവണം. കുട്ടനാടിന്റെ പാരിസ്ഥിതിക സ്ഥിരത നിലനിറുത്തുന്നതിനു വിവിധ വകുപ്പുകളുടെ ഉന്നതതല മോണിറ്ററിംഗ് കൃത്യമായി ഉണ്ടായിരിക്കണം. നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കാതെ, കണ്ടൽക്കാടുകൾ വച്ചുപിടിപ്പിച്ച് വേമ്പനാട് കായലിലെ ജൈവവൈവിധ്യ കലവറയായ പാതിരാമണൽ സംരക്ഷിക്കണം.
നിലവിലുള്ള കുടിവെള്ള വിതരണ സമ്പ്രദായം മൊത്തത്തിൽ പരിഷ്കരിച്ച് കുട്ടനാട് താലൂക്കിലെ എല്ലാ കുടുംബങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കണം. മുമ്പ് നടത്തിയ ശ്രമങ്ങൾ ഫണ്ടിന്റെ കുറവു കൊണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവാത്തതിനാലും പരാജയപ്പെടുകയായിരുന്നു. ചെയ്ത പണികൾ പാഴായിപ്പോവുന്ന സ്ഥിതി മേലിൽ ആവർത്തിക്കപ്പെടരുത്. അടുത്ത 23 ദശകങ്ങളിൽ ഈ പ്രദേശത്ത് ആവശ്യമായി വരുന്ന വെള്ളത്തിന്റെ അളവിന്റെ അടിസ്ഥാനത്തിലാവണം പദ്ധതികളുടെ ആസൂത്രണവും നടപ്പാക്കലും. അതിന് മൊത്തം 291 കോടി രൂപ ചെലവുവരുമെന്നും അത് കിഫ്ബി വഴി കണ്ടെത്താമെന്നുമാണ് കരുതുന്നത്. അതിനു പുറമേ വീടുകളിലെ കിണറുകൾ ശുദ്ധീകരിച്ച് കുടിവെള്ളം ഉറപ്പുവരുത്തേണ്ടതുണ്ട്.
വീടുകളിൽ കക്കൂസില്ലാത്തതിനാൽ മാലിന്യം വേമ്പനാട് കായലിലേക്ക് നേരിട്ടു തള്ളുന്നു, അത് കുടിവെള്ള സ്രോതസുകളെ മലിനപ്പെടുത്തുന്നു. മഴക്കാലത്ത് കക്കൂസ് ടാങ്കുകൾ കവിഞ്ഞൊഴുകുന്നതും പ്രശ്നമാണ്. ശുചിത്വവുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങളെല്ലാം പൊതുജനാരോഗ്യത്തെ ബാധിക്കുന്നതാണ്. ശുചിത്വത്തിന് ഈ മേഖലയ്ക്ക് അനുയോജ്യമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം.
കക്കൂസ് മാലിന്യ പരിപാലന പ്ലാന്റ് ഈ പ്രദേശത്ത് ഒഴിച്ചുകൂടാനാവാത്തതാണ്. സർക്കാർ അല്ലെങ്കിൽ സ്വകാര്യ ഫാമിൽ സ്ഥാപിക്കുന്ന പ്ലാന്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന വെള്ളം ജലസേചനത്തിനും ഖരവസ്തു വളമായും ഉപയോഗപ്പെടുത്താം. ഇത് പൂർണമായും യന്ത്രസഹായത്തോടു കൂടി പ്രവർത്തിപ്പിക്കാവുന്നതാണ്.