1

തിരുവനന്തപുരം: ശാന്തവും മനോഹരവുമായ കടൽത്തീരങ്ങൾ സഞ്ചാരികളുടെ ഇഷ്ടപറുദീസയാണെങ്കിലും

കലിയടങ്ങാത്ത തിരകളാൽ അപകടങ്ങൾ വിട്ടൊഴിയാതെ പേടിസ്വപ്നമാവുകയാണ് അവ ഇന്ന്. വിനോദസഞ്ചാരികളും മത്സ്യത്തൊഴിലാളികളുമടക്കം കടലിൽ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടിവരികയാണ്. വ്യാഴാഴ്ച അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മരിച്ചതാണ് ഏറ്റവുമൊടുവിലത്തെ ദുരന്തം. രണ്ടാഴ്ച മുൻപ് സുഹൃത്തുക്കൾക്കൊപ്പം പൂവാറിൽ കുളിക്കാനിറങ്ങിയപ്പോൾ മരിച്ച പാറശാല സ്വദേശി അജിത്,​ കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കുന്നതിനിടയിൽ മരിച്ച ലൈഫ് ഗാർഡ് ജോൺസൺ,​ വിഴിഞ്ഞത്തുനിന്നു മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മരിച്ച അബ്ദുൾ റഹ്മാൻ എന്നിങ്ങനെ കടലിലെ അപകടങ്ങളുടെ പട്ടിക നീളുന്നു. മുതലപ്പൊഴിയിൽ കഴിഞ്ഞദിവസം മരിച്ച വിദ്യാർത്ഥികൾ തീരപ്രദേശമായ വക്കം സ്വദേശികളാണ്. അടുത്തിടെ വെട്ടുകാട്,​ കൊച്ചുവേളി,​ പനത്തുറ,​ ബീമാപള്ളി സ്വദേശികൾ മുങ്ങിമരിച്ച സംഭവങ്ങളും പ്രദേശവാസികൾക്ക് സംഭവിച്ച അപകടങ്ങൾക്ക് ഉദാഹരണങ്ങളാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണവും കടലിൽ കല്ലിടുന്നതും അപകടങ്ങൾ വർദ്ധിക്കുന്നതിനും പ്രദേശവാസികൾക്ക് പോലും കടലിന്റെ മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിനും പിന്നിലുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മുന്നറിയിപ്പുകൾക്ക് പുല്ലുവില

ഉല്ലാസയാത്രയ്ക്കായി കൂട്ടത്തോടെയെത്തുന്നവരും, മദ്യപിച്ച് കടലിലിറങ്ങുന്നവരും, വിദ്യാർത്ഥികളും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാത്തതിനാലാണ് പല അപകടങ്ങളും സംഭവിക്കുന്നതെന്ന് ലൈഫ് ഗാർഡുമാർ സാക്ഷ്യപ്പെടുത്തുന്നു. മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ചും പ്രദേശവാസികളുടെയും ലൈഫ് ഗാർഡുമാരുടെയും നിർദ്ദേശങ്ങൾ മാനിക്കാതെയും കടലിലിറങ്ങി അപകടത്തിൽ പെടുന്നവരിൽ ഭൂരിപക്ഷം പേരെയും രക്ഷപ്പെടുത്താൻ സാധിക്കുന്നതിനാൽ പല സംഭവവും പുറംലോകം അറിയുന്നില്ലെന്ന് മാത്രം.

ലൈഫ് ജാക്കറ്റ് വിരോധം

കടലിൽ പോകുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് ഫിഷറീസ് വകുപ്പിന്റെ നിരന്തര മുന്നറിയിപ്പ് ഉണ്ടെങ്കിലും അവ ധരിക്കാൻ മടി കാണിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മനോഭാവം അപകടം വിളിച്ചുവരുത്തുന്നു. ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിലും ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും അത് ധരിക്കുന്നില്ലെന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മത്സ്യത്തൊഴിലാളികളെ ബോധവത്കരിക്കാനുള്ള പദ്ധതികളാണ് ഇനി വേണ്ടത്.