fff

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിലും ഈ വർഷത്തെ കനത്ത മഴയിലും പുഴകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും എക്കൽ മണ്ണും സമയബന്ധിതമായി നീക്കം ചെയ്യാൻ മുഖ്യമന്ത്റി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

പുഴകളുടെയും നദികളുടെയും സംരക്ഷണത്തിനും വെള്ളപ്പൊക്ക നിയന്ത്റണത്തിനും വേണ്ടിയാണിത്.

മണൽ നീക്കം പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. ജലവിഭവ, തദ്ദേശ സ്വയംഭരണ അഡിഷണൽ ചീഫ് സെക്രട്ടറിമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ എന്നിവരും അടങ്ങുന്നതാണ് കമ്മി​റ്റി.

തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വേണം മണൽ നീക്കം.ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള എംപവേർഡ് കമ്മി​റ്റിയുടെ അംഗീകാരത്തോടെ മംഗളം, ചുള്ളിയാർ ഡാമുകളിലും ജലസേചന വകുപ്പിന്റെയും വൈദ്യുതി ബോർഡിന്റെയും കീഴിലുള്ള ഡാമുകളിലും നിന്ന് മണൽ നീക്കാൻ തീരുമാനിച്ചു . കാലവർഷത്തിനു ശേഷം ലഭിക്കുന്ന മഴവെള്ളം പരമാവധി സംഭരിക്കണം.കുളങ്ങളും മ​റ്റു ജലസ്രോതസുകളും ശുദ്ധീകരിക്കണം. തദ്ദേശ,ജലവിഭവ വകുപ്പുകളും ഹരിതകേരള മിഷനും യോജിച്ച് നവംബർ മുതൽ പ്രവൃത്തി ആരംഭിക്കണം. . ഓരോ പഞ്ചായത്തിലും ഇത് കൃത്യമായി നടപ്പാക്കുന്നുവെന്ന് എല്ലാ മാസവും അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്റി നിർദേശിച്ചു.