തിരുവനന്തപുരം: അങ്കം മുറുകിയ വട്ടിയൂർക്കാവിൽ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത്. എത്ര തിരക്കാണെങ്കിലും ഫോൺ വിളിക്കുന്നവരെ നിരാശപ്പെടുത്താറില്ല. വീട് കഴക്കൂട്ടത്താണെങ്കിലും സ്ഥാനാർത്ഥിയായതോടെ മണ്ഡലത്തിലാണ് ഇപ്പോൾ താമസം. തിരഞ്ഞെടുപ്പിന് ഒമ്പത് ദിവസം മാത്രം ശേഷിക്കേ കുടുംബത്തിരക്കുകൾക്ക് അവധി നൽകി പ്രചാരണത്തിൽ മുഴുവൻ സമയം പ്രശാന്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. രണ്ടാംഘട്ടമായ വാഹനപര്യടനത്തിനും ഇന്നലെ തുടക്കം കുറിച്ചു.
ഊർജ്ജമായി ചൂടുദോശയും ചമന്തിയും
ഇന്നലെ രാവിലെ 7.30ന് കവടിയാറിലെ ഫ്ലാറ്റിൽ നിന്ന് രണ്ട് അനുയായികൾക്കൊപ്പമാണ് പ്രശാന്ത് പ്രചാരണത്തിനിറങ്ങിയത്. കുടുംബാംഗങ്ങൾ എല്ലാം കഴക്കൂട്ടത്തായതിനാൽ ഭക്ഷണം പുറത്തുനിന്നാണ്. 7.45ന് പേരൂർക്കട മണികണ്ഠേശ്വരത്ത് എത്തിയപ്പോഴേക്കും സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ സ്ഥാനാർത്ഥിയെ കാത്തുനിൽക്കുന്നു. 8.30 വരെ പ്രദേശത്തെ വീടുകൾ കയറിയിറങ്ങി. ഇടവഴികളെല്ലാം ചുറ്റിയപ്പോഴേക്കും സ്ഥാനാർത്ഥി വിയർത്തുകുളിച്ചു. അടുത്ത സ്ഥലത്ത് എത്തുന്നതിനു മുമ്പ് ഭക്ഷണം കഴിക്കാനായി വട്ടിയൂർക്കാവ് ജംഗ്ഷനിലേക്ക്. ദോശക്കടയെന്ന പേരുകേട്ട നാടൻകടയിലെത്തി, പ്രശാന്തിന്റെ ഇഷ്ടഭക്ഷണമായ ചൂടുദോശ വാഴയിലയിൽ മുന്നിലെത്തി. ഒപ്പമിരുന്നവരോട് കുശലം പറഞ്ഞും ഫോട്ടോയ്‌ക്ക് പോസ് ചെയ്തും ഭക്ഷണം കഴിച്ചു. പിന്നെ വീണ്ടും പ്രചാരണത്തിലേക്ക്....
വോട്ടർമാരെ നേരിൽകാണാമെന്ന വാശി
പരമാവധി വോട്ടർമാരെ നേരിൽ കാണുകയെന്നതാണ് പ്രശാന്തിന്റെ രീതി. അതിനായി ഇന്നലെയും ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഗൃഹസന്ദർശനം. ഇടറോഡുകളും ചെങ്കുത്തായ കയറ്റവും താണ്ടി ഓരോ വീട്ടിനുമുന്നിലുമെത്തും. പ്രഭാതഭക്ഷണം കഴിഞ്ഞ് നേരെ കാച്ചാണി പാപ്പാട് എത്തിയ പ്രശാന്ത് അരമണിക്കൂർ അവിടെ ചെലവിട്ടു. തുടർന്ന് നെട്ടയം, മലമുകൾ എന്നിവിടങ്ങളിലെ വിവിധമേഖലകളിലെത്തി. ഒരു വീടിന് വേണ്ടിയാണെങ്കിലും ഏറെ ദൂരം നടന്ന് അവിടെയെത്തും. ആരെ കണ്ടാലും ചെറുപുഞ്ചിരിയോടെ കൈകൂപ്പി സ്വയം പരിചയപ്പെടുത്തി വോട്ട് അഭ്യർത്ഥിക്കും. മറ്റു പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പോലും ഒഴിവാക്കില്ല. പോരാട്ടം ആശയപരമാണെന്നും ശരിതെറ്റുകൾ ജനം തീരുമാനിക്കുമെന്നും പ്രശാന്ത് പറയുന്നു.
കാറു പോകില്ലെങ്കിൽ യാത്ര ബൈക്കിൽ
ഒരുപ്രദേശത്ത് വോട്ടറെ കാണാൻ ഉറപ്പിച്ചാൽ അവിടെയെത്താൻ ഏതു മാർഗവും സ്വീകരിക്കുന്നതാണ് മറ്റൊരു തന്ത്രം. വാഴോട്ടുകോണം ജംഗ്ഷനിലെത്തിയപ്പോഴേക്കും സമയം 12.30 ആയി. പ്രാദേശിക പ്രവർത്തകർ പറഞ്ഞതനുസരിച്ച് മൂന്ന് വീടുകൾ റോഡിൽ നിന്നും അകലെയാണ്. പക്ഷേ കാറു പോകില്ല. ഇതോടെ സമീപത്തു നിന്ന പ്രവർത്തകനോട് ബൈക്കെടുക്കാൻ പ്രശാന്ത് ആവശ്യപ്പെട്ടു. ബൈക്കിന് പിന്നിലിരുന്ന് മൂന്നു വീടുകളിലെ വോട്ടർമാരെ കണ്ട് മടങ്ങിയെത്തിയ ശേഷം വാഴോട്ടുകോണത്ത് പ്രവർത്തകന്റെ വീട്ടിൽ നിന്നും ഉച്ചഭക്ഷണം. തുടർന്ന് വട്ടിയൂർക്കാവ് മുസ്ലിം ജുമാമസ്ജിദിലെത്തി പ്രാർത്ഥന കഴിഞ്ഞിറങ്ങിയ വോട്ടർമാരെ കണ്ടു. ഇമാം ഹാമിദ് യാസിനെയും സന്ദർശിച്ചു. നേരെ വാഹനപര്യടനത്തിന് തുടക്കം കുറിച്ച മുട്ടട അഞ്ചുമുക്ക് വയലിലെത്തി. ഉദ്ഘാടനത്തിന് ശേഷം സ്ഥാനാർത്ഥി തുറന്ന ജീപ്പിലേക്ക്. 3.30ന് തുടങ്ങിയ വാഹനപര്യടനം രാത്രി 10ഓടെ മുങ്ങോർക്കോണത്ത് സമാപിച്ചു.