spc

വിതുര: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തിയെടുക്കുന്നതിനും വിവിധ നൈപുണികളിൽ പരിശീലനം നൽകുന്നതിനുമായി വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കിൽ ഹബിന്റെ ഭാഗമായി മുഴുവൻ സീനിയർ കേഡറ്റുകളും ക്രാഫ്റ്റ് ബേക്കർ കോഴ്സിന്റെ പ്രാഥമിക പരിശീലനം പൂർത്തിയാക്കി. കമ്മ്യൂണിറ്റി പൊലീസ് ഒാഫീസർ അൻവർ നേതൃത്വം നൽകി. കൃത്രിമ ചേരുവകൾ ഒഴിവാക്കിയുള്ള വിവിധ തരം കേക്കുകൾ, മഫിൻസ് എന്നിവ തയ്യാറാക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്. മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന തരത്തിലാണ് സ്കിൽ ഹബ് പ്രവർത്തിക്കുന്നത്. നേരത്തെ സ്കിൽ ഹബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ജൂനിയർ ഗ്രാഫ്റ്റർ കോഴ്സ് പരിശീലനം പൂർത്തിയാക്കിയിരുന്നു .