വിതുര: തിരുവനന്തപുരം-പൊൻമുടി സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനായ ചേന്നൻപാറ സന്ധ്യമയങ്ങിയാൽ ഇരുട്ടിൽ മുങ്ങും. ഇവിടെ വഴിവിളക്കുകൾ കത്താതായിട്ട് കാലങ്ങളായി. ഇവിടെ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് നിലവിൽ പ്രവർത്തിക്കാറില്ല. ലൈറ്റ് കത്താതെവന്നതോടെ ജംഗ്ഷനിൽ രാത്രികാലങ്ങളിൽ തെരുവ് നായകളുടെ ശല്യം വർദ്ധിച്ചു. രാത്രിയിൽ ഇവിടെ ബസിറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ തെരുവ് നായ്ക്കൾ ഓടിച്ചിട്ട് കടിക്കും. പകൽ സമയത്തുപോലും നായശല്യമുള്ള ഇവിടെ രാത്രികാലത്തെ അവസ്ഥ പറയണ്ടതില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. ജംഗ്ഷനിൽ മൂന്ന് വർഷം മുൻപ് നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. ഒരു വർഷത്തോളം ലൈറ്റ് വെളിച്ചം വിതറി. പിന്നീട് മിഴിയടച്ചു. രണ്ട് വർഷം ലൈറ്റ് കത്താതെ കിടന്നു. നാട്ടുകാർ പഞ്ചായത്തിലും മറ്റും അനവധി തവണ പരാതി നൽകിയിരുന്നു. തുടർന്ന് രണ്ട് മാസം മുൻപ് ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി. എന്നാൽ വീണ്ടും ലൈറ്റ് പണിമുടക്കി. ഇപ്പോൾ രണ്ടാഴ്ചയായി ലൈറ്റ് കത്തുന്നില്ല. നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. തുടർന്ന് വൈദ്യുതി ഒാഫീസിൽ ബന്ധപ്പെട്ടപ്പോൾ ബിൽ അടച്ചില്ലെന്നാണ് മറുപടി.

ഓരോ ഹൈമാസ്റ്റ് ലൈറ്റുകൾക്കും ഭീമമായ തുകയാണ് ബിൽ ഇനത്തിൽ വരുന്നത്. ഇത് അടയ്ക്കേണ്ടത് പഞ്ചായത്തും. മിക്ക പഞ്ചായത്തിനും ലക്ഷക്കണക്കിന് തുകയാണ് വൈദ്യുതി ഇനത്തിൽ അടയ്ക്കേണ്ടത്. ബിൽ അടയ്ക്കാൻ പറ്റാതാകുമ്പോൾ ലൈറ്റുകൾ കത്താതാകും. മിക്ക ലൈറ്റുകളുടെയും നിലവിലെ അവസ്ഥ ഇതാണ്. പ്രശ്നം പരിഹരിക്കാൻ പഴയ ബൾബുകൾ മാറ്റി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുകയാണ് പഞ്ചായത്ത്. എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാൻ തുടങ്ങിയതോടെ വൈദ്യുത ബില്ലിൽ വൻ കുറവ് വരുന്നതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ചേന്നൻപാറ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ലെങ്കിലും പകരം പരാതി മാറ്റാൻ തൊട്ടടുത്ത് പേരയത്തുപാറയിലുള്ള സ്ട്രീറ്റ് ലൈറ്റ് പകൽസമയത്തും കത്തി കിടക്കുകയാണ്. വൈദ്യുതി ഒാഫീസിന് സമീപം ചായം-ചാരുപാറ റോഡിലുള്ള തെരുവ് വിളക്കാണ് രാവും പകലും വെളിച്ചം വിതറുന്നത്