തിരുവനന്തപുരം: നിരോധനത്തിന് വിലകല്പിക്കാതെ അപകടാവസ്ഥയിലായ വള്ളക്കടവ് പാലത്തിലൂടെ നിരവധി ഭാരവാഹനങ്ങൾ കടന്നുപോകുന്നതായി പരാതി. കാലപ്പഴക്കം കൊണ്ട് ബലക്ഷയമുണ്ടായ പാലത്തിലൂടെ മൂന്ന് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുനത് നിരോധിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചിട്ട് ഒരു വർഷമായെങ്കിലും ദിവസവും അത്തരത്തിലുള്ള നൂറിലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്. ഭാരവണ്ടികൾ നിരോധിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവിറങ്ങിയതിനെ തുടർന്ന് വള്ളക്കടവ് പാലത്തിന് സമീപത്തും ഈഞ്ചയ്ക്കലിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന് നിർദ്ദേശവും നൽകി. പക്ഷേ ഒന്നോ രണ്ടോ ലോറികൾക്ക് പെറ്റിയടിച്ചതല്ലാതെ ഒന്നും നടന്നില്ല. പാലത്തിനെ താങ്ങി നിറുത്തുന്ന തൂണുകൾ ഏറെയും തകർന്ന നിലയിലാണെങ്കിലും സ്കൂൾ ബസുകളും സിമന്റ് ലോറികളും അടക്കമുള്ള വാഹനങ്ങൾ ഇതുവഴി നിർബാധം കടന്നുപോകുന്നുണ്ട്. ആഭ്യന്തര -അന്താരാഷ്ട്ര എയർപോർട്ടുകൾ, ബീമാപള്ളി, പൂന്തുറ, ശംഖുംമുഖം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന കവാടമാണ് വള്ളക്കടവ് പാലം. വള്ളക്കടവിൽ പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശപ്രവർത്തകൻ രാഗം റഹിം ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യുകയും മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയും ചെയ്തിരുന്നു. പാലത്തിന്റെ സ്ഥിതി ബോദ്ധ്യപ്പെട്ട കോടതിയും മനുഷ്യാവകാശ കമ്മിഷനും പുതിയ പാലം നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തു. പാലം അടയ്ക്കുമ്പോൾ ഗതാഗതം തടസപ്പെടാതിരിക്കാൻ താത്കാലിക പാലം നിർമ്മിക്കാൻ 89 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ആഴ്ചകൾക്കു മുമ്പ് താത്കാലിക പാലത്തിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും പുതിയ പാലത്തിന് ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.