fishing
ജീവിത തോണിയിൽ...ഉപജീവന മാർഗമായ കക്കാ വാരൽ കഴിഞ്ഞ് തോണിയിൽ മടങ്ങുന്ന വൃദ്ധകളായ മത്സ്യത്തൊഴിലാളികൾ. എറണാകുളം കുമ്പളങ്ങി കായലിൽ നിന്നുള്ള കാഴ്ച

തിരുവനന്തപുരം: മത്സ്യവിപണന രംഗത്തെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി ഫിഷറീസ് വകുപ്പിന്റെ '3ആർ' പദ്ധതി വരുന്നു. അസംഘടിതരായ മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ചെറുകിട വ്യവസായം വിപുലപ്പെടുത്തുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. റീബിൽഡ് ( പുനർനിർമ്മാണം),​ റിവൈവൽ (പുനരുജ്ജീവനം),​ റീഫോംസ് (പരിഷ്കാരം) എന്നതാണ് 3 ആർ പദ്ധതി. ആദ്യഘട്ടത്തിൽ കൊല്ലത്ത് 750 സ്ത്രീകളും ആലപ്പുഴയിൽ 250 സ്ത്രീകളും പദ്ധതിയുടെ ഭാഗമാകും.

കുടുംബശ്രീ പോലെ മത്സ്യത്തൊഴിലാളി സ്ത്രീകളെ 5 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് ഓരോ അംഗങ്ങൾക്കും 10,000 രൂപ വീതം 50,000 രൂപ ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ നിക്ഷേപിക്കും. ഈ 50,000 രൂപ ഇവർക്ക് ലോണായി ലഭിക്കും.

തിരിച്ചടവ് കൃത്യമായി പാലിക്കുകയാണെങ്കിൽ അടുത്ത ഘട്ടത്തിൽ ഓരോ അംഗത്തിനും 2 ലക്ഷം രൂപ വരെ ലോൺ ലഭിക്കും. കേരള ഗ്രാമീൺ ബാങ്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

8.5 ശതമാനം വരെ പലിശ ലോണിന് ഈടാക്കുമെങ്കിലും സർക്കാർ സബ്സിഡിയായി ഈ തുക തിരിച്ചുനൽകും. 3 വർഷമാണ് ലോൺ കാലാവധി. ഇതിന് മുൻപ് അടച്ചുതീർക്കുകയാണെങ്കിൽ അടുത്ത ലോൺ എടുക്കാം. പദ്ധതിയുടെ നടത്തിപ്പിനായി ഇരു ജില്ലകളിലുമായി 10 പേരെ ഫിഷറീസ് വകുപ്പ് നിയമിച്ചിട്ടുണ്ട്. വിജയിച്ചാൽ സംസ്ഥാനത്ത് 30,​000 മത്സ്യത്തൊഴിലാളി സ്ത്രീകൾക്കിടയിൽ വ്യാപിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം.

 പദ്ധതി ചെലവ്- 1.78 കോടി രൂപ

ആദ്യഗഡുവായി അനുവദിച്ചത്: 1 കോടി രൂപ

 അവസരം: മത്സ്യവിപണന രംഗത്തുള്ളവർക്ക്

 ലോൺ: പലിശരഹിതം

അപേക്ഷിച്ചവരിൽ നിന്നും 1000 പേരെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. ഡിസംബർ അവസാനത്തോടെ ലോൺ ലഭ്യമാക്കും. തിരിച്ചടവ് കൃത്യമാണെങ്കിൽ ബാങ്ക് കൂടുതൽ തുക ഗ്രൂപ്പുകൾക്ക് നൽകും.

- ശ്രീലു എം.എസ്

ഫിഷറീസ് വകുപ്പ് ജോ.സെക്രട്ടറി