ചിറയിൻകീഴ്: ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂളിൽ ഹൈടെക് മന്ദിരം ഒരുങ്ങുന്നു. 35000 സ്ക്വയർ ഫീറ്റിൽ നാല് നിലകളായാണ് മന്ദിരം പണിയുന്നത്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കാക്കുന്നതിന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. 42 ക്ലാസ് മുറികളാണ് മന്ദിരത്തിനുള്ളത്. ക്ലാസ് മുറികളിൽ ലൈബ്രറിയും മിനറൽ വാട്ടർ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ഈ മന്ദിരം ഉപകാരപ്പെടും. രണ്ട് നിലയുടെ നിർമാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു.നാലാമത്തെ നിലയിൽ 1200 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയമാണ് നിർമിക്കുന്നത്. ഡിജിറ്റൽ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസുകൾ, കലാകായിക പരിശീലനത്തിനായുള്ള നൂത സംവിധാനങ്ങൾ നിലവിൽ ഇവിടെയുണ്ട്. കേരളത്തിലാദ്യമായി സ്റ്റീം കിച്ചൻ സംവിധാനം ഏർപ്പെടുത്തിയതും ഈ സ്കൂളിലാണ്. 1907ൽ എം.പി പരമേശ്വരൻ പിള്ള മലയാളം പള്ളിക്കൂടമായി ആരംഭിച്ച സ്കൂളാണ് പിന്നീട് ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ, ശ്രീചിത്തിര വിലാസം എൽ.പി സ്കൂൾ, ശ്രീ ശാരദാവിലാസം ഗേൾസ് ഹൈസ്കൂൾ, ശ്രീശാരദാവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുകളായി മാറിയത്. നിരവധി പ്രതിഭാധനന്മാരെ സംഭാവന ചെയ്ത സ്കൂളാണിത്. അന്തരിച്ച പ്രശസ്ത നടൻ പ്രേംനസീർ, ജി.കെ പിള്ള, ഭരത് ഗോപി, ജസ്റ്റിസ് ഡി.ശ്രീദേവി, ശോഭനാ പരമേശ്വരൻ, കെ.പി ബ്രഹ്മാനന്ദൻ പട്ടിക ഇനിയും നീളും. ആൺകുട്ടികൾക്കായി പ്ലസ് ടു ഇല്ലാത്ത അപൂർവം പഞ്ചായത്തുകളിലൊന്നാണ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്. ഹൈടെക്കാക്കുന്ന ഇവിടേയ്ക്ക് ആൺകുട്ടികൾക്കായി പ്ലസ് ടു അനുവദിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.