തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ കുമ്മനടി പ്രയോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് അതൃപ്തി.
ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം പരാമർശവിധേയമായി. അരൂരിൽ മന്ത്രി ജി. സുധാകരൻ നടത്തിയ പൂതന പ്രയോഗവും പരാമർശിക്കപ്പെട്ടു. മന്ത്രിമാരടക്കമുള്ള മുതിർന്ന നേതാക്കൾ പദപ്രയോഗങ്ങൾ നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് നേതൃത്വം നിർദ്ദേശിച്ചു.
വട്ടിയൂർക്കാവിലെ കുമ്മനടി പ്രയോഗത്തിൽ പിന്നീട് മന്ത്രി കടകംപള്ളി മാപ്പ് പറഞ്ഞിരുന്നു. അത് നേതൃത്വം നിർദ്ദേശിച്ചതിനെ തുടർന്നായിരുന്നു എന്നാണ് സൂചന. മന്ത്രി സുധാകരൻ ആരെയും പേരെടുത്ത് പറഞ്ഞല്ല വിമർശിച്ചത് എങ്കിലും അത് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് എതിരെയാണെന്ന ആക്ഷേപം ഉയർന്നത് എതിരാളികൾക്ക് ആയുധമായി. ആരെയും വ്യക്തിപരമായി പരാമർശിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സുധാകരനെതിരായ പരാതി തള്ളിയിരുന്നു.
ഉപതിരഞ്ഞെടുപ്പുകളിൽ പാലാ ഫലത്തിന്റെ സ്വാധീനം ചില മണ്ഡലങ്ങളിലെങ്കിലും നേരിയ തോതിൽ പ്രതിഫലിച്ചേക്കാമെന്ന വിലയിരുത്തൽ സെക്രട്ടേറിയറ്റിലുണ്ടായി. അരൂരിന് പുറമേ വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലും പ്രതീക്ഷയുണ്ട്. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നടത്തിയ ശബരിമല പരാമർശം ദോഷം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. എൻ.എസ്.എസ് നേതൃത്വം സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ടെങ്കിലും അതേ നിലയിൽ പ്രതികരിക്കേണ്ടെന്നാണ് ധാരണ.