കിളിമാനൂർ: സാധാരണക്കാരുടെ സുരക്ഷയ്ക്കായി സി.സി. ടിവി ഉൾപ്പടെയുള്ള ആധുനിക സംവിധാനങ്ങൾ വിവിധ കവലകളിൽ സ്ഥാപിക്കുമെങ്കിലും ഇരട്ടച്ചിറ ജംഗ്ഷനിലുള്ളവർക്ക് അതിന്റെ ആവശ്യമില്ലെന്നുതന്നെ പറയാം. പകരം അവർക്ക് സംരക്ഷണമൊരുക്കാൻ ഹണി ബീയും മക്കളുമുണ്ട്. കിളിമാനൂർ ടൗണിൽ ഇരട്ടച്ചിറ ജംഗ്ഷനിലാണ് ഹണീബി എന്ന നായയും മക്കളും കള്ളന്മാരിൽ നിന്നും കാട്ടുമൃഗങ്ങളിൽ നിന്നും നാട്ടുകാരെ രക്ഷിച്ചു വരുന്നത്. രണ്ടു വർഷം മുൻപാണ് ഹണീബി ഇരട്ടച്ചിറയിൽ എത്തുന്നത്. സുന്ദരിയായ ഇവൾക്ക് ഭക്ഷണവും സുരക്ഷയുമൊരുക്കിയ നാട്ടുകാർ അവൾക്ക് ഹണീബി എന്ന പേരുമിട്ടു. സാധാരണ നായകളെക്കാൾ ബുദ്ധിയും കൗശലവും ഇവൾ പ്രകടിപ്പിച്ചിരുന്നു. തിരക്കേറിയ എം.സി റോഡ് മുറിച്ചുകടക്കാൻ ഇവൾ കാട്ടിയ മിടുക്കും മക്കൾക്കായി ഭക്ഷണം എത്തിക്കുന്ന ശൈലിയുമൊക്കെ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ ഹണീബി നാട്ടിലെ താരമായി. പിന്നെ ഇവളെ നവ മാദ്ധ്യമങ്ങളും ഏറ്റെടുത്തു. ഇതിനിടെ ഇവൾ ജന്മമേകിയ നാല് മക്കളും അമ്മയുടെ നിർദ്ദേശങ്ങൾ പാലിച്ചു തുടങ്ങി. റോഡ് മുറിച്ചുകടക്കാൻ അവൾ മക്കളെ അനുവദിച്ചിരുന്നില്ല. ഭക്ഷണം കിട്ടിയാൽ അത് അക്കരെയെത്തി മക്കൾക്ക് നൽകിയിരിക്കും. ഇതൊക്കെ അവരുടെ സ്വകാര്യം. പക്ഷേ ഇരട്ടച്ചിറ ജംഗ്ഷന് സമീപം ഇവർ നിർണയിച്ച പരിധിക്കുള്ളിൽ മറ്റു നായകൾക്കെന്ന് മാത്രമല്ല വന്യമൃഗങ്ങൾക്കും വിലക്കേർപ്പെടുത്തി. കുരങ്ങുകൾ, മയിലുകൾ, കാട്ടുപന്നികൾ എന്നിവ കൊടികുത്തി വാഴുന്ന ഇടമാണ് ഇരട്ടച്ചിറ. പകൽ കുരങ്ങുകളും രാത്രിയിൽ പന്നികളും നാട്ടുകാർക്ക് ശല്യമായി മാറിയിട്ട് കാലമേറെയായി. ഇരട്ടച്ചിറ കുന്നിൽ തമ്പടിച്ചിരിക്കുന്ന ഇവറ്റകൾക്ക് ഹണീബിയുടെ പരിധിയിലുള്ള പ്രദേശത്തിറങ്ങാൻ ഇവർ അനുവദിക്കില്ല. കുരച്ച് പാഞ്ഞടുക്കുന്ന ഇവരെ കാണുമ്പോൾ പന്നിക്കൂട്ടം ഓടി ഒളിക്കുന്ന സ്ഥിതിയായി. ഇതു കാരണം കുറച്ചു വീട്ടുകാർക്ക് ഭയപ്പാടില്ലാതെ കഴിയാം. കഴിഞ്ഞ ദിവസം ഒറ്റപ്പെട്ടുപോയ ഒരു കുരങ്ങന് മണിക്കൂറുകളോളം മരക്കൊമ്പിൽ തങ്ങേണ്ട ഗതികേടുണ്ടായി. തുടർന്ന് ഇരുളിന്റെ മറവിലാണ് കുരങ്ങൻ രക്ഷപ്പെട്ടത്.