തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥികൾ തെറിച്ചു വീണ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഡി.പി.ഐ ജംഗ്ഷനിൽ വച്ച് ബസിന്റെ മുൻവശത്തെ വാതിൽ തുറന്ന് തെറിച്ചുവീണത്. മൂന്നാഴ്ച മുൻപ് കോവളം ഭാഗത്ത് ബസിൽ നിന്ന് വീണ് രണ്ടു കുട്ടികൾക്ക് പരിക്കേറ്റിരുന്നു. അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ ഉത്തരവാദിത്വപ്പെട്ടവരുടെ അശ്രദ്ധയാണ് വ്യക്തമാക്കുന്നതെന്നും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുള്ള അവകാശം ഒരുക്കിക്കൊടുക്കേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമാണെന്നും ചെയർമാൻ പി. സുരേഷ് ചൂണ്ടിക്കാട്ടി.
സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്‌പോർട്ട് കമ്മിഷണർ, കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ, ജില്ല ശിശു സംരക്ഷണ ഓഫീസർ എന്നിവർ രണ്ടാഴ്ചയ്ക്കകം സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിദേശിച്ചു.