sabarimala-women-entry

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാല വഴിപാടുകൾക്ക് അടക്കമുള്ള ലേലം കരാറുകാർ ബഹിഷ്കരിച്ചാൽ ഹൈക്കോടതിയുടെ അനുമതിയോടെ ആ ചുമതലകൾ ദേവസ്വം ബോർഡ് നേരിട്ടു നിർവഹിക്കുന്നത് പരിഗണിക്കും. ഒക്ടോബർ 14, 15 തീയതികളിലാണ് ലേലം.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ലേലത്തുകയ്ക്ക് ബാങ്ക് ഗാരന്റി നൽകണമെന്ന നിബന്ധന വച്ചതോടെ ലേലത്തിൽ നിന്ന് വിട്ടു നിൽക്കാനാണ് കരാറുകാരുടെ നീക്കം. കഴിഞ്ഞ ബോർഡിന്റെ കാലത്ത് 16.5 കോടിയോളം രൂപയാണ് കരാറുകാർ അടയ്ക്കാനുണ്ടായിരുന്നത്. പ്രളയം പരിഗണിച്ച് കരാർതുകയിൽ കുറവു വരുത്തണമെന്ന് കരാറുകാർ ആവശ്യപ്പെട്ടെങ്കിലും ബോർഡ് അംഗീകരിച്ചില്ല. മൂന്നു കോടിയോളം രൂപയായിരുന്നു പലരുടേതായി കുടിശ്ശിക. ഇവരെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു. ഇതിനെതിരെ അവർ കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

ലേലത്തുകയിൽ ഗണ്യമായ കുറവു വന്നാൽ ബോർഡിലെ പെൻഷനും ശമ്പളവുമടക്കം മുടങ്ങുന്ന സാഹചര്യമാകും. ബാങ്കിലെ സ്ഥിരനിക്ഷേപത്തിൽ നിന്ന് വായ്പയെടുത്താണ് കരാറുകാരുടെ കുടിശിക തീർത്തതും ശമ്പളവും പെൻഷനും നൽകിയതും. ഇതിനെതിരെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടന രംഗത്തു വന്നിട്ടുണ്ട്.ഏഴു ശതമാനം പലിശയ്ക്ക് ധനലക്ഷ്മി ബാങ്കിൽ കരുതൽനിക്ഷേപം നടത്തിയിട്ടുള്ള പണത്തിൽ നിന്ന് ഒമ്പതു ശതമാനം പലിശ നൽകിയാണ് വായ്പ എടുത്തതെന്നാണ് ആക്ഷേപം.

പ്രതിസന്ധിയില്ല: പ്രസിഡന്റ്

ദേവസ്വം ബോർഡിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.ബോർഡ് നിക്ഷേപിച്ചിട്ടുള്ള തുകയിൽ നിന്നാണ് താത്കാലിക ആവശ്യത്തിന് പണമെടുത്തിട്ടുള്ളത്. കഴിഞ്ഞ മണ്ഡലകാലത്തെ വരുമാനക്കുറവ് പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച 100 കോടിൽ 30 കോടിയാണ് ഇതുവരെ അനുവദിച്ചത്. എന്നാൽ പ്രത്യേക അക്കൗണ്ട് തുടങ്ങുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയേ പണം ലഭിക്കൂ.തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഇതിന് താമസം നേരിട്ടു. 21-ാം തീയതി കഴിഞ്ഞാൽ ആദ്യ ഗഡു അക്കൗണ്ടിലെത്തും.വായ്പയെടുത്ത തുക അപ്പോൾ തിരിച്ചടയ്ക്കാനുമാവും.