gold-smuggling

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കോടികളുടെ സ്വർണം കടത്തിയ കേസിൽ ആറു പ്രതികൾക്കെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഇക്കണോമിക്സ് ഇന്റലിജൻസ് ബ്യൂറോ കോഫെപോസ (കൺസർവേഷൻ ഒഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഒഫ് സ്മഗ്‌ളിംഗ് ആക്ടിവിറ്റീസ്) ചുമത്തി. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കേന്ദ്രം കോഫെപോസ വിജ്ഞാപനം കൈമാറിയതിനെത്തുടർന്ന് മൂന്ന് പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരെ ഒരുവർഷം കരുതൽ തടങ്കലിലാക്കും.

എയർ കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണൻ, സ്വർണക്കടത്തിലെ പ്രധാനികളായ തിരുമല ശ്രീമന്ത്ര ഗാർഡൻസിൽ വിഷ്‌ണു സോമസുന്ദരൻ, കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകൻ ബിജു മോഹനൻ, പാങ്ങോട് സ്വദേശി പ്രകാശൻ തമ്പി, കാരിയർമാരായ തിരുമല സ്വദേശിയായ കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ, കഴക്കൂട്ടത്ത് താമസിക്കുന്ന ആലുവ സ്വദേശിനി സെറീന ഷാജി എന്നിവർക്കെതിരെയാണ് കോഫെപോസ ചുമത്തിയത്. ഇതിൽ പ്രകാശൻ തമ്പി, ബിജു മോഹനൻ, സെറീന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സെറീനയ്ക്കൊപ്പം 25 കിലോഗ്രാം സ്വർണം കടത്തിയ സുനിൽകുമാർ ക്രൈംബ്രാഞ്ചിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹം ബംഗളൂരുവിലാണെന്ന് പൊലീസ് പറയുന്നു. വിഷ്‌ണുവിനെക്കുറിച്ചും വിവരമൊന്നുമില്ല. വാഹനാപകടത്തിൽ മരിച്ച വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു പ്രകാശൻ തമ്പിയും വിഷ്‌ണുവും. സ്വർണക്കടത്ത് കേസിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെയും (ഡി.ആർ.ഐ) സി.ബി.ഐയുടെയും അന്വേഷണം പുരോഗമിക്കുകയാണ്.

കസ്റ്റംസ് സൂപ്രണ്ടിന്റെ സഹായത്തോടെ ഈ സംഘം 750 കിലോയി​ലേറെ സ്വർണം കടത്തിയതായി ഡി.ആർ.ഐ പറഞ്ഞു. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യും. ഒരുകോടി രൂപയ്ക്ക് മേൽ കള്ളക്കടത്ത് നടത്തുന്നവർക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്. കോഫെപോസ പ്രകാരം അറസ്​റ്റിലാകുന്നവരെ ഒരു വർഷംവരെ കരുതൽ തടങ്കലിൽ വയ്ക്കാം.

വിമാനത്താവളത്തിൽ കള്ളക്കടത്ത് തടയാനുള്ള പ്രിവന്റീവ് യൂണിറ്റിന്റെ ഇൻചാർജായിരുന്നു എയർ കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണൻ. സ്വർണക്കടത്തുകാർ എത്തുമ്പോൾ ഡ്യൂട്ടിയിലുള്ളവരെ മാറ്റി രാധാകൃഷ്ണൻ നേരിട്ട് ബാഗുകൾ പരിശോധിച്ചെന്നും കണ്ടെത്തി. ഒരുതവണ എക്‌സ്‌റേ പരിശോധന നടത്തുകയായിരുന്ന കസ്റ്റംസ് ഇൻസ്‌പെക്ടറെ മാറ്റി, സൂപ്രണ്ട് കസേരയിലിരിക്കുന്നതിന്റെ ദൃശ്യങ്ങളും ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്.

25 കാരിയർമാർ ഒളിവിൽ

വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ 25 വനിതാ കാരിയർമാരെ ഡി.ആർ.ഐ കണ്ടെത്തി. ഇവരെല്ലാം അന്യസംസ്ഥാനങ്ങളിൽ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യാൻ ഡി.ആർ.ഐ ശ്രമിച്ചിരുന്നു. സംഘത്തിൽപെട്ട സ്ത്രീകൾ ദേശീയ വനിതാ, മനുഷ്യാവകാശ കമ്മിഷനുകളിൽ ഹർജി നൽകിയിരിക്കുകയാണ്. ഇതിൽ തീരുമാനമാകാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് ഡി.ആർ.ഐ അറിയിച്ചു.