
വക്കം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മുങ്ങിമരിച്ച വക്കം നിലയ്‌ക്കാമുക്ക് സ്വദേശി ഹരിചന്ദിനും നിലയ്‌ക്കാമുക്ക് സ്വദേശി ദേവനാരായണിനും ബന്ധുക്കളുടെയും കൂട്ടുകാരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെ വർക്കല പാപനാശത്തിന് സമീപത്ത് തിരുവമ്പാടിയിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ദേവനാരായണന്റെയും ഹരിചന്ദിന്റെയും മൃതദേഹം കടയ്ക്കാവൂർ എസ്.എസ്.പി.ബി ഹൈസ്‌കൂളിൽ പൊതുദർശനത്തിനുവച്ചു. ഇരുവരുടെയും ചേതനയറ്റ ശരീരം കണ്ട സുഹൃത്തുക്കൾ പലരും വിങ്ങിപ്പൊട്ടി. പ്രിൻസിപ്പലും അദ്ധ്യാപകരും ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് വിലാപയാത്രയായി കൊണ്ടുപോയ മൃതദേഹങ്ങൾ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഇവർക്ക് അന്തിമോപചാരമർപ്പിക്കാൻ നിരവധിപേർ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ ഇവരുൾപ്പെട്ട എട്ടംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. ശക്തമായ വേലിയേറ്റത്തിൽ മൂന്ന് പേർ കടലിൽ അകപ്പെട്ടു. ഒരാളെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും ദേവനാരായണനെയും ഹരിചന്ദിനെയും കാണാതാവുകയായിരുന്നു.