250 ഇലക്ട്രിക്, 250 ഡീസൽ
തിരുവനന്തപുരം: രണ്ട് ഘട്ടമായി 500 ബസുകൾ ഡ്രൈവറടക്കം വാടകയ്ക്കെടുത്ത് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തീരുമാനം. ആദ്യ ഘട്ടത്തിൽ 250 ഇലക്ട്രിക് ബസുകൾക്ക് ടെൻഡർ ക്ഷണിച്ചു. ശബരിമല സീസണിൽ സർവീസ് നടത്താനാണിത്. രണ്ടാം ഘട്ടത്തിൽ സൂപ്പർക്ലാസ് സർവീസിനാണ് 250 ഡീസൽ ബസുകൾ.
ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന് കേന്ദ്രസർക്കാരിന്റെ 50 ശതമാനം സബ്സിഡി ഉണ്ടായിരിക്കെയാണ് അതിനു ശ്രമിക്കാതെ വാടക വണ്ടിക്ക് ടെൻഡർ ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങൾ ഈ ആനുകൂല്യം മുതലാക്കി സ്വന്തമായി ബസുകൾ വാങ്ങുകയാണ്. വാടക വണ്ടിക്ക് സബ്സിഡി കിട്ടില്ല. അതിനാൽ,എസ്.പി.വി ( സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) രൂപീകരിച്ച് ആനുകൂല്യം നേടിയെടുക്കാൻ കഴിയുമോയെന്നു ഗതാഗത വകുപ്പ് പരിശോധിക്കുന്നുണ്ട്. വാടക വണ്ടികൾ നഷ്ടമുണ്ടാക്കുന്നുവെന്ന് നേരത്തെവ്യക്തമായതാണ്. പക്ഷേ, വേറെ വഴിയില്ലെന്നാണ് കോർപ്പറേഷന്റെ വാദം. പുതിയ ബസിന് സർക്കാർ പണം അനുവദിക്കുന്നുമില്ല.
നിലവിൽ 10 ഇ-ബസുകൾ
നീളം- 9 മീറ്റർ, സീറ്റ് -31, എ.സി
പുതിയ 250 ഇ-ബസുകൾ
നീളം -12 മീറ്റർ, സീറ്ര്- 45, നോൺ എ.സി
പ്രതിദിന നഷ്ടം 60,000 രൂപ
കിലോമീറ്ററിന് 43 രൂപ നൽകിയാണ് ഇപ്പോൾ 10 ഇ-ബസുകൾ സർവീസ് നടത്തുന്നത്. കണ്ടക്ടർ കെ.എസ്.ആർ.ടി.സിയുടേതാണ്. വൈദ്യുതി ചെലവും കെ.എസ്.ആർ.ടി.സി വഹിക്കണം. ഒരു കിലോമീറ്റർ ഓടുമ്പോൾ കോർപ്പറേഷന് നഷ്ടം 20 രൂപ. ഒരു ബസ് പ്രതിദിനം 300 കിലോമീറ്റർ ഓടുന്നു. നഷ്ടം 6000 രൂപ. 10 ബസോടുമ്പോൾ നഷ്ടം 60,000 രൂപ.
ഡീസൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ വാടകയ്ക്കെടുക്കാനായിരുന്നു ആദ്യം പദ്ധതി. ഇതു സംബന്ധിച്ച് കേരളകൗമുദിയിൽ വാർത്ത വന്നതോടെ നെറ്റ് ലീസ് പദ്ധതി ഉപേക്ഷിച്ചു. തുടർന്ന്, ഇ-ബസിന്റെ മാതൃകയിൽ ഡീസൽ ബസുകളും ഡ്രൈവർ ഉൾപ്പെടെ വാടകയ്ക്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.ടെൻഡർ ഉടൻ ക്ഷണിക്കും.