psc-exam

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പേർക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പ്രധാന പ്രതികളായ പ്രണവ്, ഗോകുൽ, സഫീർ എന്നിവരുടെ സുഹൃത്തുക്കണ് ഇവർ. രണ്ട് പേർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് സൂചന. പ്രണവ് ഉൾപ്പടെയുള്ളവർ അറസ്​റ്റിലായതിന് പിന്നാലെ രണ്ടുപേരും ഒളിവിൽ പോയതായും അന്വേഷണ സംഘം വ്യക്തമാക്കി.പ്രണവ്, സഫീർ എന്നിവരെ ക്രൈം ബ്രാഞ്ച് സംഘം കസ്​റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തോടെയാണ് സുഹൃത്തുക്കളായ രണ്ടുപേർ മുങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇരുവർക്കും പരീക്ഷാ തട്ടിപ്പുമായി ബന്ധമുണ്ടെന്ന സൂചനകളാണ് പ്രണവിൽ നിന്നും സഫീറിൽ നിന്നും ലഭിച്ചത്.
പരീക്ഷയുടെ ഉത്തരങ്ങൾ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർക്ക് എസ്.എം.എസായാണ് ലഭിച്ചത്. യൂണിവേഴ്‌സി​റ്റി കോളേജിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നായിരുന്നു ചോദ്യം പുറത്തെത്തിച്ചത്. പ്രധാന പ്രതികളെല്ലാം പിടിയിലായെങ്കിലും ചോദ്യ പേപ്പർ പുറത്തെത്തിച്ച വ്യക്തിയെ പിടികൂടാനായിട്ടില്ല.
വിവാദമായ കാസർകോട് കെ.എ.പി 4ാം ബ​റ്റാലിയൻ റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു ഫോണുകളിൽ നിന്ന് 96 സന്ദേശങ്ങൾ എത്തിയതായി ഹൈടെക് സെൽ കണ്ടെത്തിയിരുന്നു. 9 എണ്ണം പരീക്ഷ ആരംഭിച്ച സമയത്തും അതിനു മുൻപുമായിരുന്നു. പരീക്ഷാ സമയത്തിനിടയ്ക്ക് 81 സന്ദേശങ്ങളെത്തി. രണ്ടാം റാങ്കുകാരനായ പ്രണവിന്റെ ഫോണിലേക്ക് പരീക്ഷാ സമയത്ത് 78 സന്ദേശങ്ങളെത്തി. കേസിലെ രണ്ടാംപ്രതിയും 28ാം റാങ്കുകാരനുമായ നസീം പി.എസ്.സിയിൽ രജിസ്​റ്റർ ചെയ്ത ഫോണിലേക്ക് സന്ദേശങ്ങളെത്തിയിട്ടില്ല. പകരം ഉപയോഗിച്ച നമ്പറിൽ സന്ദേശങ്ങൾ എത്തിയിട്ടുണ്ടാകാമെന്ന് പൊലീസ് പറയുന്നു. ശിവരഞ്ജിത്ത് ആ​റ്റിങ്ങൽ ആലംകോട് വഞ്ചിയൂർ ഗവ. യു.പി സ്‌കൂളിലും പ്രണവ് ആ​റ്റിങ്ങൽ മാമം ഗോഗുലം പബ്ലിക് സ്‌കൂളിലും നസീം തൈക്കാട് ഗവ. ടീച്ചർ എഡ്യൂക്കേഷൻ കോളജിലുമാണ് പരീക്ഷയെഴുതിയത്.