loknath-behra-sabarimala

തിരുവനന്തപുരം : സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് സൈബർലോകത്ത് കൂടുതൽ പ്രാധാന്യം നൽകണമെന്നും ഡിജി​റ്റൽ ലോകത്ത് ലഭ്യമായ വിവരങ്ങളിൽ ഏതാണ് സ്വീകരിക്കേണ്ടതെന്ന വിവേചനാധികാരം കുട്ടികൾ തന്നെ വിനിയോഗിക്കണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. സൈബർ കു​റ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും അവബോധം നൽകുന്നതിന്‌ പൊലീസും സൈബർഡോമും സംയുക്തമായി സംഘടിപ്പിച്ച കിഡ് ഗ്ലൗവ് ബോധവത്കരണ പരിപാടി നിർമ്മലാ ഭവൻ സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം ഇന്ന് ഡിജി​റ്റൽ വിപ്ലവത്തിലാണെന്നും അത് കൂടുതൽ ബാധിക്കുന്നത് വിദ്യാർത്ഥികളെയാണെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. അവരുടെ സംരക്ഷണത്തിന്‌ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സൈബർ സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതിനായി പൊലീസ് തയ്യാറാക്കിയ കൈപ്പുസ്തകം സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മേഴ്‌സി കുന്നത്തുപുരയിടത്തിന് നൽകി ഡി.ജി.പി പ്രകാശനം ചെയ്തു. കേരള സർവകലാശാല കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ-ഇൻഫർമാ​റ്റിക്‌സ് വിഭാഗം മേധാവി ഡോ. അച്യുത് ശങ്കർ എസ്. നായർ, അലയൻസ് ടെക്‌നോളജി ഐ.​ടി മേധാവി പുഷ്‌കർ ശിരോൽക്കർ, കോശി സാമുവൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നായി 500ലേറെ കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ വിവിധ സൈബർ സുരക്ഷാവിഷയങ്ങളെക്കുറിച്ചുള്ള ശില്പശാലകളും നടന്നു.