നെടുമങ്ങാട് : രാത്രി ദുരൂഹ സാഹചര്യത്തിൽ വീടിനു പിന്നിലെ മതിലിൽ നിന്ന് വീണു പരിക്കേറ്റ യുവാവ് അത്യാസന്ന നിലയിൽ. ആറ്റിങ്ങൽ മുദാക്കൽ സ്വദേശിയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കഴിയുന്നത്. ആനാട് വേമൂട്ടിൽ ഒരു വീടിന്റെ അഞ്ച് മീറ്റർ ഉയരമുള്ള ചുറ്റുമതിലിൽ നിന്നാണ് ഇയാൾ നിലത്ത് വീണത്. വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. വീടിന്റെ സൈഡിലെ കുറ്റിക്കാട്ടിലൂടെ പിൻ ഭാഗത്തെത്തിയ ഇയാൾ മതിലിലൂടെ മുകളിലെ നിലയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീട്ടുവളപ്പിലെ കോൺക്രീറ്റ് തറയിൽ തലയിടിച്ചു വീണതാകാമെന്നാണ് പൊലീസ് ഭാഷ്യം. മുറ്റത്ത് രക്തം തളം കെട്ടിക്കിടപ്പുണ്ട്. ഗൃഹനാഥൻ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം അറിയിച്ചതിനെ തുടർന്ന് പരിസര വാസികളും പൊലീസും എത്തി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
യുവാവിന്റേതെന്ന് കരുതുന്ന മൊബൈൽ ഫോൺ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അല്പം മാറി പാർക്ക് ചെയ്തിരുന്ന ബൈക്കും കണ്ടെത്തി. രാത്രി ഒരു മണിക്ക് മൊബൈലിൽ സംസാരിച്ച് കൊണ്ട് ബൈക്ക് ഓടിച്ചു വരുന്ന യുവാവിന്റെ ദൃശ്യം സമീപത്തെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷണമായിരുന്നില്ല ഇയാളുടെ ലക്ഷ്യമെന്ന് മൊബൈൽ ഫോൺ പരിശോധിച്ച ശേഷം നെടുമങ്ങാട് സി.ഐ രാജേഷ് കുമാർ സൂചിപ്പിച്ചു. അബോധാവസ്ഥയിലായതിനാൽ യുവാവിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല.