തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജിക്കൽ എൻഡോക്രൈനോളജി ആൻഡ് ബ്രസ്റ്റ് ക്ലിനിക്ക് എന്ന പുതിയ ഒ.പി തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 10ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു ഉദ്ഘാടനം നിർവഹിക്കും. തൈറോയിഡ്, അനുബന്ധ അസുഖങ്ങൾ, സ്തനങ്ങളെ സംബന്ധിക്കുന്ന രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായാണ് പുതിയ ഒ.പി ആരംഭിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി, പാരാതൈറോയ്ഡ് ഗ്രന്ഥികൾ, അഡ്രീനൽ ഗ്രന്ഥികൾ, എൻഡോക്രൈൻ പാൻക്രിയാസിന്റെ ഗ്രന്ഥികൾ, ചില ന്യൂറോ എൻഡോക്രൈൻ ഗ്രന്ഥികൾ എന്നിവയുൾപ്പെടെയുള്ള എൻഡോക്രൈൻ ഗ്രന്ഥികളുടെ ശസ്ത്രക്രിയയെ കേന്ദ്രീകരിച്ചുള്ള ഉപസ്‌പെഷ്യാലിറ്റിയാണ് എൻഡോക്രൈൻ ശസ്ത്രക്രിയ. ദിവസേനയെത്തുന്ന രോഗികളുടെ കുത്തൊഴുക്കിനിടയിലും ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള പുതിയ ക്രമീകരണങ്ങളാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പി വിഭാഗങ്ങൾക്ക് ചിട്ടയായ പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. പുതിയ ഒ.പി വരുന്നതോടെ സർജറി ഒ.പിയിലെ തന്നെ നല്ലൊരു വിഭാഗം രോഗികൾക്ക് പ്രത്യേകമായി ചികിത്സ ലഭ്യമാക്കാനും കഴിയും.