തിരുവനന്തപുരം: ബി.ടെക് പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ കൊല്ലം യൂനുസ് കോളേജിലെ അദ്ധ്യാപകനെ സാങ്കേതിക സർവകലാശാല പുറത്താക്കി, കാൽലക്ഷം പിഴ ചുമത്തി. അദ്ധ്യാപകന്റെ ഐ.ഡി റദ്ദാക്കിയതോടെ സർവകലാശാലയുടെ ഒരു കോളേജിലും അദ്ധ്യാപകന് പഠിപ്പിക്കാനാവില്ല. പരീക്ഷാ സമിതിയുടെ ശുപാർശ സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജിലെ മൂല്യനിർണയത്തിൽ സമർത്ഥരായ 20കുട്ടികളെ പരാജയപ്പെടുത്തി. ഒരു വിഷയത്തിന് മാത്രം തോറ്റ ഇവർ മറ്റ് വിഷയങ്ങൾക്ക് വിജയിച്ചു. കൂട്ടത്തോൽവി അന്വേഷിച്ചപ്പോഴാണ് ഇത് ശ്രദ്ധയിൽപെട്ടത്. വായിച്ചു നോക്കുക പോലും ചെയ്യാതെ മാർക്കിട്ടു. മൂല്യനിർണയം തീരെ ഗൗരവത്തിലെടുത്തില്ലെന്ന് സിൻഡിക്കേറ്റ് വിലയിരുത്തി. പല ചോദ്യങ്ങളും മൂല്യനിർണയം നടത്തിയില്ല. വാലുവേഷൻ സ്കീം പാലിച്ചിട്ടില്ല. അലക്ഷ്യമായാണ് മാർക്കിട്ടത്. സ്കീമിലെ മാർക്ക് പ്രകാരമല്ല നൽകിയത്. മാർക്ക് ടാബുലേഷനിലും തെറ്റുണ്ടായി. മൂല്യനിർണയത്തിൽ ക്രമക്കേട് കാട്ടുന്ന അദ്ധ്യാപകർക്ക് ഇതൊരു സന്ദേശമായിരിക്കണമെന്ന് സിൻഡിക്കേറ്റ് വിലയിരുത്തി.
ടി.കെ.എം കോളേജിലെ വിദ്യാർത്ഥിക്ക് മന്ത്രി കെ.ടി.ജലീൽ നടത്തിയ അദാലത്തിലെ നിർദ്ദേശപ്രകാരം മൂന്നാം പുനർമൂല്യനിർണയം നടത്തിയ തീരുമാനം സിൻഡിക്കേറ്റ് അംഗീകരിച്ചു. ആദ്യ മൂല്യനിർണയത്തിൽ പിഴവു വരുത്തിയ തൃശൂർ വിദ്യ അക്കാഡമിയിലെ അദ്ധ്യാപികയെ രണ്ടു വർഷത്തേക്ക് പരീക്ഷാ ജോലികളിൽ നിന്ന് വിലക്കി. ചോദ്യപേപ്പർ രൂപീകരണത്തിൽ നിന്ന് ഇവരെ ആജീവനാന്തം വിലക്കി. പരീക്ഷാചോദ്യപേപ്പർ സ്കൂട്ടണിക്കെത്തിയ ഈ അദ്ധ്യാപിക ചോദ്യപേപ്പർ പുറത്തെത്തിച്ചെന്ന് കണ്ടെത്തി. ചോദ്യപേപ്പറിന്റെ രഹസ്യസ്വഭാവം നഷ്ടമാക്കിയെന്നാണ് കണ്ടെത്തൽ. സമാനമായ പരാതികളിൽ നടപടിയെടുക്കാൻ പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. മൂല്യനിർണയ ക്യാമ്പിൽ ഹാജരാകാത്ത സർക്കാർ, എയ്ഡഡ്, അർദ്ധസർക്കാർ കോളേജുകളിലെ അദ്ധ്യാപകർക്കെതിരേ അച്ചടക്ക നടപടിയെടുക്കും. മൂല്യനിർണയത്തിന് അദ്ധ്യാപകരെ വിട്ടുനൽകാത്ത സ്വാശ്രയ കോളേജുകൾക്ക് പിഴ ചുമത്തും. കോളേജുകളുടെ അഫിലിയേഷനുള്ള മാനദണ്ഡത്തിൽ മൂല്യനിർണയത്തിലെ അദ്ധ്യാപകരുടെ പങ്കാളിത്തം കൂടി ഉൾപ്പെടുത്തും. കോഴ്സുകൾ പൂർത്തിയാക്കിയ ശേഷം ഒരു വിഷയത്തിൽ മാത്രം പരാജയപ്പെടുന്നവർക്ക് പ്രത്യേക മോഡറേഷൻ നൽകാൻ മറ്റ് സർവകലാശാലകൾ നടപ്പാക്കിയ രീതിയിലുള്ള വ്യവസ്ഥകളുണ്ടാക്കാൻ അക്കാഡമിക് കൗൺസിലിനോട് ശുപാർശ ചെയ്തു. സർവകലാശാല തീരുമാനത്തിന് വിരുദ്ധമായി പ്രവേശനം നടത്തിയ കോളേജുകളോട് വിശദീകരണം തേടാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.