1

തിരുവനന്തപുരം : കേന്ദ്രീകൃത ഖരമാലിന്യ സംസ്‌കരണകേന്ദ്രം സ്ഥാപിക്കാത്തതിന് മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭയ്ക്ക് 14.51 കോടി രൂപ പിഴയിട്ട വിഷയം ചർച്ചചെയ്യാനായി ചേർന്ന കൗൺസിൽ യോഗം ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ വാക്പോരിന് വേദിയായി. ബി.ജെ.പി അംഗങ്ങൾ നോട്ടീസ് നൽകിയതിനെ തുടർന്ന് വിളിച്ച യോഗം ബഹളത്തിൽ മുങ്ങി. രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ രേഖാമൂലം നോട്ടീസ് നൽകാത്ത വിഷയത്തിൽ വോട്ടിംഗിന്റെ ആവശ്യമില്ലെന്നു പറഞ്ഞ് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി മേയർ രാഖി രവികുമാർ പ്രമേയം തള്ളി. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപനാണ് പ്രമേയം അവതരിപ്പിച്ചത്. നഗരസഭയിലുണ്ടാകുന്ന 383 ടൺ മാലിന്യത്തിൽ 175 ടൺ മാത്രമേ സംസ്‌കരിക്കുന്നുള്ളൂവെന്നും ബാക്കി നിരത്തിൽ വലിച്ചെറിയുന്നതായും അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച് കോർപറേഷന് നോട്ടീസ് ലഭിക്കാത്തതിനാൽ ചർച്ചയുടെ ആവശ്യമില്ലെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ പറഞ്ഞു. വിളപ്പിൽശാലയിൽ പ്രവർത്തിച്ചിരുന്ന നഗരസഭയുടെ കേന്ദ്രീകൃത ഖരമാലിന്യ സംസ്‌കരണ കേന്ദ്രം കോൺഗ്രസും ബി.ജെ.പിയും ചേർന്ന് വൻ സമരം അഴിച്ചുവിട്ട് പൂട്ടിച്ചതായി അദ്ദേഹം പറഞ്ഞതോടെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. കെ. ശ്രീകുമാറിന്റെ കൈയിൽ നിന്ന് പേപ്പർ പിടിച്ചുവാങ്ങാൻ യു.ഡി.എഫ് അംഗങ്ങൾ ശ്രമിച്ചതോടെ ഭരണപക്ഷത്തു നിന്ന് പാളയം രാജനും എസ്. പുഷ്പലതയും പ്രതിരോധം തീർത്തു. ബി.ജെ.പി അംഗങ്ങൾക്ക് സംസാരിക്കണമെന്നും ബഹളമുണ്ടാക്കി പിരിയാൻ അനുവദിക്കില്ലെന്നും ഇത് ഒത്തുകളിയാണെന്നും ബി.ജെ.പിയിലെ അനിൽ തിരുമല പറഞ്ഞു. പിഴതുക ഭരണപക്ഷത്തു നിന്നും ഈടാക്കണമെന്നും ഇക്കാര്യം വോട്ടിനിട്ടു തീരുമാനിക്കണമെന്നും യു.ഡി.എഫ് നേതാവ് ഡി. അനിൽകുമാർ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയറുടെ അഭ്യർത്ഥനയെ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ സീറ്റുകളിലേക്കു മടങ്ങി. തുടർന്ന് ബി.ജെ.പിയിലെ അനിൽ തിരുമല, സി.പി.ഐയിലെ സോളമൻ വെട്ടുകാട്, ജോൺസൺ ജോസഫ്, സി.പി.എമ്മിലെ ശിവജി എന്നിവർ സംസാരിച്ചു.