കഴക്കൂട്ടം: മദ്യലഹരിയിൽ കഠിനംകുളം എസ്.ഐയുടെ നെഞ്ച് കടിച്ചുപറിച്ച കാർഡ്രൈവർ അറസ്റ്രിൽ. ചിറയിൻകീഴ് കിഴുവിലം തോട്ടവാരം വയലിൽ വീട്ടിൽ പ്രദീപ് (42) ആണ് അറസ്റ്രിലായത്. കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെ കഠിനംകുളം പുതുകുറുച്ചി ജംഗ്ഷന് സമീപം വാഹന പരിശോധനക്കിടെയാണ് എസ്.ഐ എസ്. അഭിലാഷിന്റെ നെഞ്ചിലും വലതു തോളിലും കടിച്ചത്. പെരുമാതുറ നിന്ന് അലക്ഷ്യമായി പ്രതി ഓടിച്ചുവന്ന കാർ, പരിശോധനയുടെ ഭാഗമായി തടഞ്ഞ്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ പ്രദീപിനോട് ആവശ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങിയെങ്കിലും മദ്യലഹരിയിലായിരുന്ന പ്രദീപ് പുറത്തിറങ്ങാൻ തയ്യാറായില്ല. തുടർന്ന് പ്രതിയെ പുറത്തിറക്കി ജീപ്പിൽ കയറ്റുമ്പോൾ പിടി വലിക്കിടെ എസ്.ഐയെ കടിക്കുകയായിരുന്നു. എസ്.ഐ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.