കഴക്കൂട്ടം: നിരവധി കമ്പനികൾ പ്രവർത്തിക്കുന്ന വ്യവസായ മേഖലയായ മേനംകുളം തുമ്പ കിൻഫ്ര അപ്പാരൽ പാർക്കിലെ ഇൻഡ്രോയൽ ഫർണിച്ചറിന്റെ മെത്ത നിർമ്മാണ യൂണിറ്റിൽ തീപിടിത്തം. ഇന്നലെ രാത്രി 9.30യോടെയാണ് തീപിടിത്തം ഉണ്ടായത്. വലിയ തോതിൽ പുകയും തീയും ഉയരുന്നത് കണ്ട കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ കഴക്കൂട്ടം പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. തുടർന്ന് കഴക്കൂട്ടം, ചാക്ക, ചെങ്കൽചൂള എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്റണവിധേയമാക്കിയത്. രണ്ട് മണിക്കൂറിന് ശേഷമാണ് തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞത്. പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലേക്ക് തീ പടർന്ന് പിടിക്കാത്തതിനാലും കമ്പനിയിൽ ജീവനക്കാർ ഇല്ലാത്തതിനാലും വൻ ദുരന്തം ഒഴിവായി. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. കിൻഫ്രയിൽ മുമ്പ് ആശാപുര ക്ളേ ഫാക്ടറിയിലും തീപിടിത്തം ഉണ്ടായിട്ടുണ്ട്.