കവികളെ എല്ലാവർക്കും തിരിച്ചറിയാൻ സാധിക്കണമെന്നില്ല. മഹാകവികളെയാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. കവിഹൃദയങ്ങളെ തിരിച്ചറിയണമെങ്കിൽ ആ ഹൃദയമിടിപ്പിന്റെ അതേ വേഗത്തിലും താളത്തിലും സഞ്ചരിക്കുന്ന മനസുകൾ തന്നെ ഉണ്ടാവേണ്ടതുണ്ട്. അത്തരം മനസുകൾ അങ്ങനെയൊന്നും പാകപ്പെട്ട് വരണമെന്നില്ല. അത് പാകപ്പെട്ട് വരുന്നതും ഒരു കലയാണെന്ന് നിരൂപകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ മനസുകൾ പാകപ്പെട്ട് വരുമ്പോൾ മാത്രമായിരിക്കും ഒരു മഹാകവിയുടെ കാവ്യജീവിതം സാർത്ഥകമായിത്തീരുക.
അങ്ങനെ സാർത്ഥകമായ കാവ്യസപര്യയാണ് കവിമന്ത്രി ജി.സുധാകരന്റേത് എന്ന് ആർക്കാണറിയാത്തത് ! ആ കവിഹൃദയത്തെ തിരിച്ചറിഞ്ഞിട്ടുള്ളത് പ്രസിദ്ധ നിരൂപകൻ കൂടിയായ ഇ.പി. ജയരാജൻ മന്ത്രിയവർകളായിരുന്നു. കവിമന്ത്രി ജി.സു. പൂതനയെക്കുറിച്ച് പാടിയപ്പോൾ ആ വരികളിലൊളിഞ്ഞ് കിടപ്പുള്ള ആന്തരികസമസ്യകളെ വലിച്ചുവാരി പുറത്തിടാൻ ജയരാജൻമന്ത്രിക്ക് സാധിച്ചതും അതുകൊണ്ടായിരുന്നു. കാവ്യാസ്വാദകൻ മാത്രമായ കോടിയേരി സഖാവാകട്ടെ, പൂതനപ്പാട്ട് പാടിയത് കവിയുടെ ഭാവനയായി കണ്ട് ആസ്വദിക്കുകയുമുണ്ടായി. അതിരിക്കട്ടെ.
ജി.സു പാടിയത് പുരാണങ്ങളിലുള്ളതിനെ ഓർമ്മിപ്പിക്കലായിരുന്നു എന്നാണ് ജയരാജൻമന്ത്രിയുടെ വിവക്ഷ. ആ പൂതന പ്രയോഗം സാഹിത്യാത്മക പരാമർശമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. അത് അദ്ദേഹം വെറുതെ പറഞ്ഞതായിരുന്നില്ല. ആരാണ് നീ ഒബാമ, ബിൻലാദൻ, നിറരഹിത വിപ്ലവം, പൂച്ചേ പൂച്ചേ, എനിക്കൊന്നുറങ്ങണം എന്ന് തുടങ്ങി എണ്ണമറ്റ കവിതകളിലൂടെ ആസ്വാദകഹൃദയങ്ങളെ ഇളക്കിമറിച്ച ജി.സു മന്ത്രി സാഹിത്യാത്മക പരാമർശം നടത്തുമെന്ന് അറിയാത്ത ചില കൊടുംപൂച്ചകളുണ്ടെങ്കിൽ മനസിലാക്കിക്കോട്ടെ എന്ന് കരുതിയാണ്. ഭഗവാൻ കൃഷ്ണനെ വധിക്കാൻ കംസൻ അയച്ച പൂതനയെപ്പറ്റിയാണ് ജി.സു പാടിയത് എന്ന് ജയരാജൻമന്ത്രി നിരൂപണം നടത്തിയിരുന്നു. ചെന്നിത്തലഗാന്ധിയോ മുല്ലപ്പള്ളി ഗാന്ധിയോ അന്നേരം കംസന്റെ ചേഷ്ടകൾ കാട്ടിയിരുന്നതായി ചില കിംവദന്തികളുയരുകയുണ്ടായി. ഇതുവരെയും അതിന് സ്ഥിരീകരണമുണ്ടായിട്ടില്ല.
പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂർ എന്നാണ് ജി.സു. പാടിയത്. കള്ളം പറഞ്ഞും കണ്ണീരൊഴുക്കിയും ഇങ്ങോട്ടാരും വരേണ്ട എന്നായിരുന്നു അടുത്ത വരി. ഇത് ജയരാജൻമന്ത്രി നിരൂപിച്ചത് പോലെ അങ്ങേയറ്റം സാഹിത്യാത്മകമാണെന്ന് തിരിച്ചറിയാൻ നാഴികയ്ക്ക് നാല്പത് വട്ടം കിഫ്ബിയെ ചീത്ത പറഞ്ഞ് നടക്കുന്ന ചെന്നിത്തലഗാന്ധിക്ക് ഒരിക്കലും സാധിച്ചെന്ന് വരില്ല. ഷാനിമോൾ ഉസ്മാന് ഇത് എന്നെപ്പറ്റി മാത്രമാണ് എന്ന് തോന്നിപ്പോയിട്ടുണ്ടെങ്കിൽ കവിത വായിച്ച് ശീലിക്കാത്തതിന്റെ കുഴപ്പം മാത്രമാണ്. പൂച്ചേ, പൂച്ചേ എന്ന കവിത നാലാവർത്തി വായിച്ചാൽ ഷാനിമോൾ ഉസ്മാനെന്നല്ല, ഹർത്താൽ ഗാന്ധി ഹസ്സൻജിക്ക് പോലും മനസിലായിക്കോളും എന്ന് ജയരാജൻമന്ത്രി പറഞ്ഞിട്ടില്ലെന്നേയുള്ളൂ.
അല്ലെങ്കിലും ജി.സു മന്ത്രി മഹാകവിയായി ജനിച്ചയാളാണ്. ആശാനോ ഉള്ളൂരോ വള്ളത്തോളോ അങ്ങനെയല്ല. അവരൊക്കെ എഴുതിയെഴുതി മഹാകവികളായവരാണ്. ജി.സു ആകട്ടെ ഭൂജാതനായ ഉടൻ ഒരു കേകയാണ് ചൊല്ലിയത് എന്നാണ് പറയപ്പെടുന്നത്. പതിനെട്ട് തികയും മുമ്പേ അദ്ദേഹം കലർപ്പില്ലാത്ത ഒന്നാന്തരമൊരു മഹാകാവ്യം പ്രസിദ്ധപ്പെടുത്തി. അന്ന് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ നേരിട്ടാണ് അദ്ദേഹത്തിന് മഹാകവിപ്പട്ടം സമ്മാനിച്ചത് എന്ന് ഇപ്പറയുന്ന ചെന്നിത്തലഗാന്ധിക്ക് മനസിലാവുമോ? ഇല്ലേയില്ല.
ഇ-മെയിൽ: dronar.keralakaumudi@gmail.com