കാസർകോട്: സിവിൽ സപ്ലൈസ് ഓഫീസിലെ താൽക്കാലിക ജീവനക്കാരി കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീളയെ(30) കൊന്ന് ചാക്കിൽ കെട്ടി ചന്ദ്രഗിരി പുഴയിൽ തള്ളിയ കേസിൽ ഭർത്താവ് ആലക്കോട് സ്വദേശിയും ഓട്ടോഡ്രൈവറുമായ ഷെൽവിൻ ജോണിനെ (35) വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത് കൊലപാതകത്തിലെ വിദഗ്ധമായ ആസൂത്രണം. 'ദൃശ്യം' സിനിമാ കഥയെ വെല്ലുന്ന ആസൂത്രണമാണ് കൊലപാതകം നടത്തുന്നതിലും അത് മൂടിവച്ച് രക്ഷപ്പെടുന്നതിലും ഓട്ടോഡ്രൈവർ കാണിച്ചതെന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവത്തിൽ കാമുകിയെയും പ്രതിചേർക്കുമെന്ന് പൊലീസ് സൂചന നൽകി.
ഇടുക്കി സ്വദേശിനിയായ കാമുകിയുമായുള്ള വഴിവിട്ട ബന്ധത്തിന് ഭാര്യ തടസമായതാണ് പ്രമീളയെ ആസൂത്രിതമായി കൊലപ്പെടുത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കാസർകോട് ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ മേൽനോട്ടത്തിൽ വിദ്യാനഗർ സി.ഐ വി.വി മനോജ്, കാസർകോട് സി.ഐ സി.എ അബ്ദു റഹീം, എസ്.ഐ സന്തോഷ്, എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങൾ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്. പുഴയിൽ നടത്തിയ തെരച്ചിലിൽ പ്രമീളയെ കണ്ടെത്താനായില്ലെങ്കിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇടുക്കി സ്വദേശിനിയായ കാമുകി ഇടയ്ക്കിടെ കാസർകോട്ടെത്തി ഷെൽവിന്റെ കൂടെ താമസിച്ചിരുന്നുവെന്നാണ് പറയുന്നത്.
സംഭവ ദിവസം രാവിലെ ഒന്നും അറിയാത്ത പോലെ ഓട്ടോറിക്ഷയിൽ കുട്ടികളെ സ്കൂളിൽ എത്തിച്ചു മടങ്ങിവന്ന പ്രതി ബഹളം വെച്ച് അയൽവാസികളെ വിളിച്ചു കൂട്ടിയാണ് പ്രമീളയെ കാണാതായ വിവരം അറിയിക്കുന്നത്. പോകുമ്പോൾ പ്രമീള എഴുതിവച്ചതെന്നു പറഞ്ഞു 'എന്നെ അന്വേഷിക്കണ്ട, ഞാൻ പോകുന്നു ..' എന്നുപറയുന്ന ഒരു കത്തും വിവരം അറിഞ്ഞു ക്വാട്ടേഴ്സിൽ എത്തിയ നാട്ടുകാരെ ഷെൽവിൻ കാണിക്കുന്നു. പ്രമീളയുടെ കൈപ്പടയിൽ എഴുതിയതെന്ന് കരുതുന്ന കത്ത് കണ്ടതോടെ തിരോധാനം നാട്ടുകാർ ഉറപ്പിക്കുകയായിരുന്നു. തുടർന്നാണ് ഈ കത്തുമായി വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് ഭാര്യയെ കാണാനില്ലെന്ന പരാതി നൽകുന്നത്.
പ്രമീളയുടെ ഫോണിലേക്ക് വന്നതും പോയതുമായ ഫോൺ കോളുകളുടെ ലിസ്റ്റ് എടുത്തു പൊലീസ് പരിശോധന നടത്തി. ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയതാണോ എന്നറിയാൻ സ്ഥിരമായി വിളിക്കുന്ന കോളുകളുടെ ഉടമകളെ കണ്ടെത്തി അന്വേഷണം നടത്തി. യുവതിയുടെ ഒരു വർഷത്തെ ഫോൺകോളുകൾ നോക്കിയപ്പോൾ എല്ലാവരും ലൈവ് ആയി' നാട്ടിൽ തന്നെയുണ്ടെന്ന് വ്യക്തമായി. തുടർന്ന് പരാതിക്കാരന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്ത് ഫോൺ കോളുകൾ പരിശോധിക്കാൻ തുടങ്ങിയതോടെ പൊലീസിന് സംശയം കുടുങ്ങി. അതിനിടെ യുവാവ് പ്രമീള നേരത്തെ ഉപയോഗിക്കാതെ വെച്ചിരുന്ന ഒരു സിം കാർഡ് ഇതിനിടയിൽ ആക്ടിവേറ്റ് ആക്കി ഉപയോഗിച്ചതും കുരുക്കായി. പ്രമീള എവിടെയോ ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിന് ആയിരുന്നു സിം കാർഡ് ആക്ടിവേറ്റ് ആക്കിയത്.
പ്രമീളയുടേത് അതിവിദഗ്ധമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൊലപാതകമാണെന്ന് സൂചന കിട്ടിയതോടെ നാല് ദിവസം മുമ്പാണ് ചോദ്യം ചെയ്യുന്നതിന് ഭർത്താവായ ഓട്ടോഡ്രൈവറെ സി.ഐ മനോജ് കസ്റ്റഡിയിൽ എടുക്കുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ രാത്രി ഉറക്കമൊഴിഞ്ഞുള്ള ചോദ്യം ചെയ്യലായിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് ചാക്കിൽ കെട്ടി ഓട്ടോറിക്ഷയിൽ കൊണ്ടുപോയ പ്രമീളയുടെ മൃതദേഹം തെക്കിൽ പാലത്തിന്റെ മുകളിൽ നിന്ന് പുഴയിൽ തള്ളിയെന്ന് മൊഴി നൽകിയത്. ഒരു ദിവസം മുഴുവൻ പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് പന്നിപ്പാറയിലെ ക്വാർട്ടേഴ്സിനുള്ളിലും ഒഴിഞ്ഞ പറമ്പുകളിലും പണിതീരാത്ത വീടുകളിലും പൊലീസ് അരിച്ചുപെറുക്കി. ഇതോടെ പൊലീസ് വീണ്ടും ഷെൽവിൻ ജോണിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് കരഞ്ഞു നിലവിളിച്ചു അന്വേഷണ ഉദ്യോഗസ്ഥരുടെ കാലിൽപിടിച്ചു യുവാവ് സത്യം ചെയ്തത്. എന്റെ രണ്ടുമക്കളാണേ സത്യം സാറേ, ഞാൻ അവിടെ തന്നെയാണ് കൊണ്ടിട്ടത്.. എന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. പിന്നെ ഒട്ടും സമയം പാഴാക്കിയില്ല. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും.
സംഭവത്തിന് ശേഷം കനത്ത മഴ പെയ്തിരുന്നു. മൃതദേഹം ഒഴുക്കിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. സാഹചര്യ തെളിവുകൾ പൂർണ്ണമായും കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്നതാണെങ്കിലും മൃതദേഹം കണ്ടെടുക്കുക തന്നെ വേണമെന്നാണ് പൊലീസ് പറയുന്നത്.
വഴിത്തിരിവായത് കാമുകിയുടെ മൊഴി
ഇടുക്കി സ്വദേശിനിയായ കാമുകിയെ തേടിപ്പിടിച്ചു കണ്ടെത്തിയ ശേഷം പൊലീസിന് ലഭിച്ച നിർണ്ണായക മൊഴികളാണ് പ്രമീളയുടേത് കൊലപാതകമാണെന്ന് വെളിവായത്. യുവതിയെ കാണാതായതിന് ശേഷം ഭർത്താവ്, പൊലീസിനോട് പറഞ്ഞ വിവരങ്ങളെല്ലാം പൊളിച്ചടുക്കുന്ന കാര്യങ്ങൾ കാമുകി പറഞ്ഞതോടെ സി.ഐ വി.വി മനോജ് അന്വേഷണം വഴിതിരിച്ചു വിടുകയായിരുന്നു. തുടർന്ന് കാമുകിയുടെ മൊബൈൽ ഫോണിൽ നിന്നുള്ള കോൾ ലിസ്റ്റ് എടുത്തു പരിശോധിച്ചപ്പോൾ യുവതി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയുകയായിരുന്നു.
പന്നിപ്പാറയിലെ വാടക ക്വാർട്ടേഴ്സിൽ വച്ചുണ്ടായ വഴക്കിനിടെ തമ്മിലടിച്ചപ്പോൾ അബദ്ധത്തിൽ മരണം സംഭവിച്ചു എന്നായിരുന്നു പ്രതി ഷെൽവിൻ ജോൺ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, ഇത് ശരിയല്ലെന്നും കൊലയ്ക്ക് ശേഷം കാമുകിക്ക് മൊബൈലിൽ സന്ദേശം കൈമാറിയെന്നും പൊലീസ് കണ്ടെത്തി. 'അവള്‍ പോയി, പിന്നീട് വിളിക്കാം' എന്ന സന്ദേശമാണ് സംഭവം നടന്ന ദിവസം പുലർച്ചെ കാമുകിക്ക് മൊബൈലിൽ അയച്ചുകൊടുത്തത്.