ഊട്ടി ഗുരുകുലത്തിൽ വച്ചു പരിചയിക്കാനിടയായ സുപ്രസിദ്ധ സാഹിത്യകാരനിൽ നിന്ന് ഒരു കാര്യം കൂടി മനസിലാക്കി. പരിഷ്കൃതരാജ്യങ്ങളിലെ സ്കൂളുകളിൽ എല്ലാ ക്ളാസുമുറികളും ഹൈടെക് ആണെങ്കിലും, ആ ഹൈടെക് സംവിധാനങ്ങളൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
''എന്തുകൊണ്ട്?""
''ക്ളാസിൽ അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ കുട്ടികളുടെ ശ്രദ്ധ മുഴുവൻ അവിടെ പ്രദർശിപ്പിച്ചിട്ടുള്ള സ്ക്രീനിലേക്കു തിരിയുന്നു. അദ്ധ്യാപകന്റെ മുഖത്തുനിന്നു നേരിട്ടു ഗ്രഹിക്കുമ്പോഴുള്ള പാരസ്പര്യവും സുഖവും അതുകൊണ്ടു നഷ്ടപ്പെട്ടു പോകുന്നു. പഠിപ്പിക്കൽ എത്രത്തോളം ഹൈടെക് രീതിയിലേക്കു തിരിയുന്നുവോ അത്രയും അദ്ധ്യാപകരുമായുള്ള പാരസ്പര്യം കുട്ടികൾക്ക് കുറയുന്നു.""
''വിദ്യാദാനം ആത്മാവ് ആത്മാവിനോടു നടത്തുന്ന ആത്മസംവേദനമാണ്. കുട്ടികൾ അദ്ധ്യാപകന്റെ മുഖത്തു നേരിട്ടു നോക്കിക്കൊണ്ടിരുന്നു പഠിക്കുമ്പോൾ ആ പ്രക്രിയയിലൊരു സജീവതയുണ്ട്. കുട്ടിയുടെ ശ്രദ്ധ സ്ക്രീനിലായിരിക്കുമ്പോൾ ഈ സജീവത നഷ്ടപ്പെടുകയും വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ജഡസ്വഭാവം കൈവരുകയും ചെയ്യുന്നു. ഇതു കുട്ടികളുടെ സംസ്കാരത്തെയും സ്വഭാവരൂപീകരണത്തെയും സാരമായി ബാധിക്കുന്നു. അതുകൊണ്ട് അധികൃതർ തന്നെ തീരുമാനിച്ചതാണ് ഈ യന്ത്രസംവിധാനങ്ങൾ പ്രവർത്തിപ്പിക്കേണ്ടതില്ല എന്ന്.""
''നമ്മുടെ നാട്ടിൽ ഈ ഹൈടെക് സംവിധാനം സ്വകാര്യ വിദ്യാലയങ്ങളിലേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴതു സർക്കാർ വിദ്യാലയങ്ങളിലും സാർവത്രികമായിരിക്കുന്നു. ഈ നാട്ടിലും ഇപ്പറഞ്ഞ ഗതികേടുണ്ടാകുമോ? സർക്കാരിന് ഇതൊരു അഭിമാനപ്രശ്നമാണ്. കൂടുതൽ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കാനുള്ള നല്ലൊരുപായവും. ഇപ്പറഞ്ഞ ദോഷം ഇവിടെയും ഉണ്ടായിക്കൂടെന്നില്ല. അദ്ധ്യാപകന് വാക്കുകൊണ്ട് പറഞ്ഞു ഫലിപ്പിക്കാനാവാത്ത സന്ദർഭങ്ങൾ വരുമ്പോൾ സഹായമായി യന്ത്രസംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ ബോധനപ്രക്രിയ ആകെക്കൂടി ഹൈടെക് ആക്കുന്നത് കുട്ടികളുടെ സ്വഭാവനൈർമല്യത്തെയും സാംസ്കാരികമായ വളർച്ചയെയും സാരമായി ബാധിക്കും. ഈ യന്ത്രസംവിധാനങ്ങൾ അനിവാര്യമായ സന്ദർഭങ്ങളിൽ മാത്രം പ്രയോജനപ്പെടുത്താൻ അദ്ധ്യാപകർ നിഷ്കർഷ വച്ചാൽ ഇതു മുഖാന്തരം ഉണ്ടാകാവുന്ന ദോഷം നല്ലൊരളവു വരെ കുറയ്ക്കാം.""