red-160

കഥ ഇതുവരെ...

ചന്ദ്രകലയും പ്രജീഷും ചേർന്ന് വടക്കേ കോവിലകം വിൽക്കുവാൻ തീരുമാനിച്ചു. തങ്ങൾ കൊല ചെയ്ത, കോവിലകത്തിന്റെ അവകാശി പാഞ്ചാലിയുടെ പ്രേതം അവരെ ഭയപ്പെടുത്തിയതായിരുന്നു പ്രധാന കാരണം. എം.എൽ.എ ശ്രീനിവാസകിടാവിൽ നിന്ന് കോവിലകത്തിന്റെയും അനുബന്ധ വസ്തുക്കളുടെയും എഗ്രിമെന്റ് സൈൻ ചെയ്ത ശേഷം പത്ത് കോടി രൂപ അഡ്വാൻസും വാങ്ങി മായാർ - മസനഗുഡിയിലേക്കു തിരിച്ച ചന്ദ്രകലയും കാമുകൻ പ്രജീഷും കിടാവിന്റെ തന്നെ കുരുക്കിൽപെട്ട് പണം നഷ്ടപ്പെടുത്തുന്നു. കിടാവിന്റെ മകൻ സുരേഷും കുടുംബവും കോവിലകത്ത് താമസമാകുന്നു. എന്നാൽ ദുർവിധി അവരെയും പിൻതുടരുകയാണ്. സുരേഷിന്റെ മക്കൾ മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പക്ഷേ, സുരേഷ് മരണപ്പെട്ടു. അന്വേഷണം ഇപ്പോൾ സി.ഐ അലിയാർ ഏറ്റെടുത്തു.

തുടർന്ന് വായിക്കുക..

ശിവലിംഗം പാറപ്പുറത്തു നിന്ന് നടുക്കത്തോടെ ചാടിയെഴുന്നേറ്റു.

ചന്ദ്രകലയും പ്രജീഷും ഭീതിയോടെ ചുറ്റും നോക്കി. കാട്ടാന മുന്നിലെത്തിയാൽ തങ്ങളുടെ അന്ത്യം ഉറപ്പാണെന്ന് അവർ മനസ്സിലാക്കി.

പൊടുന്നനെ ഒരു കാറ്റുവീശി. മുളംകാടുകൾ ആടിയുലഞ്ഞു.

തങ്ങളുടെ ഗന്ധം ആനയ്ക്കു കിട്ടിയാൽ...

''ഇതോടെ നമ്മുടെ അദ്ധ്യായം അവസാനിക്കുകയാണ്."

പ്രജീഷ് പിറുപിറുത്തു:

''ഒന്നും വേണ്ടായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. പാഞ്ചാലിയോട് സ്നേഹം നടിച്ച് കോവിലകത്തുതന്നെ കഴിഞ്ഞിരുന്നെങ്കിൽ സൂത്രത്തിൽ അവളെക്കൊണ്ടുതന്നെ എല്ലാം വിൽപ്പിക്കാമായിരുന്നു."

അതുകേട്ട് ആ അവസരത്തിലും ചന്ദ്രകലയ്ക്കു ദേഷ്യം വന്നു.

''പ്രജീഷ് പറയുന്നതു കേട്ടാൽ തോന്നുമല്ലോ എല്ലാത്തിനും കാരണക്കാരി ഞാൻ ഒരാൾ മാത്രമാണെന്ന്. പ്രജീഷിനല്ലായിരുന്നോ എല്ലാത്തിനും ധൃതി? പാഞ്ചാലിയുടെ തലയിൽ പെട്രോൾ ഒഴിച്ചതും തീയിട്ടതും ഞാനല്ലല്ലോ?"

അവളുടെ വാക്കുകളിൽ നീരസം തങ്ങി.

പ്രജീഷ് മറുപടി പറയുവാൻ നാവനക്കിയതേയുള്ളു.

അൻപതു മീറ്ററോളം അകലെ മുളകൾക്കിടയിൽ ഒരാനയുടെ മുഖം കണ്ടു...

വളഞ്ഞു കൂർത്ത കൊമ്പുകൾ..

''ഈശ്വരാ.. അത് ഒറ്റയാനാ." പ്രജീഷിന്റെ വിലാപം തൊണ്ടയിൽ കുരുങ്ങി.

അപ്പോൾ കണ്ടു...

നിലവിളിച്ചുകൊണ്ട് കുതിച്ചുപായുന്ന ശിവലിംഗം.

ആന അയാൾക്കു നേരെ തിരിയുന്നു...

ഏതാനും അടി ഓടിയപ്പോഴേക്കും ശിവലിംഗം ഒരു കല്ലിൽത്തട്ടി എടുത്തെറിയുന്നതുപോലെ മുന്നോട്ടു തെറിച്ചു കമിഴ്‌ന്നു വീണു.

ഒരിക്കൽകൂടി ഒറ്റയാൻ ചിന്നം വിളിച്ചു.

പിന്നെ തല കുലുക്കി, കരിയിലകളെ കാൽക്കീഴിൽ ഞെരിച്ച്, ശിവലിംഗത്തിനു പിറകെ പാഞ്ഞു.

വീണിടത്തുനിന്ന് ചാടിയെഴുന്നേറ്റ് അയാൾ ഓടി.

തൊട്ടു പിറകെ ഒറ്റയാൻ. അതിന്റെ വാൽ ലംബമായി നിന്നു. മണ്ണിൽ കുളിച്ചിരുന്നതിനാൽ ആനയ്ക്ക് ഒരുതരം ചുവപ്പു നിറം തോന്നിച്ചു.

ആനയും ശിവലിംഗവും തമ്മിലുള്ള അകലം കുറഞ്ഞുവന്നു.

അത് തുമ്പിക്കൈ നീട്ടി ഒറ്റ പിടുത്തം.

ശിവലിംഗത്തിന്റെ കാലിൽ...

''രക്ഷിക്കണേ.."

അയാളുടെ അലർച്ച മുളം കാട്ടിൽ നടുക്കമായി പ്രതിധ്വനിച്ചു.

തങ്ങളുടെ കണ്ണിൽ ഇരുൾ പരക്കുന്നതുപോലെ തോന്നി പ്രജീഷിനും ചന്ദ്രകലയ്ക്കും.

അടുത്ത നിമിഷം കണ്ടു...

തുമ്പിക്കൈയിൽ തൂക്കി തന്റെ ശിരസ്സിനു മുകളിലേക്കുയർത്തുന്നു ആന, ശിവലിംഗത്തെ.

പിന്നെ മുന്നോട്ട് ഒറ്റയടി. അയാളുടെ അലർച്ച പകുതിക്കു മുറിഞ്ഞു.

മുളംകൂട്ടത്തിന് ഇടയിലേക്കാണ് ശിവലിംഗത്തിന്റെ ശരീരം ഇടിച്ചിറങ്ങിയത്.

കൂർത്ത മുള്ളുകളുള്ള മുളം ചില്ലുകൾക്കിടയിൽ അയാളുടെ ശരീരം കീറത്തുണി കണക്കെ തൂങ്ങിക്കിടന്നു.

ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നും മഴത്തുള്ളികൾ പോലെ ചോരത്തുള്ളികൾ ഇറ്റുവീണു തുടങ്ങി.

''ഇനി ആന നമുക്കു നേരെ വരും..."

ചന്ദ്രകല അടിമുടി വിറച്ചു.

''നീയൊന്ന് മിണ്ടാതിരിക്ക്. നമ്മൾ തറയിൽ ഇരിക്കുന്നതിനാൽ ആന കണ്ടുകാണാനിടയില്ല. കാറ്റിൽ നമ്മുടെ ഗന്ധവും അതിനു കിട്ടിയിട്ടുണ്ടാവില്ല..."

പ്രജീഷ് ശബ്ദം താഴ്‌ത്തി.

അത് ശരിയായിരുന്നു.

ശിവലിംഗം കുരുങ്ങിക്കിടക്കുന്ന മുളം കാടിനു ചുറ്റും കൂടി ഒരുവട്ടം നടന്നു ഒറ്റയാൻ.

ശേഷം അല്പനേരം കൂടി ചുറ്റിപ്പറ്റി നിന്നു. കാതു കൂർപ്പിച്ച് എന്തെങ്കിലും ശബ്ദം കേൾക്കുന്നുണ്ടോയെന്നു ശ്രദ്ധിച്ചു.

തുടർന്ന് ചന്ദ്രകലയും പ്രജീഷും ഇരിക്കുന്നതിന് നേരെ എതിർഭാഗത്തേക്കു നടന്നു പോയി.

ഇരുവരും ആശ്വാസത്തോടെ നിശ്വസിച്ചു.

''ഇനി, പരുന്ത് റഷീദും മറ്റും വരുന്നതിനു മുൻപ് നമുക്ക് രക്ഷപെടണം..."

പ്രജീഷ് പിറുപിറുത്തു.

''പക്ഷേ എങ്ങനെ?"

ചന്ദ്രകലയ്ക്കു മനസ്സിലായില്ല.

''നിനക്ക് ഒന്നു പുറംതിരിഞ്ഞ് ഇരിക്കാമോയെന്നു നോക്ക്."

മുളകൾക്കിടയിലൂടെ കൈകൾ തിരിച്ച് പുറംതിരിയുക ആയാസകരമായിരുന്നു. മുളംതടികൊണ്ട് അവളുടെ രണ്ടു കൈകളും ഉരഞ്ഞുപൊട്ടി.

അതൊന്നും കാര്യമാക്കിയില്ല ചന്ദ്രകല. എങ്ങനെയും രക്ഷപ്പെടണം. ആ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു.

വല്ല വിധേനയും അവൾ പ്രജീഷിനു പുറം തിരിഞ്ഞിരുന്നു.

തന്റെ ബന്ധിക്കപ്പെട്ട കൈകൾ കൊണ്ടുതന്നെ അയാൾ അവളുടെ കെട്ടുകൾ അഴിക്കാൻ ശ്രമിച്ചു.

ഏറെ നേരത്തെ പ്രയത്നത്തിനുശേഷം അയാൾക്ക് അത് സാധിച്ചു.

പിന്നീട് ചന്ദ്രകല അയാളെയും അഴിച്ചുവിട്ടു.

''ഹോ..." പ്രജീഷ് കൈകൾ വീശിക്കുടഞ്ഞു.

പിന്നെ ഇരുവരും കാലുകളിൽ കടിച്ചുപറ്റി രക്തം കുടിച്ചു വീർത്തിരിക്കുന്ന അട്ടകളെ പറിച്ചു കളയാൻ ഒരു ശ്രമം നടത്തി.

കഴിഞ്ഞില്ല....

ഒരാശയം തോന്നിയതുപോലെ പ്രജീഷ്, ശിവലിംഗം ഇരുന്ന പാറയിലേക്കു നോക്കി.

അവിടെ അയാൾ കുടിച്ചിട്ട് ബാക്കി വച്ചിരിക്കുന്ന നാടൻ ചാരായത്തിന്റെ കുപ്പി കണ്ടു.

''മാർഗ്ഗമുണ്ട്."

അയാൾ ഓടിപ്പോയി കുപ്പിയെടുത്തു. അതിൽ പകുതിയോളം ചാരായം ഉണ്ടായിരുന്നു...

പെട്ടെന്ന് മുളം കാട്ടിൽ ഒരു ജീപ്പിന്റെ ശബ്ദം കേട്ടു...

(തുടരും)