അണക്കെട്ടുകളിൽ വർഷങ്ങളായി അടിഞ്ഞു കൂടിക്കിടക്കുന്ന മണൽ ധാതുസമ്പത്തായി മാറ്റാൻ സർക്കാരിനു കഴിയും. നിർഭാഗ്യവശാൽ ആ വഴിക്ക് ഇതേവരെ കാര്യമായി ഒരു ശ്രമവും നടത്തിക്കാണുന്നില്ല. ഏതാനും വർഷം മുൻപ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തലസ്ഥാനത്ത് അരുവിക്കരയിൽ ചെറിയ തോതിൽ അതിനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ എതിർപ്പും വിമർശനങ്ങളും ഉയർന്നതോടെ ആ ഉദ്യമം അകാല ചരമമടയുകയും ചെയ്തു. തുടർച്ചയായി രണ്ടു തവണ നേരിടേണ്ടിവന്ന പ്രളയങ്ങൾ ഈ വിഷയത്തിൽ ഒരു പുനരാലോചനയ്ക്ക് സർക്കാരിനെ പ്രേരിപ്പിച്ചതായി മനസിലാക്കുന്നു. പ്രളയത്തിൽ പുഴകളിലും അണക്കെട്ടുകളിലും അടിഞ്ഞ മണലും എക്കലും നീക്കം ചെയ്യാനുള്ള കർമ്മപരിപാടി തുടങ്ങാനൊരുങ്ങുകയാണു സർക്കാർ. വെള്ളിയാഴ്ച തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച് ചില തീരുമാനങ്ങളെടുത്തിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇതിനായി സമിതിയും രൂപീകരിച്ചിട്ടുണ്ട്. ജലവിഭവ - തദ്ദേശ വകുപ്പുകളിലെ ഉന്നതന്മാരും ജിയോളജി ഡയറക്ടറും അടങ്ങുന്നതാണ് സമിതി.
അശാസ്ത്രീയമായ മണ്ണെടുപ്പ് സംസ്ഥാനത്തെ നദികളെയും പുഴകളെയും ചരമാവസ്ഥയിലാക്കിയിട്ടുണ്ട്. മണലിന് സ്വർണത്തെക്കാൾ വിലയേറിയതു മുതലാണ് നദികളുടെ അടിത്തട്ടു പോലും തുരന്ന് മണൽ മാഫിയകൾ തഴച്ചുവളർന്നത്. ഭൂഗർഭ ജലനിരപ്പിനെപ്പോലും പ്രതികൂലമായി ബാധിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തെ ഒട്ടുമിക്ക നദികളുടെയും പുഴകളുടെയും ഒഴുക്ക്. അനിയന്ത്രിതമായ മണലൂറ്റു കാരണം നദികൾക്കു കുറുകെയുള്ള പാലങ്ങൾ പോലും ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ രണ്ടു പ്രളയങ്ങൾ ധാരാളം മണ്ണും എക്കലും കൊണ്ട് നദികളെയും പുഴകളെയും സമ്പന്നമാക്കിയിട്ടുണ്ട്. അടിഞ്ഞുകൂടിക്കിടക്കുന്ന ഈ മണ്ണ് ശാസ്ത്രീയമായി നീക്കം ചെയ്തില്ലെങ്കിൽ അവയുടെ സ്വാഭാവികമായ ഒഴുക്കിനെ ബാധിക്കും. സാമാന്യം കനത്ത മഴ പെയ്താൽ നദികൾ കരകവിയുന്ന സ്ഥിതിയുമുണ്ടാകും. മണൽ വാരുന്നതിന് കർക്കശ നിരോധനമുണ്ടെങ്കിലും മാഫിയ സംഘങ്ങൾ ഉദ്യോഗസ്ഥർക്ക് കോഴ നൽകി തങ്ങൾക്കാവശ്യമായത്ര മണൽ സ്വന്തമാക്കുന്നുണ്ട്. മണൽ ഖനനത്തിനു പിന്നിൽ എല്ലായിടത്തും മാഫിയാ സംഘങ്ങളും തഴച്ചുവളരുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മണൽ നീക്കം ചെയ്യാനുള്ള പദ്ധതിക്കാണ് സർക്കാർ രൂപം നൽകുന്നത്. ദുരന്തനിവാരണ നിയമ പ്രകാരം ഇതിന് കളക്ടർമാർക്ക് അധികാരമുണ്ട്. നവംബറിൽത്തന്നെ മണൽ വാരാനുള്ള പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. നദികളോടൊപ്പം അണക്കെട്ടുകളിലെ മണലും എക്കലും നീക്കം ചെയ്യേണ്ടതും അനിവാര്യമായിട്ടുണ്ട്. എല്ലാ അണക്കെട്ടുകളുടെയും സംഭരണശേഷി അപകടകരമാം വിധം കുറഞ്ഞിട്ടുണ്ട്. അത്രയധികം മണലും എക്കലുമാണ് വർഷങ്ങളായി അണക്കെട്ടുകളിൽ അടിഞ്ഞു കൂടിയിരിക്കുന്നത്. സംസ്ഥാനത്തിന് വലിയ കെടുതി വരുത്തിയ കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് അണക്കെട്ടുകളുടെ പരിപാലനത്തിൽ സംഭവിച്ച വീഴ്ചയാണ്. നിർമ്മാണ കാലത്തുണ്ടായിരുന്ന സംഭരണശേഷിയുടെ പകുതി പോലും ഇല്ലാത്ത നിലയിലാണ് ഒട്ടുമിക്ക അണക്കെട്ടുകളും. തുടർച്ചയായ രണ്ടു പ്രളയങ്ങൾ സ്ഥിതി കൂടുതൽ രൂക്ഷമാക്കിയിട്ടുമുണ്ട്. ഇനിയെങ്കിലും അണക്കെട്ടുകളുടെ ശേഷി മുൻ നിലയിലേക്ക് എത്തിക്കാനായില്ലെങ്കിൽ അടുത്ത കാലവർഷവും സംസ്ഥാനത്തിന് അപരിഹാര്യമായ കെടുതികളായിരിക്കും വരുത്തിവയ്ക്കുക.
നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയ മണൽക്ഷാമത്തിന് അണക്കെട്ടുകളിലെ മണൽ പരിഹാരമാകേണ്ടതാണ്. ഞങ്ങൾ ഈ പംക്തിയിൽ വർഷങ്ങളായി സർക്കാരിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന കാര്യമാണത്. ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ ഒന്നു രണ്ടു വട്ടം അത് ഉൾപ്പെടുത്തുകയും ആയിരം കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുകയും ചെയ്തെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. പുതിയ തീരുമാനത്തിന്റെ വെളിച്ചത്തിൽ അണക്കെട്ടുകളുടെ സംരക്ഷണത്തിനായെങ്കിലും പ്രസ്തുത പദ്ധതി നടപ്പാക്കാവുന്നതാണ്. നല്ല മണലിനു വേണ്ടി ദാഹിച്ചു കഴിയുന്ന നിർമ്മാണ മേഖലയ്ക്കും അത് വലിയ അനുഗ്രഹമാകും.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പമ്പാ നദിയിൽ അടിഞ്ഞുകൂടിയ കൂറ്റൻ മണൽ ശേഖരം പ്രളയം ഒടുങ്ങിയതോടെ കോരി നദീതീരത്ത് അട്ടിയിട്ടിരുന്നതിന്റെ ചിത്രം ആരും മറന്നുകാണില്ല. ലോഡ് കണക്കിനു വരുന്ന ആ മണൽ ശേഖരം അധികൃതരുടെ നിരുത്തരവാദപരമായ സമീപനം കാരണം ആർക്കും പ്രയോജനപ്പെടാതെ പോയി. മണൽ അവിടെ നിന്നു മാറ്റുന്നതിനെയും ഉടമസ്ഥാവകാശത്തെയും ചൊല്ലി ഉയർന്ന തർക്കങ്ങളാണ് പ്രശ്നമായത്. ഈ വർഷത്തെ വെള്ളപ്പൊക്കത്തിൽ ആ മണൽ വീണ്ടും നദി എടുത്തുകൊണ്ടു പോവുകയും ചെയ്തു. വലിയ വില ലഭിക്കുമായിരുന്ന മണലാണ് ആർക്കുമില്ലാതെ നഷ്ടപ്പെടുത്തിയത്.
നദികളെയും പുഴകളെയും അണക്കെട്ടുകളെയും രക്ഷിക്കാനുള്ള ഉപാധി എന്നതിനൊപ്പം രൂക്ഷമായ മണൽക്ഷാമത്തെ നേരിടാനുള്ള ഒരു വഴി കൂടിയാണ് ശാസ്ത്രീയമായ മണൽ ഖനനം. ആദ്യ പടിയെന്ന നിലയിൽ മംഗലം, ചുള്ളിയാർ അണക്കെട്ടുകളിൽ നിന്ന് മണലെടുക്കാനാണ് ആലോചിക്കുന്നത്. അടുത്ത മഴക്കാലത്തിനു മുമ്പ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കുകയും വേണം. ഒപ്പം തന്നെ മറ്റു വലിയ ഡാമുകളിലേക്കും പരീക്ഷണം വ്യാപിപ്പിക്കാവുന്നതാണ്. റവന്യൂ വരുമാനം കൂട്ടാനുള്ള ഒരു മാർഗം കൂടിയാണിത്. ഇച്ഛാശക്തിയും പ്രായോഗിക ബുദ്ധിയും സർവ്വോപരി നാടു നന്നാകണമെന്ന് അദമ്യമായ ആഗ്രഹവുമുള്ള ഉദ്യോഗസ്ഥരെ ചേർത്താകണം പദ്ധതി നടപ്പാക്കാൻ. ഇടയ്ക്കുവച്ച് ഉപേക്ഷിക്കയുമരുത്.