rilae-

തിരുവനന്തപുരം: ഫ്ളക്‌സ് നിരോധനത്തിനെതിരെ സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ (എസ്.പി.ഐ.എ ) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന റിലേ സത്യഗ്രഹം പതിമൂന്ന് ദിവസം പിന്നിട്ടു. ഇന്നലെ കോട്ടയം,​ ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് സമരത്തിനെത്തിയത്. എം. വിൻസന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ഫ്ളക്‌സ് നിരോധനം പിൻവലിക്കുക, ഫ്ളക്‌സ് പ്രിന്റിംഗ് പരസ്യമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക, പ്രിന്റിംഗ് സ്ഥാപനങ്ങളെ അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്നും രക്ഷിക്കുക, സുതാര്യമായ ഔട്ട്ഡോർ പരസ്യനയം പ്രഖ്യാപിക്കുക,​ ഫ്ളക്‌സ് റീസൈക്ലിംഗ് പ്ലാന്റിന് ആവശ്യമായ സ്ഥലം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരപ്പന്തലിലേക്ക് ഇന്നലെയും നിരവധി രാഷ്ട്രീയ നേതാക്കൾ പിന്തുണയുമായി എത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി. ഔസേപ്പച്ചൻ, മുഖ്യരക്ഷാധികാരി ചന്ദ്രമോഹൻ. സി, സമരസമിതി ജനറൽ കൺവീനർ കരമന രാജീവ്, സാബു ലക്ഷ്‌മണൻ, ചന്ദ്രശേഖരപിള്ള എന്നിവരുടെ നേതൃത്വത്തിൽ നിരവധിപ്പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്. 16ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തോടെ റിലേ സത്യഗ്രഹം സമാപിക്കും.