ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഭക്ഷ്യകാർഷികസംഘടന 1945 ഒക്ടോബർ 16ന് സ്ഥാപിതമായതിന്റെ ഒാർമ്മയ്ക്കായി എല്ലാവർഷവും ഇതേദിവസം ലോക ഭക്ഷ്യദിനമായി ആചരിക്കുന്നു. 'വിശപ്പുരഹിത ലോകത്തിന് ആരോഗ്യഭക്ഷണം" എന്നതാണീ വർഷത്തെ മുഖ്യവിഷയം. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ 3.16 ലക്ഷംകോടി ഡോളറുള്ള ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരെവേഗം വളരുന്ന ഒന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മൊത്തം ലോക ജനസംഖ്യയുടെ 17.5 ശതമാനത്തെ പോറ്റാൻ നമുക്കള്ളത് 2.4 ശതമാനം കരവിസ്തൃതിയും 3.36 ശതമാനം മൊത്തം ആഭ്യന്തര ഉത്പാദനവും 4 ശതമാനം ശുദ്ധജലവും മാത്രമാണുള്ളത്. കൃഷിയാണിന്നും 43.4 ശതമാനം ജനങ്ങൾക്കും തൊഴിൽ നൽകുന്നതും ഏറ്റവും വലിയ ഉപജീവനമാർഗവും. 2017-18 ൽ 283.4 മില്ല്യൺ ടൺ ഭക്ഷ്യധാന്യോത്പാദനത്തിലെത്തിനിൽക്കുന്ന നമ്മുടെ രാജ്യം 20.4 മില്യൺ ടൺ കാർഷിക ഉത്പന്നങ്ങൾ കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇതിൽ 12 മില്യൺ ടൺ അരിയാണ്.
ഭക്ഷ്യോത്പാദനത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയെന്നവകാശപ്പെടുന്ന നമ്മൾ കാണാതെപോകുന്ന മറ്റുചില കാര്യങ്ങൾ കൂടിയുണ്ട്. അടുത്തകാലത്തെ ഒരു റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 19.4 കോടി ജനങ്ങൾ വിശപ്പ് അഥവാ പോഷകക്കുറവ് അനുഭവിക്കുന്നവരാണ്.
ലോകത്ത് മൊത്തമുള്ള 82 കോടി വിശപ്പനുഭവിക്കുന്നവരുടെ 24 ശതമാനവും നമ്മുടെ രാജ്യത്താണ്. ഇക്കാര്യത്തിൽ നമുക്ക് ഒന്നാംസ്ഥാനമാണുള്ളത്. സ്ത്രീകളുടെ കാര്യമെടുത്താൽ 15-നും 49-നുമിടയിൽ പ്രായമുള്ള 51.4 ശതമാനവും വിളർച്ച ബാധിച്ചവരാണ്. അഞ്ചുവയസിൽ താഴെയുള്ള 37.9 ശതമാനം കുട്ടികളും വളർച്ച മുരടിച്ചവരും 20.8 ശതമാനം ആവശ്യത്തിന് തൂക്കമില്ലാത്തവരുമാണ്.
2030 ൽ നാം നേടേണ്ട സുസ്ഥിര വികസന സൂചികയിലെ ഒരു മുഖ്യ ഇനമായ വിശപ്പുരഹിത രജ്യമെന്ന നേട്ടം കൈവരിക്കാൻ മുകളിൽ പറഞ്ഞ വെല്ലുവിളികൾ ചെറുതല്ല. ഭക്ഷ്യ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടിയെന്നു പറയുമ്പോഴും 2017-18 ലും നമ്മൾ 9.4 മില്യൺ ടൺ കാർഷിക ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു. ഇതിൽ മുഖ്യവും ഭക്ഷ്യ എണ്ണയും പയറുവർഗങ്ങളുമാണ്. ഭക്ഷ്യ എണ്ണയുടെ മൊത്തം ആവശ്യത്തിന്റെ അറുപത് ശതമാനവും പയറുവർഗങ്ങളുടെ മുപ്പത് ശതമാനവും ഇറക്കുമതി ചെയ്തു. ഇതിൽ നിന്നും മനസിലാകേണ്ടത് പോഷക സുരക്ഷയ്ക്കാവശ്യമായ അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, പോഷക മൂലകങ്ങൾ എന്നിവയെല്ലാം ലഭിക്കുന്ന എല്ലാ വിളകളും ആവശ്യത്തിന് നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നില്ല എന്നതാണ്.
ഭക്ഷ്യ ഉത്പാദനം ഒരിക്കലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നില്ല. മറ്റുപല ഘടകങ്ങളെയുമാശ്രയിച്ചാണിതിരിക്കുന്നത്. ഭക്ഷണം ആവശ്യമായ തോതിൽ ഉത്പാദിപ്പിച്ചാലും അത് വാങ്ങാനുള്ള കഴിവില്ലായ്മയാണ് മറ്റൊരു പ്രധാന പ്രശ്നം. വർഷങ്ങളായി ഭക്ഷണ ലഭ്യതയിൽ വലിയമാറ്റം വന്നിട്ടില്ലെന്നു കാണാം. നമ്മുടെ രാജ്യത്ത് ഗ്രാമീണമേഖലയിൽ ഭക്ഷണ ലഭ്യതയിൽ 30 ശതമാനവും നഗരങ്ങളിൽ 20 ശതമാനവും വിടവുള്ളതായി കാണാം.
അവസാനമായി നമ്മൾ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 33 ശതമാനവും ഉത്പാദനം മുതൽ പാചകം ചെയ്തതിന് ശേഷം വരെയുള്ള വിവിധ ഘട്ടങ്ങളിലായി നശിച്ചുപോകുകയോ മാലിന്യമായി തീരുകയോ ചെയ്യുന്നു. അതേപോലെ 40 ശതമാനം പഴങ്ങളും പച്ചക്കറികളും 30 ശതമാനം ധാന്യങ്ങളും ഉത്പാദന-ഉപഭോക്തൃ ചങ്ങലയുടെ ശേഷിക്കുറവുകാരണം നശിച്ചുപോകുന്നു. ജൈവ വൈവിദ്ധ്യത്തിലുണ്ടാകുന്ന കുറവും കാലാവസ്ഥാവ്യതിയാനവും പോഷക ക്കുറവിനുള്ള കാരണങ്ങളിൽ പെടും. മനുഷ്യൻ ആറായിരത്തിലധികം വിളകൾ ഭക്ഷണത്തിനായി കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇന്ന് അമ്പതുശതമാനത്തിലധികം ഭക്ഷ്യ ഉൗർജ്ജവും ലഭിക്കുന്നത് എട്ട് വിളകളിൽ നിന്നുമാത്രമാണ്. ഭക്ഷണത്തിൽ വൈവിദ്ധ്യവത്കരണം പ്രോത്സാഹിപ്പിക്കുന്നത് പോഷക സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സഹായിക്കും.
(ലേഖകൻ സി.ടി.സി.ആർ.ഐയിൽ പ്രിൻസിപ്പൽ സയന്റിസ്റ്റാണ്
ഫോൺ: 8547441067)