red-161

കാലുകൾ ചിറകുകളാക്കി പ്രജീഷ് ചാരായക്കുപ്പിയുമായി ഓടിവന്നു.

ജീപ്പിന്റെ ശബ്ദം കൂടുതൽ വ്യക്തമായി.

''അത് പരുന്തും മറ്റുമായിരിക്കും. വേഗം വാടീ."

പ്രജീഷ്, ചന്ദ്രകലയെ കൈപിടിച്ച് ഉയർത്തി.

''അട്ടയെ പിന്നെ കളയാം. തൽക്കാലം നമ്മൾ ആരുടെയും കണ്ണിൽ പെട്ടുകൂടാ."

അവളെയും വലിച്ചുകൊണ്ട് പ്രജീഷ് ഓടി.

സുരക്ഷിതമായ അകലം എന്നു തോന്നിച്ച ഒരു ഭാഗത്ത് ഓട്ടം അവസാനിപ്പിച്ചു.

അവിടെ ഒരു പാറയിൽ ഇരുവരും ഇരുന്നു.

പ്രജീഷ് ചാരായക്കുപ്പി തുറന്ന് തങ്ങളുടെ കാലുകളിൽ അട്ടകൾ കടിച്ചുപറ്റിയിരിക്കുന്ന ഭാഗത്തേക്കു വീഴ്‌ത്തി...

ക്ഷിപ്രഫലമായിരുന്നു.

അട്ടകൾ പിടിവിട്ട് താഴേക്ക് വീണു...

ഇരുവർക്കും വല്ലാതെ ദാഹിക്കുന്നുണ്ട്. എന്നാൽ ഒരു തുള്ളി വെള്ളം ഒരിടത്തും കിട്ടുമെന്നു തോന്നുന്നില്ല.

''നമുക്ക് കുറച്ചുനേരം ഇവിടെയിരിക്കാം പ്രജീഷ്. എന്റെ കാലുകൾ കഴച്ചുപൊട്ടുന്നു..."

ചന്ദ്രകല പാറയിൽ മലർന്നു കിടന്നു....

ആ നേരം അവരെ ബന്ധിച്ചിരുന്ന ടാർപ്പാളിൻ ഷെഡ്ഡിനു മുന്നിൽ പഴയ ജീപ്പു വന്നുനിന്നു.

പരുന്തു റഷീദും ഡ്രൈവറും ഇറങ്ങി.

മുളയിൽ അഴിഞ്ഞുകിടക്കുന്ന കയർ കണ്ടപ്പോൾ അവർക്ക് സത്യം മണത്തു.

''രണ്ടാളും രക്ഷപെട്ടുപോയി." പരുന്ത് കടപ്പല്ലമർത്തി.

''അവർക്ക് കാവലിരുന്നവൻ എന്തിയേ. ശിവലിംഗം?"

ഡ്രൈവർ കണ്ണുകൾ കൊണ്ട് ചുറ്റും ഉഴിയുകയും ഉച്ചത്തിൽ വിളിക്കുകയും ചെയ്തു.

''എടാ ശിവലിംഗം.. നീ എവിടാ?"

മറുപടിയില്ല.

പെട്ടെന്ന് ഡ്രൈവർ മൂക്കു വിടർത്തി. ആ മുഖത്ത് ചില ഭാവങ്ങൾ മിന്നി.

''പരുന്തേ.. അപകടമാ. അടുത്തെവിടെയോ ആനയുണ്ട്. ആനച്ചൂരിന്റെ ഗന്ധം."

അയാൾ പറഞ്ഞു നിർത്തിയപ്പോൾ പരുന്ത് കൈ ചൂണ്ടി.

''അതെന്താ?"

ഡ്രൈവറും അത് കണ്ടുകഴിഞ്ഞു. ഇരുവരും വേഗം ആ മുളക്കൂട്ടത്തിനടുത്തേക്കു ചെന്നു.

ഞെട്ടിപ്പോയി...!

മുള്ളുകൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന വവ്വാലിനെപ്പോലെ ശിവലിംഗം...

അതിനു താഴെ മുഴുവൻ ചോരത്തുള്ളികളുടെ പൂക്കളം.

മുളകളും ചില്ലകളും കാരണം അവർക്ക് ശിവലിംഗത്തിന്റെ ശരീരത്തിൽ സ്പർശിക്കാൻ പോലും സാധിക്കില്ലായിരുന്നു.

''ആള് പോയി. ഇനി ഈ ശവമെടുത്തിട്ട് എന്തു കാര്യം?"

ഡ്രൈവർ, പരുന്തിനു നേരെ തിരിഞ്ഞു.

ആ അഭിപ്രായം തന്നെയായിരുന്നു പരുന്തിന്റെ മനസ്സിലും.

''ഇനി നമ്മൾ ഇവിടെ നിൽക്കുന്നത് ആപത്താണ്. ആന വീണ്ടും വന്നാൽ രക്ഷപ്പെടാനാവില്ല. ആനയാണ് ശിവലിംഗത്തോട് ഇങ്ങനെ ചെയ്തതെന്ന കാര്യത്തിൽ സംശയം വേണ്ടാ."

ഡ്രൈവർ തിടുക്കം കൂട്ടി.

ഇരുവരും ജീപ്പിനു നേർക്ക് ഓടി...

********

കരുളായി.

ബലഭദ്രന്റെ അവസ്ഥയ്ക്കു നല്ല മാറ്റം വന്നിരുന്നു.

ഇപ്പോൾ അയാൾക്ക് നന്നായി നടക്കാനും ഓടാനും കഴിയുമായിരുന്നു.

ഉച്ചകഴിഞ്ഞ് ബലഭദ്രൻ കുളിച്ചു വേഷം മാറുന്നതു കണ്ട് സംശയത്തോടെ സുമംഗല അടുത്തെത്തി.

''എവിടേക്കോ യാത്രയാണെന്നു തോന്നുന്നല്ലോ. ഡ്രൈവറും പുറത്തുവന്നു നിൽക്കുന്നു."

ബലഭദ്രൻ ഒന്നു ചിരിച്ചു.

''ഇന്നത്തെ ദിവസം പുറത്തിറങ്ങിയില്ലെങ്കിൽ പിന്നെ എന്നിറങ്ങണം? എന്തിനിറങ്ങണം?"

സുമംഗല നെറ്റി ചുളിച്ചു.

''മനസ്സിലായില്ല..."

ബലഭദ്രൻ ജൂബ്ബയുടെ കൈകൾ ഒന്നു മടക്കി മുകളിലേക്കു തള്ളിവച്ചു. മീശത്തുമ്പുകളിൽ തടവി.

''എന്നെയും ഏട്ടനെയും തല്ലി ചതപ്പിച്ച, ഏട്ടന്റെ മരണത്തിനുവരെ കാരണക്കാരനായവന്റെ പുത്രന്റെ ശവസംസ്കാര ചടങ്ങിൽ ഞാൻ പങ്കെടുക്കണ്ടേ?"

സുമംഗലയുടെ കണ്ണുകൾ മിഴിഞ്ഞു.

''എം.എൽ.എയുടെ.."

''ങാ. അതുതന്നെ. അനർഹമായത് കൈവശപ്പെടുത്താൻ ശ്രമിച്ച കിടാവിന് ചുട്ട മറുപടി കിട്ടി. കോവിലകത്തുവച്ചു തന്നെ അവന്റെ മകന്റെ പ്രാണൻ പോയി..."

താൻ അറിഞ്ഞ കാര്യം ബലഭദ്രൻ ചുരുക്കി പറഞ്ഞു.

''നിലമ്പൂരിൽ കിട്ടുന്നതിൽ ഏറ്റവും വലിയ റീത്ത് ഉണ്ടാക്കുവാൻ പറഞ്ഞിട്ടുണ്ട് ഞാൻ. കിടാവിന്റെ മകന്റെ നെഞ്ചത്തുവയ്ക്കാൻ. ആ നേരത്തെ അയാളുടെ മുഖഭാവം എനിക്കൊന്നു കാണണം."

ബലഭദ്രന്റെ പല്ലുകൾക്കിടയിൽ വാക്കുകൾ ചതഞ്ഞു.

സുമംഗലയ്ക്കു ഭീതി തോന്നി.

''ഇനിയും യുദ്ധത്തിനുള്ള പുറപ്പാടാണോ ?"

ബലഭദ്രൻ വീണ്ടും ചിരിച്ചു.

''യുദ്ധം എന്നേ തുടങ്ങിക്കഴിഞ്ഞല്ലോ..."

കൂടുതൽ ഒന്നും പറയാതെ അയാൾ പുറത്തേക്കു പോയി.

അനന്തഭദ്രന്റെ ഭാര്യ ഇന്ദിരാഭായി സിറ്റിംഗ് റൂമിൽ ഉണ്ടായിരുന്നു.

''അനുജാ.." അവർ സ്നേഹത്തോടെ വിളിച്ചു. ''ഒന്നും വേണ്ടെന്നു ഞാൻ പറയില്ല. പക്ഷേ ഇനി കോവിലകത്തിന്റെ അവസാന കണ്ണി നീ മാത്രമാണെന്നു മറക്കരുത്."

ബലഭദ്രൻ അവരെ സൂക്ഷിച്ചുനോക്കി. പക അടുക്കി വച്ചിരിക്കുന്നതു പോലെ കണ്ണുകൾ.

''എനിക്കറിയാം ഏട്ടത്തീ."

അയാൾ ചെന്നു കാറിൽ കയറി. പക്ഷേ സുമംഗലയുടെ ഉള്ളിൽ തീയായിരുന്നു....

ഇനി എന്ത്?

(തുടരും)