kili

കിളിമാനൂർ: മുഖഛായ മാറാനൊരുങ്ങി കിളിമാനൂർ ജംഗ്ഷൻ. കെ.എസ്.ടി.പിയുടെ സുരക്ഷാ ഇടനാഴി പദ്ധതി പ്രകാരമാണ് കിളിമാനൂർ മുഖം മിനുക്കാൻ ഒരുങ്ങുന്നത്. തിരുവനന്തപുരം - കൊട്ടാരക്കര റൂട്ടിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് കിളിമാനൂർ. എന്നാൽ ഇവിടെ കുറെ നാളായി സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുകയായിരുന്നു. നിരവധി തവണ റോഡ് വികസനം നടന്നങ്കിലും നിലവിലുള്ള റോഡിന് വീതി കൂട്ടാനോ, പുറമ്പോക്ക് ഏറ്റെടുക്കാനോ അധികൃതർ തയ്യാറായിരുന്നില്ല.

ജംഗ്ഷനിൽ ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നെങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം മിക്കപ്പോഴും അപകടവും പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ കഴക്കൂട്ടം മുതൽ അടൂർ വരെ 180 കോടി ചെലവിൽ സുരക്ഷാ ഇടനാഴി പദ്ധതി നടപ്പിലാക്കിയത്. ഇതിനെ തുടർന്ന് പ്രധാന ജംഗ്ഷനുകളിൽ നടപ്പാതയും, സുരക്ഷാവേലിയും, പാർക്കിംഗ് സൗകര്യവും ഒരുക്കാൻ തുടങ്ങിയത്. ഇത് പ്രകാരം കിളിമാനൂരിലും റവന്യു അധികൃതർ പുറമ്പോക്ക് ഭൂമി അളന്ന് മാർക്ക് ചെയ്ത് കെ.എസ്.ടി.പിയുടെ റോഡ് വികസനത്തിന് നൽകിയിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം കെ.എസ്.ടി.പി പണി ആരംഭിക്കാൻ എത്തിയപ്പോൾ പുറമ്പോക്ക് കൈയേറിയവർ ഭൂമി ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാകാത്തത് മാത്രമല്ല റവന്യൂ അധികൃതർ അളന്ന് തിട്ടപ്പെടുത്തിയ അടയാളങ്ങൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഇത് മനസിലാക്കി കഴിഞ്ഞ ദിവസം റവന്യു അധികൃതർ വീണ്ടും പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി രേഖാ മൂലം കെ.എസ്.ടി.പി.ക്ക് കൈമാറാനും തീരുമാനിച്ചു. ഈ നടപടി പൂർത്തിയായാൽ ഉടൻ കെ.എസ്.ടി.പി നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന് സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു.