കിളിമാനൂർ: ലോക ആർത്രൈറ്റീസ് ദിനാചരണത്തിന്റെ ഭാഗമായി കിളിമാനൂർ ജനമൈത്രി പൊലീസും കാരേറ്റ് പ്രൊ കെയർ ഹോസ്‌പിറ്റലും സ്റ്റേഷനിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എല്ലിന്റെ സാന്ദ്രത അളക്കുന്ന ബി.എം.ഡി മെഷീനും ഇ.സി.ജിയും അത്യാധുനിക സൗകര്യങ്ങളുള്ള ലാബും പൊലീസ് സ്റ്റേഷനിലെ മെഡിക്കൽ ക്യാമ്പിൽ ഒരുക്കിയിരുന്നു. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്, ഇ.എൻ.ടി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരായ ജിനീഷ് രാജ്, ഇ. രതീഷ്, എ.ആർ. സനൂജ് എന്നിവർ നേതൃത്വം നൽകി. സി.ഐ കെ.ബി. മനോജ് കുമാറും എസ്.ഐ അഷറഫും എ.എസ്.ഐമാരും സി.പി ഒമാരും വനിതാ പൊലീസുകാരും പൊലീസിന്റെ പതിവ് ശൈലി വിട്ട് പുഞ്ചിരിയോടെ സ്വാഗതം ചെയ്‌തതോടെ രോഗികൾക്കും സന്തോഷം. 350ഓളം പേരാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ നിർവഹിച്ചു. രാവിലെ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രോ കെയർ ഹോസ്‌പിറ്റലിലേക്ക് സംഘടിപ്പിച്ച മാരത്തൺ സി.ഐ കെ.ബി. മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്‌തു. കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ മുന്നൂറിലേറെ പേർ മാരത്തണിൽ പങ്കെടുത്തു. പ്രോ കെയർ പി.ആർ.ഒ അനസ് എം. ഷരീഫ് നന്ദി പറഞ്ഞു.