vakkathuvilaroadu

മുടപുരം: ടാറും മെറ്റലുമിളകി ഗട്ടറുകൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമായ കിഴുവിലം ഗ്രാമ പഞ്ചായത്തിലെ തെങ്ങുംവിള - കൊച്ചാലുംമൂട് റോഡ് അടിയന്തരമായി റീ -ടാർ ചെയ്യണമെന്നാവശ്യം ശക്തമാകുന്നു. മുടപുരം -മുട്ടപ്പലം റോഡിൽ നിന്ന് കോരാണി -ചിറയിൻകീഴ് റോഡിൽ ചെന്ന് ചേരുന്ന റോഡാണിത്. തെങ്ങുംവിള തുടങ്ങിയ പ്രദേശത്തുള്ളവർക്ക് കുറക്കട, കോരാണി, ആറ്റിങ്ങൽ ഭാഗങ്ങളിലേക്ക് പോകുന്നതിനുള്ള ദൂരം കുറഞ്ഞ റോഡണിത്. അതുകൊണ്ട് ധാരാളം സ്കൂൾ ബസുകൾ ഇതുവഴി കടന്നുപോകുന്നുണ്ട്.

രണ്ട് വർഷം മുൻപ് തെങ്ങുംവിള ഭാഗത്തുനിന്ന് പുത്തൻവിള ഭാഗം വരെയുള്ള ഭാഗം ഗ്രാമ പഞ്ചായത്ത് റീ - ടാർ ചെയ്യുകയുണ്ടായി. എതാണ്ട് റോഡിന്റെ മൂന്നിലൊന്ന് ഭാഗം. ബാക്കിയുള്ള ഭാഗം ടാറും മെറ്റലുമിളകി കുഴികളായിരിക്കുകയാണ്. വക്കത്തുവിള കഴിയുന്ന ഭാഗത്ത് ഗട്ടറുകൾ വലിയ കുഴികളായി മാറി. ഇരുചക്ര വാഹനങ്ങൾക്ക് ആ ഭാഗത്തുകൂടിയുള്ള യാത്ര അപകട കെണിയാകുന്നു. വലിയ വാഹനങ്ങൾക്കും യാത്ര ദുഷ്കരം തന്നെ. മഴ പെയ്താൽ കാൽനട യാത്ര പ്രയാസകരം. അതിനാൽ റോഡ് റീ-ടാർ ചെയ്യേണ്ടത് അനിവാര്യമാണ്.