വക്കം: പ്രസിദ്ധമായ അഞ്ചുതെങ്ങ് കായൽ ഇന്ന് നാശോന്മുഖം. ഒരു കാലത്ത് മത്സ്യസമ്പത്താൽ നാടിന്റെ അക്ഷയപാത്രമായിരുന്നു ഈ കായൽ. ഒരു കാലത്ത് മത്സ്യസമ്പത്തിന് പേര് കേട്ടതാണീ കായൽ. വക്കത്തെ കരിമീനുകൾക്ക് ജില്ലയ്ക്ക് പുറത്ത് നല്ല പേരായിരുന്നു. ഇതു വാങ്ങാൻ പുലർച്ചേ തന്നെ മറ്റിടങ്ങളിൽ നിന്നും ഏറെപ്പേരും എത്തിരുന്നു. കരിമീനിനു പുറമേ കക്കയും, വലിയ കൊഞ്ചും, ഞണ്ടും ഒരു കാലത്ത് ഇവിടെ സുലഭമായിരുന്നു. നാവിൽ രുചിയേറുന്ന കായൽ വിഭവങ്ങൾക്കായി വിദേശികൾ പോലും എത്താറുണ്ട്.
അഞ്ചുതെങ്ങ് അകത്ത് മുറിക്കായൽ മേഖലയിൽ പൊന്നും തുരുത്ത് ചുറ്റിയുള്ള വക്കം പണയിൽക്കടവ് കേന്ദ്രീകരിച്ചുള്ള മീൻപിടുത്തം സമീപ മേഖലയിലെ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമായിരുന്നു. ഒരു കാലത്ത് അമ്പതിലധികം ചെറുവള്ളങ്ങൾ കായലിൽ മീൻ പിടുത്തത്തിനു ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. മത്സ്യസമ്പത്ത് കുറഞ്ഞതോടെ മീൻപിടുത്തത്തിനു പോകുന്ന വള്ളങ്ങളുടെ എണ്ണവും കുറഞ്ഞു. ഇന്നത് ഒന്നോ- രണ്ടോ മാത്രമായി ചുരുങ്ങി.
വർഷങ്ങൾക്കുള്ളിൽ വൻതോതിലുള്ള കായൽ കൈയേറ്റം മത്സ്യസമ്പത്തിനെ നശിപ്പിച്ചു. കരിമീനുകളുടെ പ്രജനത്തിനുള്ള പാരുകൾ, കണ്ടൽക്കാടുകളുടെ വെട്ടിമാറ്റലോടെ നാമവിശേഷമായി. മാലിന്യങ്ങൾ കൊണ്ട് കായൽ മൂടിയതോടെ അടിത്തട്ടിൽ കഴിഞ്ഞിരുന്ന കൊഞ്ചുകൾ നാശോന്മുഖമായി. കായലോരത്തെ കൈയേറ്റം ഞണ്ടുകളുടെ വംശനാശത്തിനും കാരണമായി. ഇതിനു പുറമേ ഹോട്ടൽ അടക്കമുള്ള സ്ഥാപനങ്ങളുടെ മാലിന്യവും, ആശുപത്രികളിലെ രാസമാലിന്യവും വന്നതോടെ ശുദ്ധജല കായലിലെ വെള്ളവും മലിനമായി. ഇതെല്ലാം മത്സ്യസമ്പത്തിനെ ഇല്ലാതാക്കി. ഒപ്പം കായൽ കൊണ്ട് ഉപജീവനം നടത്തിയ കുടുംബങ്ങളെ പട്ടിണിയിലുമാക്കി. നാടിന്റെ ഹൃദയതുടിപ്പ് തന്നെ നിശ്ചലമാകുന്ന നിലയാണിപ്പോൾ.