കുഴിത്തുറ: തിരുവനന്തപുരത്തെ നവരാത്രി പൂജയ്ക്ക് ഷേശം പദ്മനാഭപുരത്ത് തിരിച്ചെത്തിയ നവരാത്രി വിഗ്രഹങ്ങൾക്ക് ഭക്തി നിർഭരമായ സ്വീകരണം. ഇന്നലെ വൈകിട്ടോടെ ഘോഷയാത്ര പദ്മനാഭപുരത്തെത്തി. വാദ്യഘോഷങ്ങളും തലപ്പൊലിയുമായി കോട്ടവാതിൽക്കലെത്തിയ ഭക്തർ വിഗ്രഹങ്ങളെ തേവാരക്കെട്ട് ക്ഷേത്രത്തിലേക്ക് ആനയിച്ചു. കൊട്ടാരനടയിൽ വിഗ്രഹങ്ങൾക്ക് കേരള, തമിഴ്നാട് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. 5ഓടെ സരസ്വതി ദേവിയെ കോട്ടയ്ക്കുളിൽ ആറാട്ടിനായി എഴുന്നള്ളിച്ചു. തുടർന്ന് ഉടവാളുമായി ഘോഷയാത്രയിൽ അകമ്പടി സേവിച്ച കന്യാകുമാരി ദേവസ്വം ജീവനക്കാരൻ മോഹനകുമാർ കൊട്ടാരം ചാർജ് ഓഫീസർ അജിത്കുമാറിന് ഉടവാൾ കൈമാറി. തേവാരക്കെട്ട് സരസ്വതിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചതോടെ വേളിമല കുമാരസ്വാമി കുമാരകോവിലേക്ക് യാത്രയായി. മുന്നൂറ്റിനങ്ക കൽക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ തങ്ങിയ ശേഷം ഇന്ന് രാവിലെ ശുശീന്ദ്രത്തേക്ക് എഴുന്നള്ളും. പദ്മനാഭപുരത്തെ സ്വീകരണ ചടങ്ങിൽ കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ അൻപുമണി ഉൾപ്പടെയുള്ള അധികൃതരും പങ്കെടുത്തു.