chennithala

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ ഇന്റർവ്യൂവിൽ ഇടത് അനുഭാവികൾക്ക് മാർക്ക് കൂട്ടിയിട്ട് തിരിമറി നടത്തിയെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ആസൂത്രണ ബോർഡ് മേധാവികളെ തിരഞ്ഞെടുക്കുന്നതിന് പി.എസ്.സി നടത്തിയ ഇന്റർവ്യൂവിലെ തിരിമറിയെക്കുറിച്ച് പുറത്തു വന്നിട്ടുള്ള വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ഇടതുസർക്കാരിന് കീഴിൽ പി.എസ്.സിയിൽ നടക്കുന്ന ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തു വരികയാണ്. കണിശമായും കൃത്യതയോടെയും പ്രവർത്തിച്ചിരുന്ന പി.എസ്.സിയെയാണ് തകർക്കുന്നത്. പൊലീസ് റാങ്ക് ലിസ്റ്റിലെ ക്രമക്കേട് പി.എസ്.സിയുടെ വിശ്വാസ്യത തകർത്തിരുന്നു. സി.പി.എമ്മിന് വേണ്ടപ്പെട്ടവർക്കും അനുഭാവികൾക്കും പി.എസ്.സി വഴി ജോലി തരപ്പെടുത്തിക്കൊടുക്കുന്നത് പതിവാക്കിയിരിക്കുന്നു.ആസൂത്രണബോർഡിലെ പ്‌ളാനിംഗ് കോ ഒാർഡിനേഷൻ ചീഫ്, ഡീസെൻട്രലൈസ്ഡ് പ്‌ളാനിംഗ് ചീഫ്, സോഷ്യൽ സർവീസ് ചീഫ് എന്നീ ഉന്നത തസ്തികകളിലെ ഇന്റർവ്യൂവിലാണ് ഇടത് അനുഭാവികളായ ഉദ്യോഗസ്ഥർക്ക് മാർക്ക് കൂട്ടിയിട്ടു നൽകിയത്. എഴുത്ത് പരീക്ഷയ്ക്ക് പിന്നിലായിരുന്ന ഇവർ മുന്നിലെത്തത്തക്ക വിധം മാർക്ക് കൂട്ടിയിട്ടു നൽകി. എഴുത്ത് പരീക്ഷയ്ക്ക് ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ 70 ശതമാനത്തിലധികം മാർക്ക് നൽകരുതെന്ന സുപ്രീംകോടതി വിധി കാറ്റിൽ പറത്തി 90 മുതൽ 95 ശതമാനം വരെ മാർക്ക് നൽകിയാണ് ഇഷ്ടക്കാർക്ക് ജോലി ഉറപ്പാക്കിയത്. ഇതോടെ എഴുത്തുപരീക്ഷയിൽ 91.75ശതമാനം മാർക്ക് വരെ ലഭിച്ച അപേക്ഷകർ പിന്നിലായി. 40 മാർക്കിന്റെ ഇന്റർവ്യൂവിൽ 36 മാർക്ക് വരെ നൽകിയാണ് പിന്നിലുള്ളവരെ മുന്നിലെത്തിച്ചത്. ഈ ഇന്റർവ്യൂകൾ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.