marcket

തിരുവനന്തപുരം: പതിവുതെറ്റിക്കാതെ രാവിലെ വീട്ടുകാർക്കൊപ്പം പ്രഭാതഭക്ഷണം. പിന്നെ ക്ഷേത്രദർശനത്തിന് തൈക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക്. വട്ടിയൂർക്കാവ് മണ്ഡലാതിർത്തിക്കുപുറത്തുള്ള പ്രദേശമാണെങ്കിലും സ്ഥാനാർത്ഥിയെ കണ്ടപ്പോൾ ക്ഷേത്രത്തിലെത്തിയവർ ചുറ്റും കൂടി. വോട്ടില്ലെങ്കിലും എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയുമുണ്ടാകണം എന്നുപറഞ്ഞ് നിറഞ്ഞ ചിരിയോടെ കെ.മോഹൻകുമാർ കൈകൂപ്പി. ക്ഷേത്രത്തിൽനിന്ന് നേരെ ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിലേക്ക്. സമയം എട്ട്. ആശ്രമത്തിൽ പ്രഭാതപൂജകൾ നടക്കുന്നു. തൊഴുതശേഷം മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദയെ കണ്ട് അനുഗ്രഹം വാങ്ങി. പിന്തുണയ്ക്കണമെന്നും അന്തേവാസികളോടു പറയണമെന്നും സ്ഥാനാർത്ഥി. സ്വാമി വിജയാശംസകൾ നേർന്നു. ശ്രീരാമകൃഷ്ണമിഷൻ ആശുപത്രിയിലെ ജീവനക്കാരോടും വോട്ടഭ്യർത്ഥന. തിരക്കിട്ട ഡ്യൂട്ടിക്കിടയിലും എല്ലാവരും സ്ഥാനാർത്ഥിയെ കണ്ട് അഭിവാദ്യമർപ്പിച്ചു.
രാവിലെ ഒന്നിലധികം ക്ഷേത്രത്തിൽ പോകുന്ന പതിവ് തെറ്റിക്കാതെ ശാസ്തമംഗലം മഹാദേവർ ക്ഷേത്രത്തിൽ ദർശനത്തിന്. പൂജാരിയിൽനിന്ന് ഇലയിൽ പ്രസാദം വാങ്ങി, ദർശനത്തിന് എത്തിയവരോട് 'നമ്മുടെ കാര്യം കൂടി പ്രാർത്ഥിക്കണേ'എന്നു ചിരിയോടെ പറഞ്ഞ് പുറത്തിറങ്ങി. പിന്നെ തിരക്കിട്ട ഔദ്യോഗിക പ്രചാരണത്തിലേക്ക്. ആദ്യം വട്ടിയൂർക്കാവ് വാർഡിൽ കാവല്ലൂർ ബൂത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തുനിന്ന പ്രവർത്തകർക്കിടയിലേക്ക്. ത്രിവർണ ഷാളണിയിച്ച് പ്രവർത്തകർ ആവേശത്തോടെ സ്ഥാനാർത്ഥിയെ വരവേറ്റു. ഒട്ടും സമയംകളയാതെ പ്രവർത്തകർ കാണിച്ച വഴികളിലൂടെ വീടുകളിലേക്ക്. പരമാവധി വീടുകൾ കയറിയിറങ്ങുകയാണ് ലക്ഷ്യം. രാവിലെ വീട്ടുപണികളും ചായകുടിയുമൊക്കെയായി തിരക്കിലായ വീടുകളിലേക്ക് കയറിവന്ന അപ്രതീക്ഷിത അതിഥിയെ കണ്ട അമ്പരപ്പിലും സന്തോഷത്തിലുമായിരുന്നു വീട്ടുകാർ. എല്ലാവരോടും സൗമ്യതയോടെ കുശലം പറഞ്ഞ് വോട്ടഭ്യർത്ഥന നടത്തി. പ്രചാരണവേഗത കൂട്ടാൻ പ്രവർത്തകർ തൊട്ടടുത്ത വീടുകളിൽ പോയി സ്ഥാനാർത്ഥി വരുന്നുണ്ടെന്ന മുന്നറിയിപ്പ് കൊടുത്തു. ഇടവഴികളും കുത്തനെയുള്ള കയറ്റവും ടാറിടാത്ത വഴികളുമായി കടമ്പറവിളയിലെയും പള്ളിവിളയിലെയും നൂറോളം വീടുകൾ കയറിയിറങ്ങിയപ്പോൾ ചെറിയ ക്ഷീണം. കടമ്പറവിളയിൽ വീടിനോടുചേർന്ന് ചായത്തട്ട് നടത്തുന്ന അണ്ണനോട് കുശലം പറച്ചിലിനൊപ്പം ഒരു കടുംചായ തന്നാൽ കുടിക്കാമെന്നു പറഞ്ഞ് ബെഞ്ചിലിരുന്നു. അണ്ണൻ കടുപ്പത്തിലൊരു കട്ടൻ കൊടുത്തു. ചായകുടിക്കൊപ്പം തിരഞ്ഞെടുപ്പ് വിശേഷം പറയാൻ പ്രവർത്തകരും നാട്ടുകാരും കൂടി. ചായകുടി തീർന്നപ്പോൾ പൊടിമഴ. കയറി നിൽക്കാനൊന്നും സമയമില്ല. കഴുത്തിലെ ഷാളെടുത്ത് തലയിൽക്കെട്ടി നടന്നുതുടങ്ങിയപ്പോൾ പ്രവർത്തകരും മഴയെ വകവയ്ക്കാതെ മുന്നോട്ട്. പള്ളിവിളയിലെ വോട്ടഭ്യർത്ഥനയ്ക്കിടെ 90 വയസുവരുന്ന ലളിതമ്മയെ ഷാളണിയിച്ച് ഇരുതോളിലും പിടിച്ച് വോട്ട് ചോദിച്ചപ്പോൾ 'വോട്ട് എപ്പഴും കാൺഗ്രസിനു തന്നെ'എന്ന് പറഞ്ഞ് പല്ലില്ലാത്ത മോണ കാട്ടി സ്ഥാനാർത്ഥിക്കൊരു സുന്ദരൻ ചിരികൊടുത്തു.
കാവല്ലൂരിൽ നിന്ന് നേരേ മണ്ണാമൂലയിലേക്ക്. കവലയിലെ കടകളിലും വീടുകളിലും കയറി വോട്ടഭ്യർത്ഥന. അതിനിടെ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസ് കണ്ടപ്പോൾ അവിടെയും കയറി. തൊഴുകൈയും ചിരിയുമായി ഹൃദ്യമായ സ്വീകരണത്തോടെ എൽ.ഡി.എഫ് പ്രവർത്തകർ സ്ഥാനാർത്ഥിക്കടുത്തേക്കു വന്ന് തികഞ്ഞ രാഷ്ട്രീയമാന്യത കാട്ടി.
മരുതംകുഴിയിൽ മരണവീട് സന്ദർശിച്ചശേഷം തിരക്കേറിയ അമ്പലംമുക്ക് ജംഗ്ഷനിലെ കടകളിൽ വോട്ടഭ്യർത്ഥന. ഉച്ചയ്ക്കുശേഷം വാഹനപര്യടനം ഉള്ളതിനാൽ തിരക്കിട്ടായിരുന്നു പ്രചാരണം. കുറവൻകോണത്ത് മരണവീട്ടിലും ക്രിസ്റ്റ്യൻ പള്ളിയിലും പോയി. പിന്നീട് കുടപ്പനക്കുന്ന് മരിയനഗർ കോൺവെന്റിലേക്ക്. ഓഫീസ് മുറിയിൽ ലഘു സ്വീകരണം. മദർ സുപ്പീരിയർ സൂസനോടും സിസ്റ്റർമാരോടും വോട്ടഭ്യർത്ഥന. അപ്പോഴേക്കും കുടപ്പനക്കുന്ന് വാർഡിലെ കോൺഗ്രസ് പ്രവർത്തകരും കോൺവെന്റിലെത്തി. നേരത്തെ തീരുമാനിച്ചപ്രകാരം സമീപത്തെ ലക്ഷംവീട് കോളനിയിലും പുല്ലുവിള മിച്ചഭൂമിയിലും പോകേണ്ടതുണ്ട്. പക്ഷേ സമയം രണ്ടുമണിയാകാൻ പോകുന്നു. മൂന്നരയ്ക്ക് വാഹനപര്യടനവുമുണ്ട്. തീരുമാനിച്ച ഷെഡ്യൂൾ പിറ്റേന്നത്തേക്കു മാറ്റി സ്ഥാനാർത്ഥി ഭക്ഷണത്തിനും വിശ്രമത്തിനുമായി നാലാഞ്ചിറയിലെ വീട്ടിലേക്ക്. ഉച്ചവരെയുള്ള തിരക്കിട്ട പ്രചാരണത്തിന്റെ ക്ഷീണം മുഖത്തു കാണാം.
കുറവൻകോണം അമ്പലനഗറിൽ നിന്നായിരുന്നു വാഹനപര്യടനത്തിന്റെ തുടക്കം. പട്ടം മണ്ഡലത്തിലെ വോട്ടർമാരെ അഭിവാദ്യം ചെയ്ത് പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി രാത്രി ഒമ്പതരയോടെ പര്യടനം കേശവദാസപുരത്ത് സമാപിച്ചു.