വക്കം: ജൈവ പച്ചക്കറി കൃഷിയിൽ നൂറൂമേനി വിളവുമായി വക്കം കൃഷിഭവനും ഗ്രാമ പഞ്ചായത്തും. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം പതിനായിരം പച്ചക്കറി തൈകളാണ് കൃഷിഭവൻ വഴി വിതരണം ചെയ്തത്. തക്കാളി, പയർ, വെണ്ട, വഴുതന, കത്തിരി തുടങ്ങിയവയ്ക്കൊപ്പം വാഴയും, മരച്ചീനിയും കൃഷി ചെയ്തു. കൃഷി ഭവനിൽ നിന്നും പച്ചക്കറി തൈകൾ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും നൽകി. കഴിഞ്ഞ ദിവസം രണ്ടാം വാർഡിൽ ഒന്നര ഏക്കർ സ്ഥലത്ത് ജെ.എൽ.ജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവിടെ കൃഷി നടത്തിയത്. ജൈവ കൃഷി രീതിയാണ് അവലംബിച്ചത്. കളകളെയും കീടങ്ങളെയും നശിപ്പിക്കുന്നതിനു നാടൻ സാങ്കേതിക വിദ്യകൾ മാത്രം. അതുകൊണ്ട് തന്നെ വിഷരഹിത പച്ചക്കറി എന്ന ആശയം നടപ്പിലാക്കാനും കഴിഞ്ഞു. വിഷരഹിത പച്ചക്കറിയായതിനാൽ വാങ്ങാൻ ഏറെപ്പേരുണ്ട്. പഞ്ചായത്ത് കാര്യാലയത്തിനോട് ചേർന്ന് ഒരു വിപണന കേന്ദ്രവും തുറന്നിട്ടുണ്ട്. വിളവെടുപ്പ് മഹോത്സവത്തിൽ വാർഡ് അംഗം നൗഷാദ്, കൃഷി ഭവനിലെ ഉദ്യോഗസ്ഥരായ ഷീല, വൈശാഖ് എന്നിവരും കൃഷി ഏറ്റെടുത്ത ഗ്രൂപ്പംഗങ്ങളും പങ്കെടുത്തു.