രാജ്യത്തിന്റെ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ പരമാധികാരം പോലെ സുപ്രധാനമാണ് സാമ്പത്തികമായ പരമാധികാരം. സാമ്പത്തികാധികാരം ഉത്പാദനം, വാണിജ്യം, വ്യവസായം, കയറ്റുമതി, ഇറക്കുമതി തുടങ്ങി വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്. ഒന്നു മറ്റൊന്നിൽ നിന്നും വേറിട്ടു കാണാൻ കഴിയാത്തവണ്ണം പരസ്പരം കടപ്പെട്ടിരിക്കുന്നു. ഇന്ത്യ രാജ്യാന്തര വാണിജ്യ കരാറിൽ ഏർപ്പെടുമ്പോഴും അതിനായി തയാറാക്കുന്ന കരാറിലെ വ്യവസ്ഥകൾ ബാധിക്കുന്നത് കയറ്റുമതി, ഇറക്കുമതി, വാണിജ്യ- വ്യവസായ, കാർഷിക ഉത്പാദനം, ക്ഷീരമേഖല, മത്സ്യമേഖല, പരമ്പരാഗത വ്യവസായങ്ങൾ തുടങ്ങി സർവ മേഖലകളെയുമാണ്. രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിന്റെ അടിസ്ഥാന ശിലകളയെല്ലാം ബാധിക്കുന്നതാണ് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ അഥവാ ആർ.സി.ഇ.പി. ബ്രൂണ, കംബോഡിയ, ഇന്തോനേഷ്യ, ലയോസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലാൻഡ്, വിയ്റ്റനാം, മ്യാൻമാർ എന്നീ 10 തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും അവരുടെ സ്വതന്ത്ര വ്യാപാര കരാർ പങ്കാളികളായ ചൈന, ജപ്പാൻ , ഇന്ത്യ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളും തമ്മിലുണ്ടാക്കുന്ന മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും അതീവ ഗുരുതരവുമാണ്. ഘട്ടംഘട്ടമായി രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിൽ വിള്ളലുണ്ടാക്കാൻ പര്യാപ്തമായ വ്യവസ്ഥകൾ പ്രത്യക്ഷമായും പരോക്ഷമായും ആർ.സി.ഇ.പി കരാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ.
ഉപഭോക്തൃ രാജ്യമായ ഇന്ത്യയിലെ കമ്പോള സാദ്ധ്യത സംബന്ധിച്ച് ശരിയായ ധാരണയുളള ലോകരാജ്യങ്ങൾ ഇന്ത്യയുമായി വാണിജ്യക്കരാറിൽ ഏർപ്പെടാൻ അതീവ തത്പരരാണ്. രാജ്യാന്തര കരാറുകളിൽ ഏർപ്പെടുന്ന രാജ്യങ്ങൾ പ്രഥമപരിഗണന നൽകുന്നത് രാജ്യതാത്പര്യത്തിനും രാജ്യത്തിന്റെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും കരാർ എങ്ങനെ പ്രയോജനപ്രദമാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന കരാർ സംബന്ധിച്ച് പാർലമെന്റിന് പോലും അറിവു നൽകുന്നില്ലെന്നതാണ് ഏറെ ഗൗരവതരം. കരാറിനെ സംബന്ധിച്ച് സർക്കാർ അനുവർത്തിക്കുന്ന രഹസ്യസ്വഭാവം ജനാധിപത്യ മര്യാദകൾക്കും കാലങ്ങളായി പിന്തുടർന്നു വരുന്ന കീഴ്വഴക്കങ്ങൾക്കും എതിരാണ്. രാജ്യാന്തര കരാറുകളെ സംബന്ധിച്ച് പാർലമെന്റിന്റെ അംഗീകാരം വേണമെന്ന് ഭരണഘടനയിൽ വ്യക്തമായ വ്യവസ്ഥകളില്ലെന്ന ന്യായീകരണം മാത്രമാണ് സർക്കാരിന്റെ മറുപടി.
മന്ത്രിതല ചർച്ചകൾ സജീവമായി പുരോഗമിക്കുമ്പോൾ കരാറിന്റെ കാതലെന്തെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയില്ല എന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ന്യൂനതയാണ്. ഇത് സംബന്ധിച്ച് പൊതുസമൂഹത്തിൽ ഗൗരവകരമായ ചർച്ച ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് സർക്കാർ വിഷയത്തെ ലളിതവത്കരിക്കുന്നത്. ഭരണഘടനാ വ്യവസ്ഥയെക്കാൾ പ്രധാനം കരാറിന്റെ പരിണതഫലം അനുഭവിക്കേണ്ടി വരുന്ന ജനങ്ങളുടെ വിശ്വാസമാണ്. പരിഷ്കൃത രാജ്യങ്ങളിലും സമൂഹത്തിലും രാജ്യാന്തര കരാറുകളിൽ ഏർപ്പെടുന്നതിനു മുമ്പ് കരാറുകളെ സംബന്ധിച്ച് പൊതുചർച്ച നടക്കുന്നു. രാജ്യനന്മയ്ക്ക് കരാർ എത്രമാത്രം ഗുണപ്രദമാണെന്ന് ജനങ്ങൾ വിലയിരുത്തുന്നു. വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ വിശ്വാസം ഉറപ്പിച്ചശേഷമാണ് കരാറുകളിൽ ഒപ്പുവയ്ക്കുന്നത്. എന്നാൽ ഇന്ത്യയിൽ ചർച്ചയ്ക്ക് വഴിയൊരുക്കുന്നില്ല. വിഷയം രഹസ്യമായി കൈകാര്യം ചെയ്യുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ആഭ്യന്തര ഉത്പാദനവും വിപണനവും തകർക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ദോഷകരമായ കരാറിൽ ഒപ്പിടാൻ എന്തിനാണ് കേന്ദ്ര സർക്കാർ ധൃതികൂട്ടുന്നത് ?
ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയും വിവരങ്ങളും പുറത്തു വന്നിരിക്കുന്നു. ഇന്ത്യൻ വാണിജ്യ വ്യവസായ രംഗത്തെ ഏറ്റവും സമ്പന്നരായ ആദ്യത്തെ പത്തുപേരുടെ ആസ്തിയിൽ മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഉണ്ടായിട്ടുളള വർദ്ധന പരിശോധിച്ചാൽ സർക്കാരിന്റെ താത്പര്യം വ്യക്തമാകും. ഇവരെല്ലാം സ്വന്തം സാമ്രാജ്യം രാജ്യത്തിന് പുറത്ത് വ്യാപിപ്പിച്ചിട്ടുളളവരാണ്. പൊതുസ്വത്തായ ഖനന ക്വാറി മേഖലകളിൽ ഉൾപ്പെടെ താത്പര്യമുളളവർ. ഈ വമ്പൻ സ്രാവുകളുടെ വളർച്ചയ്ക്ക് മാത്രം ഊന്നൽ നൽകി രാജ്യത്തെ കർഷകരും സാധാരണക്കാരും ഉൾപ്പെടുന്ന ബഹുഭൂരിപക്ഷത്തെ ഇവരുടെ ഇരകളാക്കി മാറ്റുന്ന അതീവ ദോഷകരമായ വ്യവസ്ഥകളാണ് ആർ.സി.ഇ.പി കരാറിലുള്ളത്. ഇന്ത്യയിലെ 60 ശതമാനം വരുന്ന ജനങ്ങൾ ആശ്രയിക്കുന്ന കാർഷിക ക്ഷീരമേഖലയെയും സമാനമായ സാധാരണക്കാരന്റെ ജീവനോപാധികളെയും വമ്പന്മാരുടെ താത്പര്യത്തിനു വേണ്ടി അടിയറവു നൽകുന്ന ആർ.സി.ഇ.പി കരാർ ഒപ്പുവയ്ക്കുന്നതിൽ സർക്കാർ പുനർചിന്തനം നടത്തണം.
കരാറിനെ സംബന്ധിച്ച് ആശങ്കയും പ്രതിഷേധവും ഉയർത്തുന്നത് പാർലമെന്റംഗങ്ങളോ പ്രതിപക്ഷ കക്ഷികളോ മാത്രമല്ല. ബി.ജെ.പി മുഖ്യമന്ത്രിമാരും ആർ.എസ്.എസ് തലവനും അതിന്റെ പോഷക സംഘടനകളും പ്രത്യക്ഷസമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നു. ഭരണകക്ഷിയിലുള്ളവരേയും പോലും ബോദ്ധ്യപ്പെടുത്താൻ കഴിയാത്തവണ്ണം അതീവ ദോഷകരമായ വ്യവസ്ഥകൾ കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യതാത്പര്യത്തേക്കാൾ കൂടുതൽ ചിലരുടെ കച്ചവട താത്പര്യമാണ് സർക്കാരിനെ കരാറിലേക്ക് നയിക്കുന്നത്.
ആർ.സി.ഇ.പി കരാറിലേർപ്പെടുന്ന 16 രാജ്യങ്ങൾ ഉൾക്കൊളളുന്ന മേഖല 2050 ഓടെ ലോകത്തിലെ ഏറ്റവും പ്രബലമായ സ്വതന്ത്രവ്യാപാര മേഖലയായും സമ്പദ്ഘടന നിയന്ത്രിക്കുന്ന ശക്തിയായും മാറുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനം ഈ മേഖലയിലായിരിക്കും. അതിൽ പകുതിയോളം ഇന്ത്യയുടെയും ചൈനയുടെതുമാകുമെന്നാണ് കണക്കുകൾ. കരാറിൽ ഇന്ത്യയുടെ പ്രാധാന്യവും പ്രാമുഖ്യവും വിളിച്ചറിയിക്കുന്നതാണ് ഇത് സംബന്ധിച്ച പഠനങ്ങൾ. ഇന്ത്യയുടെ താത്പര്യങ്ങൾ പൂർണമായും സംരക്ഷിക്കുന്നതും രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും ഗുണകരമായതുമായ വ്യവസ്ഥകൾ ഉറപ്പുവരുത്താതെ കരാറിൽ ഒപ്പുവയ്ക്കുന്നത് ഭാവിയിൽ രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കും. കരാറുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ ആശങ്കാജനകമാണ്. ഉത്പാദന-വാണിജ്യ-വ്യാപാര മേഖലകളെ നേരിട്ടു ബാധിക്കുന്ന വ്യവസ്ഥകളാണ്. രാജ്യാന്തര വാണിജ്യ വ്യാപാര മേഖല ഉദാരവത്കരിക്കാൻ തീരുവ നികുതി ഉൾപ്പെടെ ഒട്ടനവധി ഇളവുകൾക്ക് ഇന്ത്യ നിർബന്ധിതമാകും. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി 60 ബില്യൺ ഡോളറാണ്. നിലവിൽ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലുണ്ടാക്കിയ സ്വാധീനത്തെ അതിജീവിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഉദാരവത്കരണത്തിന്റെ 27 വർഷങ്ങൾ കൊണ്ടുണ്ടായ വിടവ് നികത്താൻ പോലും കഴിയാത്ത സാഹചര്യത്തിൽ കൂടുതൽ ഉദാരവത്കരണത്തിന് വ്യവസ്ഥ ചെയ്യുന്ന ആർ.സി.ഇ.പി കരാർ ആഭ്യന്തര ഉത്പാദനത്തിന്റെയും വിപണിയുടെയും നട്ടെല്ലൊടിക്കും. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ വളർച്ചാ നിരക്കിനെ രാജ്യം അഭിമുഖീകരിക്കും. ശാക്തീകരണത്തിന്റെ മാർഗ്ഗം സ്വീകരിക്കേണ്ട ഈ സമയത്ത് ആർ.സി.ഇ.പി കരാറിലൂടെ ശിഥിലീകരണത്തിന്റെ പാതവെട്ടിത്തെളിച്ചാലുണ്ടാകുന്ന ഗുരുതരവാസ്ഥ കേന്ദ്രസർക്കാർ കണക്കിലെടുക്കണം.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്തൃ രാജ്യമായ ഇന്ത്യയെ പങ്കാളിയാക്കുന്ന സ്വതന്ത്ര വ്യാപാര കരാറിലെ അപകടത്തെ തിരിച്ചറിയണം. കൂടുതൽ ഉദാരമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വിപണിയുടെ വാതിലുകൾ മലർക്കെ തുറന്നിട്ടാലുണ്ടാകുന്ന ആപത്ത് ഗുരുതരമാണ്. അനിയന്ത്രിതമായ ചൈനയിലെ ഇറക്കുമതി മൂലം ഇന്ത്യയിലെ ആഭ്യന്തര വിപണിയും ഉദ്പാതനവും കുറയും. തൊഴിലില്ലായ്മ ക്രമാതീതമാകും. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരകമ്മി കുതിച്ചുയരും. കൂടിയാലോചനയിലൂടെ ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ ഉറപ്പ് അപ്രസക്തമാണ്.
ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ ഇന്ത്യൻ ക്ഷീരമേഖലയിലാണ് കണ്ണുനട്ടിരിക്കുന്നത്. പാൽ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുമതി ലഭിച്ചാൽ ക്ഷീരകർഷകരുടെ നിലനിൽപ്പ് അപകടത്തിലാകും. പാലിലും പാൽ ഉത്പന്നങ്ങളിലും രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന അമൂലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ.എസ്. ബോധിയുടെ വിലയിരുത്തലുകൾ ഞെട്ടിക്കുന്നതാണ്. ഇന്ത്യൻ ആഭ്യന്തര വിപണിയിൽ സ്കിമ്മ്ഡ് മിൽക്ക് പൗഡറിന്റെ (SMP) വില കിലോയ്ക്ക് 280-300 രൂപയാണ്. ആഭ്യന്തര വിപണിയിൽ വില 150-160 രൂപയാണ്. സ്വതന്ത്ര വ്യാപാര കരാറിലൂടെ എസ്.എം.പി ഇറക്കുമതി ചെയ്യാൻ അനുവദിച്ചാൽ പാൽ ഉത്പന്നങ്ങളുടെ വില പകുതിയായി കുറയും. വാണിജ്യ വകുപ്പ് കരാറുമായി മുന്നോട്ടു പോകുമ്പോൾ റവന്യൂ സാമ്പത്തികകാര്യ വകുപ്പുകൾ ഉയർത്തുന്ന വിമർശനങ്ങൾ പോലും ഉൾക്കൊള്ളുന്നില്ല. ഉൽപ്പത്തി സ്ഥാന ചട്ടങ്ങൾ (Rules for place of origin), മൂല്യവർദ്ധിത ഉത്പന്നത്തെ സംബന്ധിച്ച നിബന്ധനകൾ എന്നിവ ലംഘിക്കുന്നത് സംബന്ധിച്ചാണിത്.
രാജ്യാന്തര കരാറുകളെ പൂർണമായി എതിർക്കുകയല്ല. എന്നാൽ അത്തരം കരാറുകളിലൂടെ രാജ്യതാത്പര്യം തകർക്കപ്പെടുമ്പോൾ അതിനെതിരെ ശബ്ദിക്കാതിരിക്കാനാവില്ല. ഇന്ത്യ നാളിതുവരെ പങ്കാളിയായിട്ടുള്ള രാജ്യാന്തര കരാറുകളെ സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. ഏതെല്ലാം കരാറുകൾ രാജ്യത്തിനും ജനത്തിനും ഗുണകരമാണെന്ന് വെളിപ്പെടുത്തണം. ദോഷകരമായ കരാറുകൾ രാജ്യത്തിനുണ്ടാക്കിയ നഷ്ടം വിലയിരുത്തണം. ആർ.സി.ഇ.പി കരാർ വ്യവസ്ഥകൾ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കണം. ചില കയറ്റുമതിക്കാരുടെ താത്പര്യത്തിനും സമ്മർദ്ദത്തിനും വേണ്ടി ബഹുഭൂരിപക്ഷം വരുന്ന കർഷകരെയും സാധാരണക്കാരെയും തൊഴിലില്ലായ്മയിൽ നട്ടംതിരിയുന്ന യുവാക്കളെയും വിസ്മരിക്കരുത്.