img

വർക്കല: ഇടവ എം.ആർ.എം.കെ.എം.എച്ച് .എസ് എസിൽ ലോക പോസ്റ്റൽ ദിനം ആചരിച്ചു. സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ആയിരത്തി ഇരുന്നൂറ്റി അമ്പതോളം കുട്ടികൾ ഒരേസമയം പോസ്റ്റ്‌ കാർഡിൽ ഇംഗ്ലീഷ് കത്തെഴുതി.

ഓരോ ക്ലാസ്സിലും രണ്ട് കുട്ടികൾ വീതം പോസ്റ്റ്‌മാൻമാരായി. ക്ളാസുകളിൽ സജ്ജീകരിച്ച പോസ്റ്റ്‌ ബോക്സുകളിൽ കുട്ടികൾ കത്തുകൾ നിക്ഷേപിച്ചു. തുടർന്ന് പോസ്റ്റ്‌മാൻമാർ സ്കൂൾ പോസ്റ്റ് ഓഫീസിലേക്ക് കത്തുകൾ എത്തിക്കുകയും അവിടെ വച്ച് തരംതിരിച്ച് മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തു.

ഇടവ പോസ്റ്റ് മാസ്റ്റർ സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ തരം പോസ്റ്റ് ബോക്സുകളെ കുറിച്ചും കത്തുകളെ കുറിച്ചും അദ്ദേഹം ക്ലാസ്സ് എടുത്തു. സ്കൂൾ ഇൻ ചാർജ് അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ വിദ്യ, സുനിത, സജിത, ജോയൽ, ലക്ഷ്മി, ലഞ്ജു എന്നിവർ പങ്കെടുത്തു. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ പ്രമോദ് സ്വാഗതവും അദ്ധ്യാപകൻ സൂരജ് നന്ദിയും പറഞ്ഞു.